മാധവം. 10

 

(ഭാഗം 3)

രാമുകാര്യാട്ടും ബാബുസേട്ടും അത്യുത്സാഹത്തിലാണ്. ഇതുവരെ മലയാളസിനിമ കാണാത്ത തരത്തിലൊരു വിസ്മയം തീർക്കാനുള്ള പടവുകൾ ഓരോന്നോരോന്നായി ചവിട്ടി കയറുകയാണവർ.

വേണമെങ്കിൽ അതുവരെ നിലവിലുണ്ടായിരുന്ന തനതുരീതിയിൽ ഈ ചിത്രം പുറത്തിറക്കാൻ കഴിയാവുന്നതേയുള്ളൂ.
പക്ഷേ അതല്ല അവരുടെ സ്വപ്നം.
സിനിമ നിലനിൽക്കും കാലത്തോളം ചർച്ച ചെയ്യപ്പെടാൻ ഉതകും മട്ടിലൊരു ചിത്രം.
അതായിരുന്നവരുടെ ചിന്ത.
ആ സ്വപ്ന സാക്ഷാത്കാരത്തിനായി ഏതറ്റം വരെ പോകുവാനും ഇരുവരും സന്നദ്ധരായിരുന്നുവെന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും.

തിരക്കഥ, സംഭാഷണം..
അതൊരു വെല്ലുവിളി തന്നെയായിരുന്നു.
തകഴിയുടെ ഏറ്റവും മനോഹരമായ ഈ നോവലിനു സിനിമാ ഭാഷ്യം ചമയ്ക്കുകയെന്നത് നിസ്സാര കാര്യമല്ല.
അതിന്റെ സത്ത ഒട്ടും ചോരാതെ, ആ സംസ്കാരം ഉൾക്കൊണ്ടുള്ള എഴുത്ത്. ഒരുപക്ഷേ ഈ സിനിമയുടെ ഗതി നിശ്ചയിക്കുന്നതുപോലും ഈ വരികളിലായിരിക്കും എന്നവർക്ക് കൃത്യമായിരുന്നു.

ആ അന്വേഷണം ചെന്നെത്തിയത് വിപ്ലവം ചങ്കിലേറ്റിയ പ്രിയ സഖാവിൽ തന്നെയായിരുന്നു.
കേവലം പതിമൂന്നാം വയസ്സിൽ പാർട്ടിക്കുവേണ്ടി വിപ്ലവഗാനങ്ങൾ എഴുതിയ, പതിനേഴാം വയസ്സിൽ 'കുടിയിറക്ക്' എന്ന ആദ്യ നാടകത്തിലൂടെ നാടകരംഗത്തേക്ക് കടന്നുകയറി വെന്നിക്കൊടി പാറിച്ച എസ്.എൽ. പുരം സദാനന്ദൻ എന്ന സാക്ഷാൽ എസ്.എൽ.പുരം.
ഇന്നും ഓരോ കാഴ്ച്ചക്കാരന്റെ ഉള്ളിലും ചെമ്മീൻ എന്ന സിനിമ സ്ഥിരപ്രതിഷ്‌ഠ നേടിയിട്ടുണ്ടെങ്കിൽ അതിൽ പ്രഥമ സ്ഥാനം അതിന്റെ തിരക്കഥയ്ക്കും സംഭാഷണ ശകലങ്ങൾ കൊണ്ടുകൂടിയാണ്.

1963 ൽ ശ്രീകോവിൽ എന്ന സിനിമയിലൂടെയാണ് എസ് എൽ പുരം ഈ മേഖലയിൽ എത്തപ്പെടുന്നത്.
പ്രേംനസീറിന്റെ സഹോദരൻ പ്രേം നവാസ് നിർമ്മിച്ച അഗ്നിപുത്രി എന്ന സിനിമയിലൂടെ മലയാളസിനിമയിൽ ആദ്യമായി തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും എസ് എൽ പുരം കരസ്ഥമാക്കുകയുണ്ടായി.

