മാധവം. 14

 

നമ്മൾ ഒരു പുതിയ വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.
1967 ലേക്ക്.
ഈ വർഷം അതി മനോഹരമാണ്. മധുസാറിന്റെ പതിനൊന്നു സിനിമകളാണ്
ഈ വർഷത്തിൽ ഇറങ്ങിയത്.
ഇനി ഈ പതിനൊന്നിൽ ആദ്യം ഏതെഴുതും എന്ന ചിന്തയിലായിരുന്നു.
എല്ലാം ഒന്നിനൊന്നു മെച്ചം.
പലവുരു ചിന്തകൾക്കുള്ളിൽ ഒന്നു തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.
നമുക്ക് അതിലേക്കൊരു യാത്ര പോകാം.
ഒരുപക്ഷേ ഇക്കാലത്തും ഏറെ പ്രസക്തിയുള്ള ചിത്രം തന്നെ.
നമ്മൾ കടന്നുപോകുന്നത് കൊറോണ കാലഘട്ടത്തിലൂടെയാണ്.
നമ്മെ ഇതിനു തൊട്ടുമുന്നേ പേടിപ്പിച്ചത് നിപ്പയും.
എത്ര അടുത്തവരെങ്കിൽ പോലും ചില അസുഖങ്ങൾ നമ്മെ ഒറ്റപ്പെടുത്തും.
ആ ഒറ്റപ്പെടലിൽ ചിലപ്പോൾ നമ്മളും ചോദിച്ചുപോകും, "രോഗം ഒരു തെറ്റാണോ ഡോക്‌ടർ?" എന്ന്.
അര നൂറ്റാണ്ടിനുമപ്പുറം സരോജം ചോദിച്ച
ആ ചോദ്യം ഇന്നിലും പലരിൽ നിന്നും പലയിടത്തുനിന്നും ഉയരുന്നുണ്ട്.
ഇനി ആരാണ് സരോജം എന്നല്ലേ..
അതിനുമുമ്പ് നമുക്കൊരു പാട്ടു കേൾക്കാം..
"തലയ്ക്കുമീതെ ശൂന്യാകാശം
താഴെ മരുഭൂമി
തപസ്സുചെയ്യും വേഴാമ്പൽ ഞാൻ
ദാഹജലം തരുമോ
ദാഹജലം തരുമോ"
ഈ പാട്ടു മൂളാത്ത മലയാളിയുണ്ടോ?
മറ്റൊന്നുകൂടി,
"പാമ്പുകൾക്കു മാളമുണ്ട്
പറവകൾക്കാകാശമുണ്ട്
മനുഷ്യപുത്രന് തല ചായ്ക്കാൻ
മണ്ണിലിടമില്ല മണ്ണിലിടമില്ല"
പണ്ട്, വളരെ പണ്ട്...
ഈ മൊബൈൽ ഫോണും സോഷ്യൽ മീഡിയയുമൊക്കെ വരുന്നതിനുമൊക്കെ
ഒത്തിരി മുൻപ്..
അന്നത്തെ ആഡംബര വസ്തു റേഡിയോ
ആയിരുന്നു.
ഞായറാഴ്‌ച്ചകളിൽ നടകഗാനങ്ങൾ ഉണ്ടാകുമായിരുന്നു.
അന്നീ ഗാനങ്ങളും പൊന്നരിവാളമ്പിളിയിൽ
കണ്ണെറിയുന്നോളെ യും ചെപ്പു കിലുക്കണ ചങ്ങാതിയും അമ്പിളിയമ്മാവാ താമര കുമ്പിളിലെന്തുണ്ടു മൊക്കെ മലയാളിമനസ്സിൽ കുടിയേറിയ ഗാനങ്ങളായിരുന്നു.
നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കിയും മുടിയനായ പുത്രനുമൊക്കെ മലയാളി നെഞ്ചേറ്റിയ ദിനങ്ങൾ.
അക്കൂട്ടത്തിൽ, ഒരു പക്ഷേ അതിനും മേലെ ജനങ്ങൾ ചേർത്തു പിടിച്ചു നാടകമായിരുന്നു #അശ്വമേധം.
ആദ്യം നമ്മൾ പാടിയ പാട്ടുകൾ അശ്വമേധം നാടകത്തിലേതായിരുന്നു.
