മാധവം. 9

 

(ഭാഗം. 2)

കഴിഞ്ഞ എഴുത്തിൽ നമ്മൾ പറഞ്ഞുവച്ചത് ഒരു യാത്രയെ കുറിച്ചായിരുന്നു.
വലിയൊരു സിനിമയിലേക്കുള്ള യാത്ര.
ചെമ്മീൻ എന്ന സിനിമയിലേക്ക്.

രാമുകാര്യാട്ടിന് ഈ ഈ സിനിമയെ കുറിച്ചു വലിയ സ്വപ്നങ്ങളായിരുന്നു.
വലിയ ക്യാൻവാസിൽ തന്നെയാണ് അദ്ദേഹം ആ സ്വപ്നങ്ങളെല്ലാം നെയ്തു കൂട്ടിയതും.
മനസ്സിൽ മാത്രമടക്കി, ഒരിക്കലും സാക്ഷാത്കരിക്കാനാകാത്ത സ്വപ്നങ്ങളായിരുന്നില്ല രാമുകാര്യാട്ടിന്റേത്.
അതു നിർമ്മാതാവായ ബാബുസേട്ടുമായി ചർച്ചചെയ്യുകയും നടപ്പിൽ വരുത്താൻ പരിശ്രമിക്കുകയുമായിരുന്നു.
ആദ്യമായി അവർ ചിന്തിച്ചതും തീരുമാനിച്ചതും നിലവിൽ തുടർന്നുവന്ന വെളുപ്പിലും കറുപ്പിലും എന്നതിൽ മാത്രം ഒതുങ്ങി നിന്ന സിനിമയെ വിവിധ നിറങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ എത്തിക്കുക എന്നതായിരുന്നു.
ഇരുവർക്കും ഒരേമനസ്സെന്നതിനാൽ അതെളുപ്പമായി.
ആദ്യ കടമ്പ.
അടുത്തത് പ്രധാന വേഷങ്ങളിൽ എത്തുന്നവരെ തിരഞ്ഞെടുക്കുക എന്ന ശ്രമകരമായ വിഷയം.
മുൻപ് പറഞ്ഞുപോയതും, അക്കാലത്തു നിറഞ്ഞു നിന്നതുമായ രണ്ടു നായക നടന്മാർ നസീറും സത്യനുമായിരുന്നുവല്ലോ.
ഒരുപക്ഷേ പളനിയുടെ വേഷം അതി ഗംഭീരമാക്കാൻ, രൂപം കൊണ്ടും ഭാവം കൊണ്ടും ശൈലി കൊണ്ടും സത്യൻ തന്നെയാണ് മികച്ചതെന്ന ബോധ്യമാകാം നറുക്ക് സത്യനു തന്നെ.
പക്ഷേ ചെമ്മീൻ എന്ന സിനിമയെ പൂർണ്ണമായി കൊണ്ടുപോകുന്നതും, അതി വൈകാരിക തലത്തിൽ കഥാഗതിയെ നിയന്ത്രിക്കുന്നതും, പ്രേക്ഷക മനസ്സിൽ നീറ്റലുണ്ടാക്കുന്നതുമെല്ലാം കരക്കാർ കൊച്ചു മുതലാളിയെന്നു വിളിക്കുന്ന പരീകുട്ടി തന്നെ.
ചില ആലോചനകൾ ചുറ്റി തിരിഞ്ഞെങ്കിലും പരീകുട്ടിയാകാൻ ആ ഘട്ടത്തിൽ തീർത്തും യോഗ്യനായയാൾ മധുസാർ തന്നെയായിരുന്നു.
അതിന് ഒരുപാട് ഘടകങ്ങൾ ഉപോത്പലകമായി ചൂണ്ടി കാണിക്കാൻ കഴിയുമെങ്കിലും വിസ്താരഭയം മൂലം തത്കാലം അതിലേക്ക് ഈ ഘട്ടത്തിൽ കടക്കുന്നില്ല.
അടുത്ത കഥാപാത്രം കറുത്തമ്മയാണ്.
കറുത്തമ്മയായി ആദ്യം തീരുമാനിക്കപ്പെട്ടത് അംബിക (പഴയ) തന്നെയായിരുന്നു.
#നിണമണിഞ്ഞകാൽപ്പാടുകൾ മുതൽ നമ്മൾ ഇതുവരെ എഴുതിയ മിക്ക സിനിമകളിലേയും നായിക അംബിക തന്നെയായിരുന്നുവെന്നോർക്കുമല്ലോ.
പക്ഷേ സിനിമയാണ്,
നമ്മൾ കണക്കുകൂട്ടുന്ന ആൾ ആ സിനിമയിൽ എത്തണമെന്നില്ല, അതിനു പല കാരണങ്ങൾ ഉണ്ടാകും..
അതേപോലെ, ഈ സിനിമയിൽ #ചെമ്മീനിൽ കറുത്തമ്മയായി എത്തിയത് അംബികയായിരുന്നില്ല.
മറിച്ചു തൃശൂർ, കണിമംഗലംകാരി ഷീലാ സെലിനായിരുന്നു.
ഷീലാ സെലിന്റെ ആദ്യചിത്രം സാക്ഷാൽ എം ജി ആറിനൊപ്പമായിരുന്നു.
#പാശം എന്ന ചിത്രത്തിൽ.
അന്ന് അദ്ദേഹമാണ് ഷീലാ സെലിനെ സരസ്വതിദേവി എന്നു പേരിട്ടു സിനിമയിൽ കൊണ്ടുവന്നത്.
പക്ഷേ മധുസാറിനെ കുറിച്ചു മുൻപ് പറഞ്ഞുപോയപോലെതന്നെയായിരുന്നു, ആദ്യ പുറത്തിറങ്ങിയ ചിത്രം മറ്റൊന്നായിരുന്നു.
#ഭാഗ്യജാതകം എന്ന മലയാള ചിത്രം.
പി. ഭാസ്കരൻ മാഷു തന്നെ കഥയെഴുതി നിർമ്മാണവും സംവിധാനവും നിർവഹിച്ച ചിത്രമായിരുന്നു ഭാഗ്യജാതകം. ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് മലയാളികളുടെ പ്രിയ നടൻ ജഗതിയുടെ പിതാവായ ജഗതി എൻ കെ ആചാരിയായിരുന്നു.

