മാധവം -62
മാധവം. 62
2009 വരെയുള്ള മധുസാറിന്റെ ചിത്രങ്ങളിലൂടെ നമ്മൾ കടന്നുപോയിട്ട് കുറേനാളുകളായി. അപ്രതീക്ഷിതവും വ്യക്തിപരവുമായ ചില പ്രശ്നങ്ങൾകാരണം ഈ യാത്ര മുടങ്ങിപ്പോയിട്ട് പതിനാലുമാസത്തോളമായി.
ഈ യാത്ര പൂർത്തിയാക്കുക എന്നത് മധുസാറിനു നൽകാൻ കഴിയുന്ന വലിയൊരു ആദരവാണെന്ന തിരിച്ചറിവുണ്ട്. ഇത് പൂർത്തിയാക്കുകതന്നെചെയ്യും. മുടക്കംകൂടാതെ മുന്നോട്ടുപോവാനും പൂർത്തിയാക്കാനും കഴിയുമെന്നും അതിനു് ഇത്രനാൾ ഒരുമിച്ചുനടന്ന നിങ്ങളെല്ലാവരും കൂടെയുണ്ടാവുമെന്നും പ്രതീക്ഷിച്ചുകൊണ്ട് 2010 മുതലുള്ള ചിത്രങ്ങളിലേക്ക് കടക്കാം.
2010 ൽ മധുസാറിന്റെതായ അഞ്ചു ചിത്രങ്ങളാണ് പുറത്തിറങ്ങിയതു്. അവയിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.
#ബ്രഹ്മാസ്ത്രം
ഇടുക്കി സ്വദേശിയായ കെ എം ചാക്കോ എന്ന ക്രൈം ത്രില്ലർ നോവലിസ്റ്റു് ബാറ്റൺബോസ്, പി പ്രകാശ് എന്നിവർചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും. ബെന്നി ആശംസയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതു്.
സൈജു കുറുപ്പ്, മൈഥിലി, ജഗതി ശ്രീകുമാർ, രാജൻ പി ദേവ്, വിജയരാഘവൻ, സുരാജ് വെഞ്ഞാറമ്മൂട്, ധന്യാ മാധവൻ, അബു സലിം എന്നിവർ അഭിനയിച്ച ഈ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷമായിരുന്നു മധുസാറിനു്.
വയലാർ ശരത്ചന്ദ്രവർമ്മ, കെ എസ് ഹരിഹരൻ, അനിൽ വാടാനംകുറിശ്ശി, പി പ്രകാശ് എന്നിവർ രചിച്ച ആറു ഗാനങ്ങളാണു് ഈ ചിത്രത്തിലുള്ളത്. വിജയ് കൃഷ്ണ, ആർ സോമശേഖരൻ എന്നിവരാണ് ഈണം നല്കിയത്. കെ ജെ യേശുദാസ്, എം ജയചന്ദ്രൻ, സുജാത മോഹൻ, വിധു പ്രതാപ്, ശ്വേത മോഹൻ, ജ്യോതിസ് കൃഷ്ണ എന്നിവരാണ് ഗായകർ.
#പത്താം_അദ്ധ്യായം
ഗണേശ് കണ്ണൂരിന്റെ കഥയ്ക്ക് പ്രശസ്തകഥാകാരൻ ശത്രുഘ്നൻ തിരക്കഥയും സംഭാഷണവുമെഴുതി പി കെ രാധാകൃഷ്ണൻ സംവിധാനംചെയ്ത ചിത്രമാണ് പത്താം അദ്ധ്യായം.