കെ എസ് ജോർജ്ജും കെ പി എ സി സുലോചനയും പാടി അഭിനയിച്ച ഗാനങ്ങൾ.
അതിലെ നായികയായിരുന്നു സരോജം.
കുഷ്ഠരോഗം പിടിപെടുന്ന നായികയെ,
താൻ പ്രാണനുതുല്യം സ്നേഹിച്ച കാമുകനും മാതാപിതാക്കളും കൂടപ്പിറപ്പുകളും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഉപേക്ഷിച്ചപ്പോൾ തന്നെ ചികിത്സിച്ച ഡോക്ടറോടുള്ള ചോദ്യമായിരുന്നു അത്.
രോഗം ഒരു കുറ്റമാണോ എന്നുള്ളത്.
നാലായിരത്തിലധികം വേദികളിലാണ് ആ നാടകം അരങ്ങേറിയത്.
ജനങ്ങൾ നെഞ്ചേറ്റിയ ആ നാടകം സിനിമയാക്കാൻ തീരുമാനിക്കുന്നു.
സുപ്രിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രതാപ് പോത്തന്റെ സഹോദരനും നടി ജയഭാരതിയുടെ മുൻ ഭർത്താവുമായ ഹരിപോത്തനായിരുന്നു നിർമ്മാതാവ്.
നമ്മൾ മുൻപ് എഴുതിപോയ ഭാർഗ്ഗവീനിലയം, മുറപ്പെണ്ണ് എന്നീ ചിത്രങ്ങളുടെ സംവിധായകുനും മധുസാറിന്റെ ആദ്യ ചിത്രങ്ങളിൽ ഒന്നായ മൂടുപടത്തിന്റെ ഛായാഗ്രാഹകനുമായ എ. വിൻസെന്റ് ആയിരുന്നു സംവിധായകൻ.
സരോജമായി ഷീലയും, കാമുകനായി പ്രേം നസീറും ഡോക്ടർ തമ്പിയായി സത്യനും സരോജത്തിന്റെ സഹോദരൻ സദാനന്ദനായി മധു സാറും.
കഴിഞ്ഞ ദിവസം ഈ സിനിമ വീണ്ടും കണ്ടപ്പോൾ മനസ്സിലേക്ക് പെട്ടെന്നൊരു സിനിമ ഓടി വന്നു, തനിയാവർത്തനം എന്ന സിബിമലയിൽ-ലോഹിതദാസ് ചിത്രം.
അതിൽ ബാലൻ മാഷായി മമ്മുക്ക യും അദ്ദേഹത്തിന്റെ അനിയൻ ഗോപിയായി മുകേഷും അവരുടെ അനുജത്തി സുമിത്രയായി ആശാ ജയറാമും.
ബാലൻ മാഷിന്റെ മാനസിക വിഭ്രാന്തിക്ക്
അയവുവരുന്ന അവസരത്തിൽ അതി സന്തോഷവാനായി അദ്ദേഹം വീട്ടിലെത്തുമ്പോൾ അനുജത്തിയുടെ പെണ്ണുകാണൽ ചടങ്ങ് നടക്കുകയാണ്.
സഹോദരൻ എന്ന നിലയ്ക്ക് മുകേഷ് ബാലൻ മാഷെ അന്യനാക്കുന്ന ഒരു സീനുണ്ട്, ഒരുപക്ഷേ മമ്മൂട്ടിയുടെ അഭിനയത്തിലെ നാഴികകല്ലെന്നു ആ സീനിനെ വിശേഷിപ്പിക്കാം.
ഈ ചിത്രത്തിലും അതാവർത്തിക്കുന്നുണ്ട്.
മുകേഷിന്റെ സ്ഥാനത്ത് മധു സാറും ബാലൻ മാഷിനു പകരം സരോജവും ഭ്രാന്തിനു പകരം കുഷ്ഠരോഗവും എന്നു മാത്രം. വിവാഹം നടക്കുന്നതിനായി
സുമിത്രയ്ക്ക് ബാലൻ എന്ന സഹോദരൻ ഇല്ലെന്നു പറഞ്ഞപോലെ, മധുസാറിന്റെ സദാനന്ദൻ പറയുന്നുണ്ട് സരളയ്ക്ക് സരോജം എന്നൊരു സഹോദരി ഇല്ലെന്നും.
ഏറെ സാമ്യമുള്ള രണ്ടു ചിത്രങ്ങൾ...
