മാധവം. 44


 മാധവം. 44

1978 ലെ ബാക്കി ചിത്രങ്ങളിലേയ്ക്ക് കടക്കാം.
മുപ്പതോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ എ ആർ മുകേഷിന്റെ ആദ്യ ചിത്രമാണിത്. സംവിധാനം പി ജി വിശ്വംഭരൻ. 58 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ ഏഴാമത്തെ ചിത്രമാണിത്. ഈ സിനിമയിലെ സാം മാത്യു എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.
പ്രശസ്ത സംഗീതജ്ഞരായ ജയവിജയന്മാരാണ് ഈ ചിത്രത്തിലെ നാലു ഗാനങ്ങൾക്ക് സംഗീതം നൽകിയത്. ബിജു പൊന്നേത്ത് ആണ് ഗാനരചന. അദ്ദേഹം ഈ ചിത്രത്തിനുമാത്രമേ ഗാനങ്ങൾ രചിച്ചിട്ടുള്ളൂ.
ഗാനങ്ങൾ:
നളിനവനത്തിൽ.. (യേശുദാസ്, ജാനകി) രാഗം :കല്യാണി
കുളിർപിച്ചിപ്പൂമണം.. (യേശുദാസ്) രാഗം: ചാരുകേശി
അമ്പലനടയിൽ, അരയാൽച്ചുവട്ടിൽ (യേശുദാസ്)
സുന്ദരസുരഭില പുഷ്പനിരകളേ.. (ജോളി ഏബ്രഹാം, വാണീജയറാം)
നേരത്തേ സൂചിപ്പിച്ചപോലെ, അഭിനേതാവ്, കഥാകൃത്ത്, ഗായകൻ, ചിത്രസംയോജകൻ, തിരക്കഥാകൃത്ത്, സംഗീതസംവിധായകൻ, സംഭാഷണം, സംവിധായകൻ, നിർമ്മാതാവ് ഈ രംഗങ്ങളിലൊക്കെ തിളക്കമാർന്ന വിജയം കൈവരിച്ച ബാലചന്ദ്രമേനോന്റെ ആദ്യ ചിത്രം. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – ബാലചന്ദ്രമേനോൻ : ഈ പോസ്റ്റർ വാചകത്തിന്റെ തുടക്കം!
സിനിമാക്കമ്പം മൂത്ത് ടൈംസ് ഓഫ് ഇന്ത്യയിലെ ജേണലിസ്റ്റ് സിനിമാറിപ്പോർട്ടറായിമാറി.. സിനിമയിലേയ്ക്കുള്ള പ്രയാണത്തിന്റെ തുടക്കമാണ് ഉത്രാടരാത്രി. അക്കാലത്ത് ശ്രദ്ധേയമായ ഒരു ചിത്രം. പിന്നീട് ശോഭന, പാർവതി, രേവതി, ലിസി, കാർത്തിക, ഉഷ, മണിയൻ പിള്ള രാജു ഇങ്ങനെ ഒട്ടേറെ താരങ്ങളെ സിനിമയിൽ അവതരിപ്പിച്ചതും ബാലചന്ദ്രമേനോൻ ആണ്.
ഈ ചിത്രത്തിലെ അഡ്വക്കേറ്റ് എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.
കലാസംവിധായകനായി, പിന്നീട് സംവിധായകനായിമാറിയ, ഷാജിയെം ന്റെ ആദ്യ ചിത്രമാണിത് – കലാസംവിധായകൻ.
ബിച്ചു തിരുമല എഴുതി, ജയവിജയ സംഗീതം നൽകിയ രണ്ടു മനോഹരഗാനങ്ങളാണ് ഈ ചിത്രത്തിൽ:
വാണീജയറാം പാടിയ “മഞ്ഞുപൊഴിയുന്നു, മാമരംകോച്ചുന്നു” എന്നു തുടങ്ങുന്ന ഗാനവും
ചക്രവാകം രാഗത്തിൽ ചിട്ടപ്പെടുത്തി യേശുദാസ് പാടിയ “
“ഭ്രമണപഥം വഴി
ദ്രുതചലനങ്ങളാൽ
സൂര്യനെച്ചുറ്റുമ്പോൾ,
ഭൂഹൃദയത്തിൻ സ്പന്ദനതാളം
പ്രാർത്ഥന ചൊല്ലുന്നു.” എന്നു തുടങ്ങുന്ന ഗാനവും.