മധുസാറിനൊപ്പം മുരളി, സുചിത്ര, ജഗതിശ്രീകുമാര്‍ , ദേവന്‍, ഇന്ദ്രൻസ്, ബാല, ഉദയതാര, കൊച്ചുപ്രേമൻ, ജഗന്നാഥവർമ്മ, പുന്നപ്ര പ്രശാന്ത്,ശ്രീരാജ് കാപ്പാടൻ, കല്‍പ്പന, ബിന്ദുപണിക്കർ, കലാരഞ്ജിനി, ലക്ഷ്മി രാധാകൃഷ്ണൻ, അതുൽ കൃഷ്ണ, മധു വാരിയർ, മനുരാജ്, വെട്ടുക്കിളി പ്രകാശ്, സാദിക്ക്, സുജിത ധനുഷ് , ശോഭ മോഹന്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്.
പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രൻ എഴുതി മോഹൻസിതാര സംഗീതം നൽകിയ മൂന്നു ഗാനങ്ങളുണ്ട് ഈ ചിത്രത്തിൽ. വിധു പ്രതാപ്, ജ്യോത്സ്ന എന്നിവരാണ് ഗായകർ.
#കാര്യസ്ഥൻ
2010ൽ മികച്ച പ്രദർശനവിജയം നേടിയ ഒരു ചിത്രമാണ് കാര്യസ്ഥൻ. സിബി കെ തോമസ്, കെ ഉദയകൃഷ്ണ എന്നിവർ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ച് തോംസൺ സംവിധാനം ചെയ്ത ചിത്രമാണ് കാര്യസ്ഥൻ. തിരക്കഥാകൃത്ത് സിബി കെ തോമസിന്റെ സഹോദരനായ തോംസൺ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. കമ്മത്ത് ആൻഡ് കമ്മത്ത് എന്നൊരു ചിത്രംകൂടി അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
കിഴക്കേടത്ത് കൃഷ്ണവാര്യർ എന്ന ശക്തമായ ഒരു കഥാപാത്രത്തെയാണ് മധുസാർ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അദ്ദേഹത്തെക്കൂടാതെ ദിലീപ്, ബിജുമേനോൻ , സിദ്ദിഖ് , ജഗതി ശ്രീകുമാര്‍ , സലിം കുമാര്‍, ഹരിശ്രീ അശോകൻ, അഖില ശശിധരൻ, മഹിമ നമ്പ്യാര്‍, വന്ദന,ജി കെ പിള്ള, സുരാജ് വെഞ്ഞാറമൂട്, ഗണേഷ് കുമാർ, സന്തോഷ് കെ നായർ , സാദിക്ക്, രാമു, ജനാർദ്ദനൻ, അനൂപ് ചന്ദ്രൻ, മനോജ്, രാജീവ് റോഷൻ, കലാഭവൻ ഷാജോൺ , സുരേഷ് കൃഷ്ണ, ബാബുരാജ് ജേക്കബ് , കലാശാല ബാബു, നിഷാന്ത് സാഗർ, തെസ്‌നി ഖാൻ, ഗായത്രി പ്രിയ, റോസ്‌ലിൻ, രശ്മി സോമൻ, കുക്കു സിംഗ്, ഗീത നായർ, മഞ്ജു തോമസ് , ജിൻഷ, മിനി അരുൺ, ദീപിക, മഞ്ജു സതീഷ്, റിമി ടോമി , നാദിര്‍ഷാ , രഞ്ജുഷ മേനോൻ തുടങ്ങി വലിയൊരു താരനിരയുണ്ട് ഈ ചിത്രത്തിൽ.
കൈതപ്രം എഴുതി ബേണി ഇഗ്നേഷ്യസ് സംവിധാനം ചെയ്ത അഞ്ചു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഇതിൽ “മലയാളിപ്പെണ്ണേ..”, “മംഗളങ്ങൾ…”, “ഓണവില്ലിൻ..” എന്നിങ്ങനെ തുടങ്ങുന്ന ഗാനങ്ങൾ വളരെ ജനപ്രീതി നേടിയവയാണ്.
#ചിത്രക്കുഴൽ
മജീദ് ഗുലിസ്ഥാൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനംചെയ്ത ഏകചിത്രം. എം ജെ രാധാകൃഷ്ണനാണ് ഇ ചിത്രത്തിന്റെ സിനിമറ്റോഗ്രാഫർ.