നടകത്തിലെന്ന പോലെ അശ്വമേധം സിനിമയിലെ ഗാനങ്ങളും സുന്ദരങ്ങളായിരുന്നു.
വിവാഹത്തിന് ഏഴു ദിനം മാത്രം ബാക്കി നിൽക്കുമ്പോൾ സരോജം പാടുന്ന പാട്ടാണ്,
"ഏഴു സുന്ദര രാത്രികൾ
ഏകാന്ത സുന്ദര രാത്രികൾ
വികാര തരളിത ഗാത്രികൾ
വിവാഹ പൂർവ്വ രാത്രികൾ"
ഇത്രയും മനോഹരമായി വിവാഹ സ്വപ്നം നെയ്തെടുക്കുന്ന പെണ്ണിന്റെ മനം വായിച്ചെടുക്കാൻ പ്രിയപ്പെട്ട വയലാറിനല്ലാതെ മറ്റാർക്കു സാധിക്കും.
വിവാഹത്തിന് കേവലം ദിനങ്ങൾ മാത്രം
ബാക്കി നിൽക്കെയാണ് അശനിപാതം കണക്കെ രോഗം ഗ്രസിക്കുന്നത്.
പിന്നീടാ സാനിട്ടോറിയത്തിന്റെ ചുറ്റുമതിലിനകത്തുനിന്നും ഒരു തേങ്ങലുയർന്നു.
അതായിരുന്നു,
"കറുത്തചക്രവാള മതിലുകൾ ചൂഴും
കാരാഗൃഹമാണ് ഭൂമി"
നാടകത്തിൽ രാഘവൻ മാഷായിരുന്നുവെങ്കിൽ സിനിമയിൽ ദേവരാജൻ മാഷായിരുന്നു..
ദാസേട്ടൻ പാടിയ,
"ഒരിടത്തു ജനനം ഒരിടത്തു മരണം
ചുമലിൽ ജീവിത ഭാരം"
ഒരിക്കലെങ്കിലും, നാമോരോരുത്തരും അറിയാതെയെങ്കിലും നമ്മുടെ ജീവിത സാഹചര്യങ്ങളിൽ ഈ വരികൾ പാടി പോയിട്ടുണ്ടാകില്ലേ?
ഈ ചോദ്യം നിങ്ങൾക്കായി വിട്ടു തരുന്നു.
അഞ്ചു പാട്ടുകളായിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്.
അഞ്ചും കിടിലൻ.
ഈ എഴുത്ത് ഇത്രയും നീണ്ടു പോയതിനാൽ തോപ്പിൽ ഭാസി എന്ന വിപ്ലവകാരിയെ കുറിച്ച് ഇതിൽ കുറിക്കുന്നില്ല.
ഒരു സിനിമയ്ക്കുള്ളിലെ എഴുത്തിൽ മാത്രം ഒതുക്കപ്പെടേണ്ട ആളല്ല തോപ്പിൽ ഭാസി എന്നതിനാൽ തന്നെ മറ്റൊരവസരത്തിൽ അദ്ദേഹത്തെ കുറിച്ചു വിശദമായി പ്രതിപാദിക്കാം.
ഒന്നുമാത്രം ചേർക്കുന്നു.
എനിക്കു ഏറെ പ്രിയപ്പെട്ട ചിത്രമായിരുന്നു പെരുന്തച്ചൻ.
ഒപ്പം അതിന്റെ സംവിധായകൻ ശ്രീ അജയനും.
ആ ഒറ്റ ചിത്രം മലയാളിക്കേകി കാലയവനികയിലേക്ക് മറഞ്ഞ പ്രിയപ്പെട്ട ശ്രീ അജയൻ തോപ്പിൽ ഭാസിയുടെ മകനായിരുന്നു.
ഈ എഴുത്തിൽ ശ്രീ അജയനെ ഓർമ്മിക്കുന്നു, മനസ്സോടു ചേർത്തു നിർത്തുന്നു.
1967 ലെ മറ്റു സിനിമാ വിശേഷങ്ങളുമായി താമസിയാതെ വരാം.
അതുവരെ കാത്തിരിക്കുക, പുതിയ വരകൾക്കും പുത്തനെഴുത്തുകൾക്കും.
വര : പ്രദീപ്
Pradeep Purushothaman
എഴുത്ത് : അനിൽ
Anil Zain


Comments

Popular Posts