വളരെമിതമായിമാത്രം വാദ്യോപകരണങ്ങൾ ഉപയോഗിച്ചിട്ടുള്ള ഈ ഗാനം അതിമനോഹരമാണ്.
ഒരു പുതിയ ചലച്ചിത്ര പ്രതിഭയുടെ വരവറിയിച്ച ചിത്രമാണ് ഉത്രാടരാത്രി.
മധുസാർ ഡോക്ടറായും റൗഡിയായും ഇരട്ടവേഷങ്ങളിൽ അഭിനയിച്ച ചിത്രമാണിത്.
മാനി മുഹമ്മദ് കഥ, തിരക്കഥ, സംഭാഷണം എഴുതി. അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രമാണിത്. സംവിധാനം എം. കൃഷ്ണൻ നായർ
ബിച്ചു തിരുമല എഴുതി, കെ ജെ ജോയ് സംഗീതം നൽകിയ നാലു ഗാനങ്ങളിൽ ജാനകി പാടിയ
“മേലെ നീലാകാശം പുണ്യാരാമം
താഴെ ശൃംഗാര വൃന്ദാവനം” എന്നു തുടങ്ങുന്ന ഗാനം മികച്ചുനിൽക്കുന്നു.
പ്രശസ്തനായ നാടകനടനും രചയിതാവും ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായിരുന്ന എൻ ഗോവിന്ദൻകുട്ടി തന്റെ കഥയെ ആസ്പദമാക്കി, തിരക്കഥയും സംഭാഷണവും എഴുതി, പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത സിനിമയാണ് ‘അവർ ജീവിക്കുന്നു’. ഈ ചിത്രത്തിൽ മധുസാർ അവതരിപ്പിച്ചത് കുമാർ എന്ന കഥാപാത്രത്തെയാണ്.
യൂസഫലി കേച്ചേരി എഴുതി, ദേവരാജൻ സംഗീതം നൽകിയ നാലു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. നിലമ്പൂർ കാർത്തികേയൻ എന്ന സംഗീതജ്ഞൻ ഈ ചിത്രത്തിലെ ഒരു ഗാനം പാടിയിട്ടുണ്ട്.
നിർമ്മാതാവായ എം മണി സുനിത എന്നപേരിൽ കഥയെഴുതി, ജോസഫ് നെടുങ്കുന്നം തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രം. ജോസഫ് നെടുങ്കുന്നം ഈയൊരു ചിത്രത്തിനുമാത്രമേ തിരക്കഥയും സംഭാഷണവുമെഴുതിയിട്ടുള്ളൂ. സംവിധാനം എം. കൃഷ്ണൻ നായർ. മദ്യത്തിനെതിരെയുള്ള ആദ്യത്തെ സിനിമയെന്നുവേണമെങ്കിൽ ഈ ചിത്രത്തെ പറയാം. മദ്യപാനാസക്തയായ ഒരു യുവതിയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്ന ഭർത്താവായാണ് മധുസാർ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. സീമയാണ് നായിക.
ബിച്ചുതിരുമല എഴുതി ശ്യാം സംഗീതം നൽകിയ മൂന്നു ഹിറ്റ് ഗാനങ്ങളാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
“ഉറക്കം വരാത്ത രാത്രികൾ..” (യേശുദാസ്)
“തിരമാല തേടുന്ന തീരങ്ങളേ…” (ജാനകി)
“നാടകം ജീവിതം..”(യേശുദാസ്)
ഇവയാണ് ആ ഗാനങ്ങൾ
കാനറാബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ജോൺപോൾ സിനിമാരംഗത്തേയ്ക്ക് കടന്നുവരുന്നത് ഈ ചിത്രത്തിന് കഥയെഴുതിക്കൊണ്ടാണ്. തോപ്പിൽഭാസി തിരക്കഥയും സംഭാഷണവുമെഴുതി ഐ വി ശശി സംവിധാനം ചെയ്ത സിനിമ.
