മാധവം. 45

 

മാധവം. 45
1979 മധു എന്ന നടന്റെയും നിർമ്മാതാവിന്റെയും വർഷമായിരുന്നു. 20 ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. ഒരു ചിത്രം നിർമ്മിച്ചു. സംവിധാനസംരംഭങ്ങളൊന്നുമില്ല. ചിത്രങ്ങളിലേയ്ക്ക് നമുക്കു കടക്കാം.
പ്രശസ്ത തമിഴ് കഥാകൃത്ത് ഉമാചന്ദ്രന്റെ കൽക്കി അവാർഡ് നേടിയ നോവലിനെ ആസ്പദമാക്കി ശ്രീകുമാരൻ‌തമ്പി തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വേനലിൽ ഒരു മഴ.’ ഇതിലെ വാസു എന്ന പരുക്കനെങ്കിലും സ്നേഹസമ്പന്നനായ, സഹോദരിയെ ജീവനുതുല്യം സ്നേഹിക്കുന്ന, വാസു എന്ന കഥാപാത്രത്തെ സൂക്ഷ്മഭാവപ്പകർച്ചയോടെ മധുസാർ അവതരിപ്പിക്കുന്നു. ജയൻ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം ശ്രീവിദ്യയും ചെമ്പരത്തി ശോഭനയുമുൾപ്പെടുന്ന ഒരു താരനിരയും.
ശ്രീകുമാരൻ‌തമ്പിയെഴുതിയ മികച്ച അഞ്ചുഗാനങ്ങളാണ് എം എസ് വിശ്വനാഥൻ സംഗീതം നൽകി ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എൽ ആർ ഈശ്വരിയെ മലയാളികൾക്ക് ചിരപരിചിതയാക്കിയ
“അയില പൊരിച്ചതുണ്ട്, കരിമീൻ വറുത്തതുണ്ട്..” എന്നു തുടങ്ങുന്ന ഗാനം ഈ ചിത്രത്തിലേതാണ്.
മറ്റു ഗാനങ്ങൾ:
“ഏതു പന്തൽ കണ്ടാലും..” (വാണി ജയറാം) രാഗം : സിന്ധുഭൈരവി
“എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ല..” (യേശുദാസ്) രാഗം : സിന്ദുഭൈരവി
“ആകാശമകലെയെന്നാരു പറഞ്ഞു..”(വാണീജയറാം)
“എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ല..” (യേശുദാസ്)
അക്കൊല്ലം മികച്ച വിജയം നേടിയ ഒരു ചിത്രമായിരുന്നു ‘വേനലിൽ ഒരു മഴ’
ജഗതി എൻ കെ ആചാരി കഥയും തിരക്കഥയും സംഭാഷണവുമെഴുതി എം കൃഷ്ണൻ‌നായർ സംവിധാനം ചെയ്ത ചിത്രം. ഇതിലെ മുഖ്യകഥാപാത്രമായ ഹേമചന്ദ്രനായാണ് മധുസാർ എത്തുന്നത്. ഒരു ഹൊറർ ചിത്രത്തിന്റെ സന്നാഹങ്ങളുമായിത്തുടങ്ങി അവസാനം കുറ്റാന്വേഷണചിത്രമായി അവസാനിക്കുന്നു.
ബിച്ചുതിരുമല എഴുതി ശ്യാം സംഗീതം നൽകിയ മൂന്നു ഗാനങ്ങൾ.
• “സ്വർണ്ണം മേഞ്ഞ കൊട്ടാരത്തിലെ പഞ്ചമിത്തിങ്കൾ..” (യേശുദാസ്)
• “നിഴലായ് ഒഴുകിവരും ഞാൻ…” (ജാനകി) എന്ന സൂപ്പർഹിറ്റ് ഗാനം
• “ഓം രക്തചാമുണ്ടേശ്വരീ..” (യേശുദാസും സംഘവും)
കഥാകൃത്തും തിരക്കഥാകൃത്തുമൊക്കെയായ പാറശ്ശാല ദിവാകരൻ നിർമ്മിച്ച ഏക ചിത്രമാണിത്. കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹംതന്നെ എഴുതി. കെ. സുകുമാരൻ‌നായരാണ് സംവിധായകൻ.
എഞ്ചിനീയർ തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മധുസാറിനൊപ്പം സത്താർ, ജോസ്, കെപിഎസി സണ്ണി, ജയഭാരതി, സുചിത്ര, ശുഭ തുടങ്ങി വലിയൊരു താരനിര ഈ ചിത്രത്തിലുണ്ട്.
മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ നാലു ഗാനങ്ങളും ശങ്കരാചാര്യരുടെ “ശ്രീവിദ്യാം..” എന്നു തുടങ്ങുന്ന ശ്ലോകവുമാണ് ഈ ചിത്രത്തിലുള്ളത്. സംഗീതം ജി ദേവരാജൻ.
ഗാനങ്ങളിൽ മാധുരി ആലപിച്ച, യദുകുലകാംബോജി രാഗത്തിലുള്ള,
“ഹംസഗാനമാലപിക്കും ഹരിണാംഗീ..”,
മോഹനരാഗത്തിൽ ചിട്ടപ്പെടുത്തി യേശുദാസ് പാടിയ
“പാലരുവീ നടുവിൽ പണ്ടൊരു
പൗർണ്ണമാസീ രാവിൽ..”,
കാപ്പി രാഗത്തിൽ, യേശുദാസ് പാടിയ
“സംക്രമസ്നാനം കഴിഞ്ഞു..”
എന്നീ ഗാനങ്ങൾ പ്രശസ്തമായവ.
പി രവീന്ദ്രൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനവും നിർമ്മാണവും നിർവഹിച്ച ചിത്രമാണ് മനുഷ്യൻ. അദ്ദേഹത്തിന്റെ ഏക സിനിമയാണിത്.
രാജൻ എന്ന കഥാപാത്രത്തെയാണ് മധുസാർ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
കൂടാതെ ഉമ്മർ, അടൂർഭാസി, തിക്കുറിശ്ശി, വിധുബാല, മാള അരവിന്ദൻ തുടങ്ങി ഒട്ടേറെ താരങ്ങളും.
പ്രശസ്ത സിനിമറ്റോഗ്രാഫർമാരായ മധു അമ്പാട്ടും ഷാജി എൻ കരുണും ഒന്നിച്ച സിനിമ എന്നൊരു പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.
ദക്ഷിണാമൂർത്തി സംഗീതം നൽകിയ അഞ്ചു ഗാനങ്ങളിൽ രണ്ടെണ്ണം ഭരണിക്കാവു ശിവകുമാറും, മൂന്നെണ്ണം ഓ എൻ വി യും എഴുതി.
ഭരണിക്കാവ് ശിവകുമാർ എഴുതിയ രണ്ടു ഗാനങ്ങളും രാഗമാലികയായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
“ആദിയുഷസ്സിൽ ഉണർന്നൊരു മന്ത്രം..” (യേശുദാസ്)
രാഗങ്ങൾ : ബൗളി ,കല്യാണി ,കാപ്പി ,രഞ്ജിനി ,അഠാണ ,ബേഗഡ ,ദര്ബാരി കാനഡ ,പുന്നഗവരാളി ,കാപ്പി ,സരസ്വതി ,ഹംസാനന്ദി ,നവരസ കാനഡ.
“ഹംസപദങ്ങളിലുണരും നടനം..” (വാണീ ജയറാം) രാഗങ്ങൾ : ചാരുകേശി, ഹിന്ദോളം
ഒ എൻ വിയുടെ ഗാനങ്ങൾ:
“ആകാശമേ, നീലാകാശമേ..”
“പുലരിത്തുടുകതിർപോലെ..”
“ഏതോ സന്ധ്യയിൽ..” (യേശുദാസ്)
കെ രാധാകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി പി ചന്ദ്രകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ശുദ്ധികലശം. ചന്ദ്രകുമാർ സംവിധാനംചെയ്ത 56 ചിത്രങ്ങളിൽ 29 എണ്ണത്തിലും മധുസാർ നായകനായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ 6 ചിത്രങ്ങൾ മധുസാർ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. അതിലൊരു ചിത്രമാണ് ശുദ്ധികലശം.
മധുസാറിനൊപ്പം ശ്രീവിദ്യയും, സീമയും, പിന്നെ അന്നത്തെ പല പ്രമുഖ താരങ്ങളും അഭിനയിച്ച ചിത്രമാണിത്.
ഈ ചിത്രത്തിന്റെ പരസ്യകല നിർവഹിച്ചത് ചിത്രകാരനും സംവിധായകനുമായ അമ്പിളി ആയിരുന്നു.
ശ്രീകുമാരൻ‌തമ്പി എഴുതി ശ്യാം സംഗീതം നൽകിയ നാലു ഗാനങ്ങളിൽ പീലു രാഗത്തിൽ ചിട്ടപ്പെടുത്തി ജാനകി പാടിയ
“ഓർമ്മകളിൽ ഒരു സന്ധ്യതൻ ദീപം കൊളുത്തിയാരോ..” എന്നു തുടങ്ങുന്ന പ്രശസ്തമായ ഗാനവും ഉൾപ്പെടുന്നു.