സൂര്യസോമ എന്ന നാടകസംഘത്തെ അറിയാത്ത മലയാളികൾ കാണുമോ?
കാട്ടുകുതിര എന്ന നാടകം ആർക്കു മറക്കാനാകും.
അതേ, എസ് എൽ പുരത്തെ കുറിച്ചെഴുതി തുടങ്ങിയാൽ തീരില്ല.
ചെമ്മീൻ എന്ന സിനിമാ എഴുത്തിലേക്ക് രാമുകാര്യാട്ട്-ബാബുസേട്ട് കണ്ടെത്തൽ കിറുകൃത്യമായി.

ഗാനങ്ങൾ:
തീർച്ചയായും നല്ല പാട്ടുകൾ സിനിമയുടെ ഗതി തന്നെ മാറ്റി മറിച്ചേക്കാം എന്നവർക്ക് വ്യക്തമായിരുന്നു.
കഥയോടും, കഥാപാത്രങ്ങളോടും, കടപ്പുറത്തോടും ചേർന്നു നിൽക്കുന്ന സുന്ദരവരികളെഴുതാൻ അന്ന് വയലാറല്ലാതെ മറ്റാര്!

സംഗീതം:
സംഗീതം മാത്രമല്ല, ചിത്ര സംയോജനവും, ഛായാഗ്രഹണവുമെല്ലാം വ്യത്യസ്തമകണമെന്ന ദൃഢനിശ്ചയത്താൽ, അതുവരെ കേട്ടു തഴമ്പിച്ച രീതികളെ മാറ്റി മറിക്കാൻ അവർ തീരുമാനിച്ചു.
കേരളത്തിനു പുറത്തേക്കവരുടെ യാത്ര തുടർന്നു, ചില കണക്കു കൂട്ടലുകളോടെ തന്നെ.
ഒരു വ്യത്യസ്തനായ സംഗീതജ്ഞൻ അവരുടെ മനസ്സിലുണ്ടായിരുന്നു, മറ്റാരുമല്ല, സലിൽ ചൗധരിയെന്ന സലിൽ ദാ.
'സുഹനാ സഫർ' എന്നു തുടങ്ങുന്ന മധുമതിയിലെ ഗാനം അവരെ അത്രമേൽ
സലിൽ ദായിലേക്കടുപ്പിച്ചിരുന്നു.
പതിനൊന്നു പാട്ടുകളായിരുന്നു, മധുമതിയിൽ..
എല്ലാം ഹിറ്റുകൾ.
ചെമ്മീൻ എന്ന തങ്ങളുടെ സിനിമയ്ക്ക്
സലിൽ ദാ തന്നെ മതിയെന്നവർ തീരുമാനിക്കുന്നു.
സലിൽ ദായുമായി നീണ്ട പാട്ടു ചർച്ചയിൽ ലതാ മങ്കേഷ്ക്കറെയടക്കം പാടിക്കുവാൻ തീരുമാനിക്കുന്നു.

"കടലിനക്കരെ പോണോരെ
കാണാപൊന്നിന് പോണോരെ
പോയ്‌ വരുമ്പോൾ എന്തു കൊണ്ടുവരും
കൈ നിറയെ
പോയ്‌ വരുമ്പോൾ എന്തു കൊണ്ടുവരും"

ഇതായിരുന്നു ലതാജിക്കുള്ള പാട്ട്.
പക്ഷേ നമ്മൾ ഈ പാട്ടു കേട്ടത് ദാസേട്ടനിലൂടെയല്ലേ?
സിനിമയിലും അങ്ങിനെ തന്നെയായിരുന്നു.
അതും രസകരമായ കഥയാണ്...
കഥകൾ ഓരോന്നോരോന്നായി ചുരുൾ നിവർത്തുകയാണ്..
കൂടുതൽ ചെമ്മീൻ വിശേഷങ്ങൾ അടുത്ത എഴുത്തിൽ.
കാത്തിരിക്കുമല്ലോ..

വര : പ്രദീപ്
എഴുത്ത് : അനിൽ


Comments

Popular Posts