ഈ ചിത്രത്തിൽ ചന്ദ്രൻപിള്ള എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.
പി ഭാസ്കരൻ എഴുതി ദേവരാജൻ സംഗീതം നൽകിയ നാലുഗാനങ്ങളിൽ
“മനുഷ്യനു ദശാവതാരം..”(യേശുദാസ്)
“മാനത്തെപ്പൂക്കടമുക്കിൽ.. “യേശുദാസ്, മാധുരി)
ഈ ഗാനങ്ങൾ കൂടുതൽ മികച്ചുനിൽക്കുന്നു.
പ്രശസ്ത കഥാകാരി സാറാ തോമസിന്റെ കഥയ്ക്ക് അവർതന്നെ തിരക്കഥയും സംഭാഷണവുമെഴുതി പി ചന്ദ്രകുമാർ സംവിധാനം ചെയ്ത ഒരു ഹിറ്റ് ചിത്രമാണ് അസ്തമയം.
പ്രധാനകഥാപാത്രമായ ഡോ. ബാലകൃഷ്ണനെയാണ് മധുസാർ അവതരിപ്പിച്ചത്. ശാരദയും ജയഭാരതിയുമാണ് മറ്റുരണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയനും ഈ ചിത്രത്തിലുണ്ട്.
ശ്യാം സംഗീതം നൽകിയ നാലുഗാനങ്ങളിൽ
“അസ്തമയം, അസ്തമയം…” എന്ന ടൈറ്റിൽ ഗാനവും (യേശുദാസ്) - രാഗം : ചക്രവാകം,
“പാൽപൊഴിയും മൊഴി” (ജയചന്ദ്രൻ, വാണിജയറാം )– രാഗമാലിക (ഹേമവതി, യദുകുലകാംബോജി, മോഹനം) എന്നിവ ശ്രീകുമാരൻ തമ്പിയും
“ഒരു പ്രേമഗാനം പാടി “(യേശുദാസ്),
“രതിലയം, രതിലയം” (യേശുദാസ്, ജാനകി) എന്നിവ
സത്യൻ അന്തിക്കാടുമാണ് രചിച്ചത്.
വളരെയധികം പ്രേക്ഷകപ്രശംസ നേടിയ ചിത്രമാണ് അസ്തമയം.
ഐ വി ശശിയെ സംവിധായകൻ എന്ന നിലയിൽ വളരെ ഉയരങ്ങളിലെത്തിക്കുകയും 1978 മികച്ച വിജയം നേടുകയും ചെയ്ത സിനിമയാണ് ഈറ്റ.
രാജാമണിയുടെ കഥ. (രാജാമണി വേറെ സിനിമകൾക്കൊന്നും കഥയെഴുതിയതായി കാണുന്നില്ല.) ആലപ്പി ഷെറിഫ് തിരക്കഥയും സംഭാഷണവും എഴുതി.
വറുതുണ്ണി എന്ന ശക്തമായ കഥാപാത്രത്തെയാണ് മധുസാർ ഈ സിനിമയിൽ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ മകൻ രാമുവായി കമൽഹാസൻ അഭിനയിച്ചു. ഷീല, സീമ, സോമൻ തുടങ്ങി അന്നത്തെ പ്രമുഖ താരങ്ങളെല്ലാം ഈ ചിത്രത്തിലുണ്ട്. കാടും മലമ്പ്രദേശങ്ങളും പശ്ചാത്തലമാക്കി ചിത്രീകരിച്ച ചിത്രം.