ഈ സിനിമയിൽ അഭിനയിക്കാൻ വന്ന സരസ്വതിദേവിയുടെ പേരു മാറ്റി #ഷീല എന്നാക്കിയത് ഭാസ്കരൻ മാഷായിരുന്നു.
ഷീലയുടെ ആദ്യ ചിത്രമായിരുന്നു ഭാഗ്യജാതകം.

ഈ അവസരത്തിൽ മറ്റൊരു കാര്യം കൂടി ഓർത്തുപോകുന്നു.
ഈ #മാധവം എന്ന എഴുത്തിന്റെ ആദ്യത്തിൽ, തിരനോട്ടത്തിൽ മാധവൻനായർ എന്ന നടനെ മധുവെന്നു നാമകരണം ചെയ്തത് തിക്കുറിശ്ശി ആയിരുന്നുവെന്നു സൂചിപ്പിച്ചിരുന്നു. പക്ഷേ അതിൽ പിശകുപറ്റിയിട്ടുണ്ടെന്നും തിക്കുറിശ്ശി അല്ല മറിച്ചു പി ഭാസ്കരൻ മാഷാണ് മാധവൻനായരെ മധുവിലേക്ക് മാറ്റപ്പെടുത്തിയതെന്നും മധുസാർ സ്നേഹപുരസ്സരം ഞങ്ങളെ ഓർമ്മിപ്പിച്ചിട്ടുണ്ട്.
തെറ്റുപറ്റിയതിൽ ഖേദിക്കുന്നു.
ഈ എഴുത്തു പൂർണ്ണമായി വായിച്ചു പോകുന്നുണ്ട് മധുസാർ.
ഞങ്ങളുടെ വരയും വാക്കും അദ്ദേഹവും ആസ്വദിക്കുന്നുവെന്നറിയുന്നതിൽ സന്തോഷം.
ആ നോട്ടം ഞങ്ങളെ കുറച്ചുകൂടി നേരിലേക്കുള്ള വഴിയിലെത്തിക്കുന്നുണ്ട്.
എഴുത്തിന്റെ വഴിയിൽ കുറച്ചൂടെ സത്യസന്ധതപാലിക്കുവാനും, വരകളിൽ കൂടുതൽ ക്രിയാത്മകത നിലനിർത്താനും മധുസാറിന്റെ ഈ വായനയിലൂടെ ഞങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്