പരിസ്ഥിതി പ്രശ്നങ്ങളും പ്രകൃതി സംരക്ഷണവും പ്രമേയമാക്കിയുള്ള ഒരു കുട്ടികളുടെ ചിത്രമാണ് ചിത്രക്കുഴൽ (ബൈനോക്കുലർ). ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ പേര് ‘ദി ബേർഡ് ക്യാച്ചർ ‘ എന്നാണ് .
മധുസാറിനെക്കൂടാതെ, വിജയരാഘവനും, അമൽ അശോക്, സിദ്ധാർത്ഥ്, മീരാനായർ എന്നീ കുട്ടികളും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
2011-ലെ ലഖ്‌നൗ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രക്കുഴൽ തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രം മുപ്പത്തിനാലാമത് കെയ്‌റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .
ചിത്രക്കുഴലിന്റെ സംഗീതം നിർവ്വഹിച്ചത് അശ്വിൻ ജോൺസണാണ്. മലയാളത്തിലെ പ്രശസ്ത കവി കാവാലം നാരായണപ്പണിക്കരുടെതാണ് വരികൾ . ശ്രീദേവിയും ജെന്നിയും ലക്ഷ്മിയും കാഞ്ചനയും ചേർന്ന് ആലപിച്ച " തത്തിണ്ടക തെയ്തരോ " എന്ന ഗാനം കുട്ടികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
#സഹസ്രം
ഡോ. എസ് ജനാർദ്ദനൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സഹസ്രം.
ഒരു സിനിമാ ചിത്രീകരണത്തിനിടയിൽ
പ്രധാന നടൻ കൊല്ലപ്പെടുന്നതും അതിനെത്തുടർന്നു നടക്കുന്ന കേസന്വേഷണവുമുൾപ്പെടുന്ന ഒരു
കുറ്റാന്വേഷണചിത്രമാണിത്.
കുറ്റാന്വേഷകനായാ സഹസ്രനാമം
ഐപിഎസ് ആയി സുരേഷ്ഗോപി അഭിനയിക്കുന്നു.
മധുസാറിനെക്കൂടാതെ ജഗതി ശ്രീകുമാര്‍ ,
ഇന്ദ്രൻസ്,
ബാല, കാതൽ സന്ധ്യ , സുരേഷ് കൃഷ്ണ, ലക്ഷ്മി
ഗോപാലസ്വാമി, റിസബാവ, കോട്ടയം
നസീർ , കൊച്ചുപ്രേമൻ, കൊല്ലം
തുളസി, കൃഷ്ണ, സുധീഷ് , വി കെ ശ്രീരാമൻ എന്നിവരും
ഈ ചിത്രത്തിലുണ്ട്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി എം. ജയചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്ന രണ്ട് ഗാനങ്ങളാണിതില്‍ ഉള്ളത് . ആല്‍ഫോന്‍സ് ആലപിച്ചിരിക്കുന്ന "കണ്ണേ വാ..." എന്ന ഗാനവും ചിത്ര പാടിയ "ഏതോ രാവില്‍..." എന്ന ഗാനവും.
മധുസാർ ഭാഗമായ 2010 ലെ ചിത്രങ്ങളിലൂടെയുള്ള
യാത്ര ഇവിടെ അവസാനിക്കുന്നു.
2011 മുതലുള്ള ചിത്രങ്ങളുമായി നമുക്ക് യാത്ര തുടരേണ്ടതുണ്ട്.
അതിനായി കാത്തിരിക്കുക.
നമുക്കൊരുമിച്ച് ഈ യാത്ര പൂർത്തിയാക്കേണ്ടതുണ്ട്.
വര, എഴുത്ത് : പ്രദീപ്
#മാധവം
#Madhavam


Comments
Post a Comment