മാധവം.38


 

മാധവം. 38

9 ചിത്രങ്ങൾ. അതിലേറെയും ഹിറ്റ് ചിത്രങ്ങൾ! ഒരു ചിത്രത്തിന്റെ സംവിധായൻ.  നടിയായ ഷീല സംവിധായകയായപ്പോൾ അതിലെ നായകസ്ഥാനം! ഇതൊക്കെയാണ് 1976 ൽ മധുസാർ മലയാള സിനിമാചരിത്രത്തിൽ അടയാളപ്പെടുത്തിയത്.

 

#തീക്കനൽ

1976 ലെ ചിത്രങ്ങളെപ്പറ്റി ഓർക്കുമ്പോൾ മധുസാർ സംവിധാനം ചെയ്ത തീക്കനൽ എന്ന ഹിറ്റ് ചിത്രത്തെപ്പറ്റിത്തന്നെ ആദ്യം പറയേണ്ടതുണ്ട്.

തോപ്പിൽഭാസി കഥയും തിരക്കഥയുമെഴുതി, ജെ എൻ പ്രൊഡക്‌ഷൻസിനുവേണ്ടി ജോർജ്ജ് തോമസ് നിർമ്മിച്ച്  സെൻട്രൽ പിക്ചേഴ്സ് വിതരണം നിർവഹിച്ച സിനിമയാണ് തീക്കനൽ. മധു – ശ്രിവിദ്യ ജോടികളുടെ നിരവധി ഹിറ്റ് ചിത്രങ്ങളിലൊന്നാണിത്.

ഈ ചിത്രത്തിലെ വിനോദ് എന്ന മുഖ്യകഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.

ഈ ചിത്രത്തിന്റെ മറ്റൊരാകർഷണം യേശുദാസ് സംഗീത സംവിധാനം നിർവഹിച്ച അഞ്ചു മനോഹരഗാനങ്ങളാണ്. രചന ആരുടേതെന്ന് ചോദിക്കേണ്ട കാര്യമില്ല – പകരംവയ്ക്കാനില്ലാത്ത വയലാർതന്നെ!

 

ഈ അഞ്ചു ഗാനങ്ങളിൽ, രചനകൊണ്ടും, സംഗീതംകൊണ്ടും,  മലയാളത്തിലെ എക്കാലത്തെയും  മികച്ചഗാനങ്ങളിലൊന്നായി അമരത്വം വരിച്ച ഒരു ഗാനമുണ്ട്.

ഒരു കവിയുടെ, അഭൗമസൗന്ദര്യം നിറഞ്ഞൊഴുകുന്ന മാന്ത്രികവരികളും ഒരു മികച്ച സംഗീതസംവിധായകന്റെ മായികസ്പർശവും..

മറക്കാനാവാത്ത ഒരു ഗാനത്തിന്റെ പിറവി..

നാഗനന്ദിനി എന്ന മനോഹരരാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം..

ആ ഗാനം മുഴുവനായിത്തന്നെ ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്, ഒരു വരിപോലും ഒഴിവാക്കാൻ മനസ്സനുവദിക്കാത്തതുകൊണ്ട്!
ഇതാണാ ഗാനം:

 

ആശ്ചര്യ ചൂഡാമണീ
അനുരാഗ പാൽകടൽ കടഞ്ഞു
കിട്ടിയോരാശ്ചര്യ ചൂഡാമണീ
ആരു നിൻ സീമന്തരേഖയിൽ ഈയൊരു
ചാരുകുങ്കുമ ലത പടർത്തി

ചൂടുള്ള നിന്റെ സ്വയംപ്രഭാ നാളത്തിൻ
ചുറ്റും പറന്നൂ ഞാൻ
നിൻ അഗ്നികിരീടത്തിൻ നെറ്റിക്കനലിലെൻ
നഗ്നമാം ചിറകിന്നു തീ പിടിച്ചു -തീ പിടിച്ചു
(
ആശ്ചര്യ..)

മൂകമായ്‌ നിന്റെ ജ്വലിക്കുന്ന സൗന്ദര്യം
മോഹിച്ചിരുന്നൂ ഞാൻ
എൻ ചത്ത ദൈവത്തിന്റെ കയ്യിലെ കൽപ്പൂവിൽ
എത്ര നാൾ വെറുതെ ഞാൻ തപസ്സിരുന്നു - തപസ്സിരുന്നു
(
ആശ്ചര്യ..)

ഒരു കവിയേയും ഒരു സംഗീതസംവിധായകനേയും ആചന്ദ്രതാരം രേഖപ്പെടുത്താൻ ഈ ഒരൊറ്റഗാനം മതി..