വീണ്ടും ഷീലയിലേക്ക്.
മൂടുപടത്തിലും നിണമണിഞ്ഞ കാൽപ്പാടുകളിലും കുട്ടികുപ്പായത്തിലുമെല്ലാം ഷീലയെ നമ്മൾ സ്പർശിച്ചുപോയിട്ടുണ്ടെങ്കിലും ചെമ്മീൻ ഏറെ വ്യത്യസ്തമാണ്.
ഒരുപക്ഷേ ഷീലയെ ഷീലയാക്കിയത് ചെമ്മീനെന്നു വിശേഷിപ്പിച്ചാലും തെറ്റില്ല.
ഇനി വരുന്ന പല സിനിമകളിലും ഷീല അവിഭാജ്യഘടകമെന്നതു കൊണ്ടാണ് ഇത്രയും പറഞ്ഞുപോയത്.
ചെമ്മീൻ എന്ന സിനിമയെ പ്രധാനപ്പെട്ട നാലു കഥാപാത്രങ്ങളിൽ മൂന്നുപേരെ കുറിച്ചു പറഞ്ഞുപോയി.

ഇനിയാണ് നാലാമൻ.
ഏറെ പ്രധാനമായ കഥാപാത്രം.
വ്യത്യസ്ത തലങ്ങളിലൂടെ കടന്നു പോകുന്ന ചെമ്പൻകുഞ്ഞിനുവേണ്ടി അധികമൊന്നും തിരയേണ്ടി വന്നില്ല..
അതായിരുന്നു കൊട്ടാരക്കര ശ്രീധരൻ നായർ.
പുതിയ തലമുറയ്ക്ക് വ്യക്തമാകാൻ ഒന്നൂടെ പറയാം.
മൈ ഡിയർ കുട്ടിചാത്തനിലെ മന്ത്രവാദി.
നടൻ സായികുമാറിന്റെ അച്ഛൻ.
അല്ല, ഒരു തിരുത്തൽ വേണ്ടിയിരിക്കുന്നു,
കൊട്ടാരക്കര ശ്രീധരൻ നായരുടെ മകനാണ് നടൻ സായികുമാറെന്ന്.
പ്രധാന കഥാപാത്രങ്ങളായ നാലുപേരെയും നിശ്ചയിക്കുന്നു.

അങ്ങിനെ ആ കടമ്പയും കടക്കുന്നു.
തീർന്നില്ല,
ഇനിയാണ് മറ്റു സാങ്കേതിക പ്രവർത്തകരിലേക്കുള്ള പോക്ക്...
അതിതിലും രസകരമാണ്...
ആ വിശേഷങ്ങൾ അടുത്ത എഴുത്തിൽ.
ചെമ്മീൻ വിശേഷങ്ങൾക്കായി കാത്തിരിക്കുമല്ലോ..

വര : പ്രദീപ്
എഴുത്ത് : അനിൽ

Comments

Popular Posts