ബഹുമുഖ പ്രതിഭയായ ഡോ.ബാലകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി പി ചന്ദ്രകുമാർ സംവിധാനം ചെയ്ത ചിത്രം.
മധുസാർ ഇതിൽ വാസു എന്ന മൂകനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മൊത്തം അഞ്ചുഗാനങ്ങൾ. സംഗീതം ശ്യാം. നാലുഗാനങ്ങൾ ബിച്ചു തിരുമലയും ഒരെണ്ണം സത്യൻ അന്തിക്കാടും എഴുതി.
സത്യൻ അന്തിക്കാട് എഴുതി യേശുദാസും സുശീലയുംചേർന്നുപാടിയ
“പൂവിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും..” എന്നു തുടങ്ങുന്ന ഗാനവും
ബിച്ചു തിരുമല എഴുതിയ
“മേടമാസക്കാലം, മേനിപൂത്ത നേരം..” (ജാനകി)
“മേളം, ഉന്മാദ താളം..” (ജയചന്ദ്രൻ, ജാനകി)
എന്നീഗാനങ്ങളും ഏറെ ശ്രദ്ധേയം.
നാഗവള്ളി ആർ എസ് കുറുപ്പ് കഥ, തിരക്കഥ, സംഭാഷണം എഴുതി, പി സുബ്രഹ്മണ്യം സംവിധാനംചെയ്ത് നിർമ്മിച്ച ചിത്രം. സുബ്രഹ്മണ്യം സംവിധാനംചെയ്ത നാല്പതാമത്തെയും അവസാനത്തെയും ചിത്രമാണിതു്.
മധുസാർ ബാലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. രാഘവൻ, ജയപ്രഭ, ഉണ്ണിമേരി തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിലുണ്ട്.
ശ്രീകുമാരൻ‌തമ്പി എഴുതിയ ഏഴുഗാനങ്ങളിൽ അഞ്ചെണ്ണം ദേവരാജൻ മാസ്റ്ററും രണ്ടെണ്ണം ആർ സുദർശനവും ഈണം നൽകിയവയാണ്.
ആർ സുദർശനം 1967 ൽ ‘കുടുംബം’ എന്ന ചിത്രത്തിനുവേണ്ടി വയലാർ എഴുതിയ
“ചിത്രാപൗർണ്ണമി രാത്രിയിലിന്നലെ..” എന്നു തുടങ്ങുന്നഗാനം സംവിധാനം ചെയ്തുകൊണ്ടാണ് മലയാളത്തിലെത്തുന്നത്. തുടർന്ന് 1968 ൽ വയലാറിന്റെതന്നെ
“ഇന്ദുലേഖേ, ഇന്ദുലേഖേ..” എന്ന ഹിറ്റ്ഗാനത്തിന്റെ സംഗീതം നിർവഹിച്ചു.
ഈ ചിത്രത്തിൽ അദ്ദേഹം സംഗീതം നൽകിയ
“കണ്ണാ കാർമുകിൽവർണ്ണാ
നിന്നെ കാണാത്ത കൺകളുണ്ടോ..” (പി സുശീല) എന്നഗാനവും ഹിറ്റുകളുടെ കൂട്ടത്തിലുൾപ്പെടുന്നു.
പ്രസിദ്ധ കഥ-തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് ആദ്യമായി കഥയെഴുതിയ ചിത്രമാണിത്. തിരക്കഥയും സംഭാഷണവും എസ് എൽ പുരം സദാനന്ദൻ. സംവിധാനം ഐ വി ശശി.
മാധവൻ‌കുട്ടി എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ മധുസാർ എത്തുന്നത്.
ദേവരാജൻമാസ്റ്റർ സംഗീതം നൽകിയ നാലു ഗാനങ്ങളിൽ മൂന്നെണ്ണം യൂസഫലി കേച്ചേരിയും ഒരെണ്ണം ആർ കെ ദാമോദരനും എഴുതി. രാജു റഹീം എന്ന ചിത്രത്തിനുവേണ്ടി “രവിവർമ്മചിത്രത്തിൻ രതിഭാവമേ…” എന്ന രഞ്ജിനി രാഗത്തിലുള്ള ഹിറ്റ് ഗാനമെഴുതി സിനിമാഗാന രചനയ്ക്കു തുടക്കമിട്ട ആർ കെ ദാമോദരന്റെ രണ്ടാമത്തെ ചിത്രമാണ് ‘അനുഭവങ്ങളേ നന്ദി’. “ദേവന്റെ കോവിലിൽ കൊടിയേറ്റ്..” എന്നു തുടങ്ങുന്ന ഗാനമാണ് ഈ ചിത്രത്തിനുവേണ്ടി അദ്ദേഹം രചിച്ചത്.