വയലാറിന്റെ മാന്ത്രികവിരലുകളിൽ വിരിഞ്ഞ അമൂല്യമായ ആശ്ചര്യചൂഡാമണികളിലൊന്നുമാത്രം!

1976 ലെ ഹിറ്റായിമാറിയ ഈ ചിത്രം മിക്ക ദക്ഷിണേന്ത്യൻ ഭാഷകളിലും റീമേയ്ക്ക് ചെയ്തിട്ടുണ്ട്.

#യക്ഷഗാനം

പ്രശസ്തനടി ഷീല ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് യക്ഷഗാനം. മലയാളത്തിലെ രണ്ടാമത്തെ സംവിധായികയാണ് ഷീല. 1974 ൽ കവിത എന്ന ചിത്രത്തിലൂടെ മലയാളത്തിലെ ആദ്യ സംവിധായികയായത്  വിജയനിർമ്മലയാണ്. ഭാർഗ്ഗവീനിലയത്തിലെ നായികയായ അതേ വിജയനിർമ്മലതന്നെ!

യക്ഷഗാനത്തിന്റെ കഥ മേധാവി എന്നാണ് എഴുതിക്കാണുന്നതെങ്കിലും ഷീലതന്നെയാണ്. തിരക്കഥയും സംഭാഷണവും എസ് എ പുരം സദാനന്ദൻ.

ഈ സിനിമയിലെ പ്രധാനകഥാപാത്രമായ രവീന്ദ്രനെയാണ് മധുസാർ അവതരിപ്പിച്ചത്. കെ പി ഉമ്മറും ഷീലയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പ്രധാനമായും ഒരു പ്രേതകഥയാണ് യക്ഷഗാനം. വയലാർ - എം എസ് വിശ്വനാഥൻ കൂട്ടുകെട്ടിൽപ്പിറന്ന നാലു ഗാനങ്ങളാണ് ഈ ചിത്രത്തിൽ.  അക്കാലത്തെ പ്രേതകഥകളിൽ ഒഴിവാക്കനാവാത്തതായിരുന്നല്ലോ എസ് ജാനകിയുടെ ഗാനം. പ്രേതകഥകളിലെ അന്തരീക്ഷസൃഷ്ടിക്ക് അന്നത് ഒഴിച്ചുകൂടാനാവാത്തതായിരുന്നു. അത്തരമൊരു ഗാനം ഈ ചിത്രത്തിലുമുണ്ട്.

നിശീഥിനി, നിശീഥിനി..

ഞാനൊരു രാപ്പാടി..അത്തരമൊരു ഗാനമാണ്. (രാഗം: മിശ്രശിവരഞ്ജിനി)

 

മറ്റൊരു ശ്രദ്ധേയമായ ഗാനം യേശുദാസും സുശീലയും ചേർന്നുപാടിയ

തേൻ കിണ്ണം, പൂം കിണ്ണം

താഴെക്കാട്ടിലെ താമരക്കുളമൊരു

തേൻ കിണ്ണം.. എന്ന ശുദ്ധധന്യാസിയിൽ ചിട്ടപ്പെടുത്തിയ ഗാനമാണ്.

 

#അമ്മ

ഇതേ പേരിൽ മലയാളത്തിലെ രണ്ടാമത്തെ സിനിമയാണിത്. ആദ്യ സിനിമ 1952 ൽ നാഗവള്ളിയുടെ കഥയിൽ കെ വെമ്പു സംവിധാനം ചെയ്ത അമ്മ.

1976 ൽ അമ്മ എന്ന പേരിൽ ഇറങ്ങിയ സിനിമ കനകദാസ് ഗുപ്തയുടെ കഥയിൽ കെ പി കൊട്ടാരക്കര തിരക്കഥയും സംഭാഷണവുമെഴുതി എം. കൃഷ്ണൻ നായർ സംവിധാനം നിർവഹിച്ചതാണ്.

ഇതിൽ ശ്രീകുമാരൻ തമ്പി എഴുതിയ അഞ്ചു ഗാനങ്ങളും ജയദേവരുടെ അഷ്ടപദിയിലെ രതിസുഖസാരേ.. എന്ന ഗാനവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദം ആരഭി രാഗത്തിൽ ചിട്ടപ്പെടുത്തി വാണിജയറാം പാടി. സംഗീതസംവിധാനം എം കെ അർജ്ജുനൻ.

ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളിൽ

ചന്ദ്രകിരണങ്ങൾ രാഗങ്ങളായി
ഇന്ദ്രനീലിമ താളങ്ങളായി
രജതതാരകൾ ശ്രോതാക്കളായി
രജനീസംഗീത മണ്ഡപമായി.. എന്നു തുടങ്ങുന്ന, ശ്രീകാന്തും വാണിജയറാമും ചേർന്ന് ആലപിച്ച, മോഹനം, ശിവരഞ്ജിനി രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ രാഗമാലിക രൂപത്തിലുള്ള ഗാനമാണ് പ്രശസ്തമായിട്ടുള്ളത്.

 

#സമസ്യ

കെ എസ് നമ്പൂതിരിയുടെ സമസ്യ എന്ന പ്രശസ്ത നാടകത്തിന്റെ സിനിമാരൂപാന്തരമാണീ സിനിമ. കഥയും തിരക്കഥയും സംഭാഷണവും കെ എസ് നമ്പൂതിരിതന്നെ എഴുതി കെ തങ്കപ്പൻ എന്ന കടയ്ക്കാവൂർ തങ്കപ്പൻ നിർമ്മിച്ച് സംവിധാനം ചെയ്തു.  നൃത്തസംവിധായകനായ കടയ്ക്കാവൂർ തങ്കപ്പൻ സംവിധായകൻ, അഭിനേതാവ്, നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിലും തിളങ്ങിയ വ്യക്തിയാണ്. സമസ്യയിലെ ശങ്കരവാര്യർ എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്. കമൽഹാസനും ഈ ചിത്രത്തിലെ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു.

ഈ സിനിമയിലെ ആറു ഗാനങ്ങളിൽ നാലെണ്ണം ഒ എൻ വി എഴുതി പ്രശസ്ത ഗായകൻ കെ പി ഉദയഭാനു സംഗീതം നൽകി. മറ്റ് രണ്ട് ഗാനങ്ങൾ ബിച്ചു തിരുമലയും പി ഭാസ്കരനും എഴുതി ശ്യാം സംഗീതം നിർവഹിച്ചു.

ഇതിൽ യേശുദാസിന്റെ സുവർണ്ണഗാനങ്ങളിലൊന്നായ

കിളി ചിലച്ചു..

കിലുകിലെ കൈവള ചിരിച്ചു (ഒ എൻ വി കെ പി ഉദയഭാനു) എന്ന ദർബാരികാനഡ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനവും ഉൾപ്പെടുന്നു.

 

#തെമ്മാടി വേലപ്പൻ

എസ് എൽ പുരം സദാനന്ദൻ കഥ, തിരക്കഥ, സംഭാഷണം രചിച്ച ഈ ചിത്രം ഹരിഹരൻ സംവിധാനം ചെയ്തു.

ടൈറ്റിൽ കഥാപാത്രമായ തെമ്മാടി വേലപ്പനെ പ്രേംനസീർ അവതരിപ്പിച്ചപ്പോൾ വേലപ്പന്റെ ജ്യേഷ്ഠകഥാപാത്രമായ രാഘവനെയാണ് മധുസാർ അവതരിപ്പിച്ചത്. ജയഭാരതി ഉൾപ്പടെ വലിയൊരു താരനിരയും ഈ ചിത്രത്തിലുണ്ട്.

മങ്കൊമ്പ് എം എസ് വിശ്വനാഥൻ കൂട്ടുകെട്ടിന്റെ നാലു ഗാനങ്ങളിൽ  യേശുദാസ് പാടിയ

തൃശങ്കു സ്വർഗ്ഗത്തെ തമ്പുരാട്ടി

തൃശൂലമില്ലാത്ത ഭദ്രകാളി.. എന്നു തുടങ്ങുന്ന ഗാനം പ്രസിദ്ധമാണ്.

 

1976 ലെ അവശേഷിക്കുന്ന നാലു ചിത്രങ്ങളിൽ മലയാളത്തിലെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രവും ഉൾപ്പെടുന്നു. മധുസാറും ശ്രീവിദ്യയും മലയാള സിനിമയിലെ ഏറ്റവും വിലയേറിയ താരജോടി പദവിയിലേയ്ക്ക് ഉയർന്ന ചിത്രം.

 

ആ ചിത്രത്തിന്റെ വിശേഷങ്ങളും മറ്റ് ചിത്രങ്ങളുടെ വിവരവുമായി നമുക്ക് വീണ്ടും ഒത്തുചേരാം.

നമുക്കി യാത്ര തുടരാം

അതിനായി കാത്തിരിക്കാം.

ഏവർക്കും ഓണാശംസകളോടെ

 

വര, എഴുത്ത് : പ്രദീപ്  @Pradeep Purushothaman

 

#മാധവം

#Madhavam

 

Comments

Popular Posts