കെ എസ് ഗോപാലകൃഷ്ണൻ കഥയും തിരക്കഥയുമെഴുതി സംവിധാനംചെയ്ത ചിത്രമാണ് കായലും കയറും. സംഭാഷണമെഴുതിയത് വിജയൻ കരോട്ടും കെ ബാലകൃഷ്ണനും ചേർന്ന്.
മധുസാറിന്റെ കഥാപാത്രം – ചെല്ലപ്പൻ. മറ്റ് അഭിനേതാക്കൾ - മോഹൻ, ജയഭാരതി തുടങ്ങിയവർ.
ഈ ചിത്രം ഏറെ ശ്രദ്ധേയമായത് പൂവച്ചൽ ഖാദർ, കെ വി മഹാദേവൻ ടീമിന്റെ മികച്ച അഞ്ച് സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെയാണ്.
“ചിത്തിരത്തോണിയിൽ അക്കെരെപ്പോവാൻ..” (യേശുദാസ്) രാഗം: ശുദ്ധധന്യാസി
“ശരറാന്തൽത്തിരിതാണു മുകിലിൻ കുടിലിൽ..” (യേശുദാസ്)
“രാമായണത്തിലെ ദുഃഖം..”(എൻ വി ഹരിദാസ്) രാഗം :ശുഭപന്തുവരാളി
“കടക്കണ്ണിലൊരു കടൽകണ്ടൂ..”(വാണീ ജയറാം)
“ഇളനീലമാനം കതിർചൊരിഞ്ഞൂ..” (യേശുദാസ്, സുശീല)
കെ വി മഹാദേവൻ എന്ന സംഗീത സംവിധായനും പൂവച്ചൽ ഖാദർ എന്ന ഗാനരചയിതാവിനും മലയാളത്തിൽ ചിരപ്രതിഷ്ഠ നേടിക്കൊടുത്ത ചിത്രമാണ് കായലും കയറും.
ഒരു സമ്പൂർണ്ണ ശ്രീകുമാരൻ‌തമ്പി ചിത്രം! കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന, നിർമ്മാണം – ഇതെല്ലാം ശ്രീകുമാരൻ‌തമ്പിയെന്ന പ്രതിഭാധനൻ നിർവഹിച്ച ചിത്രം!
മധുസാർ - ഗോപാലൻ, രാമു, എന്നിങ്ങനെ ഇരട്ടവേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒപ്പം ലക്ഷ്മിയുൾപ്പടെ ഒരു വൻ താരനിരയും ഈ ചിത്രത്തിലുണ്ട്.
പിന്നെ എടുത്തുപറയേണ്ട ഒരു പ്രത്യേകത ശ്രീകുമാരൻ‌തമ്പി – എം എസ് വിശ്വനാഥൻ ടീമിന്റെ എക്കാലത്തെയും മികച്ച അഞ്ച് സൂപ്പർഹിറ്റ് – എവർഗ്രീൻ ഗാനങ്ങളാണ്.
“കാവാലം ചുണ്ടൻ‌വള്ളം…” (യേശുദാസ്, വാണീജയറാം)
“ജനിച്ചതാർക്കുവേണ്ടി..” (യേശുദാസ്)
“പുലരിയോടോ, സന്ധ്യയോടോ..” (യേശുദാസ്, വാണീജയറാം)
“എന്റെ മനസ്സൊരു പൊന്നൂഞ്ഞാല്..”(യേശുദാസ്)
“പൊലിയോ പൊലി..”(ജയചന്ദ്രൻ, എൽ ആർ ഈശ്വരി)
79 ലെ പത്ത് ചിത്രങ്ങളിലൂടെ നമ്മൾ കടന്നുപോയ്ക്കഴിഞ്ഞു.
ഇനിയുമുണ്ട് പത്തു ചിത്രങ്ങൾകൂടി..
അത് അടുത്ത ഭാഗത്തിൽ..
അതുവരെ കാത്തിരിക്കുക..
നമുക്കൊരുമിച്ച് ഈ യാത്ര തുടരാം.
വര, എഴുത്ത് : പ്രദീപ് Pradeep Purushothaman

Comments

Popular Posts