യൂസഫലി കേച്ചേരി, ദേവരാജൻ കൂട്ടുകെട്ടിന്റെ അക്കാലത്തെ മികച്ച നാല് ഹിറ്റ് ഗാനങ്ങൾ ഈ ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കി.
ആ ഗാനങ്ങൾ :
“ഓടി വിളയാടി വാ..” (മാധുരി)
“മലയാറ്റൂർ മലഞ്ചെരിവിലെ പൊന്മാനേ..” (യേശുദാസ്, സുശീല)
“മുറുക്കിച്ചുവന്നതോ, മാരൻ മുത്തിച്ചുവപ്പിച്ചതോ..” (യേശുദാസ്)
“തുള്ളിക്കൊരുകുടം പേമാരി..” (യേശുദാസും മാധുരിയും സംഘവും) രാഗം: വൃന്ദാവനസാരംഗ
ഈ സിനിമയോടെ ഐ വി ശശി ജനപ്രിയ സിനിമാസംവിധായകൻ എന്ന ഖ്യാതിയിലേയ്ക്ക് ഉയർന്നു.
തൃക്കുന്നപ്പുഴ വിജയകുമാറിന്റെ കഥ, അദ്ദേഹവും ചിത്രത്തിന്റെ നിർമ്മാതാവായ വടക്കേതിൽ ഗോപിനാഥും (വി ഗോപിനാഥ്) ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതി.
സംവിധാനം കെ നാരായണൻ. അദ്ദേഹം ആകെ സംവിധാനം ചെയ്ത അഞ്ചു ചിത്രങ്ങളിൽ നാലാമത്തേതാണ് ബീന.
ഈ ചിത്രത്തിൽ ശ്രീനിവാസൻ എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.
കണ്ണൂർ രാജൻ സംഗീതം നൽകിയ മൂന്നുഗാനങ്ങളിൽ രണ്ടെണ്ണം ബിച്ചു തിരുമലയും ഒരെണ്ണം കവി അപ്പൻ തച്ചേത്തും എഴുതി.
അപ്പൻ തച്ചേത്തിനെ അറിയില്ലേ?
“ദേവീ, നിൻ ചിരിയിൽ, കുളിരോ പാലൊളിയോ?” എന്ന മനോഹരഗാനത്തിന്റെ സ്രഷ്ടാവ്!
ഈ ചിത്രത്തിൽ അദ്ദേഹം എഴുതി വാണീജയറാമും സുശീലയും ചേർന്നുപാടിയ “ഒരുസ്വപ്നത്തിൽ പവിഴ ദ്വീപിൽ” എന്നു തുടങ്ങുന്ന ഗാനവും ശ്രദ്ധേയമായി.
ജഗതി എൻ കെ ആചാരി കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം എഡിറ്ററും അസോസിയേറ്റ് ക്യാമറാമാനും തിരക്കഥാകൃത്തുമൊക്കെയായ വിജയാനന്ദിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ്.
ഈ ചിത്രത്തിലെ മധുസാറിന്റെ കഥാപാത്രത്തിന്റെ പേര് ‘രാജൻ’ എന്നാണ്.
എ ടി ഉമ്മർ സംഗീതം നൽകിയ മൂന്നു ചിത്രങ്ങളിൽ ഡോ. ബാലകൃഷ്ണൻ എഴുതിയ
“സന്ധ്യേ നീ വാ വാ..” എന്ന ഗാനവും
രാജു ശാസ്തമംഗലം എഴുതിയ ഒരേയൊരു ചലച്ചിത്രഗാനമായ
“അംബികാഹൃദയാനന്ദം..” എന്നു തുടങ്ങുന്ന ഗാനവും ശ്രദ്ധേയമാണ്.
പാറശ്ശാല ദിവാകരൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി കെ ജി ജോർജ്ജ് സംവിധാനം ചെയ്ത ചിത്രമാണ് ‘സൗന്ദര്യം’.
ഈ ചിത്രം, എന്തുകൊണ്ടോ, റിലീസ് ആയില്ല.
കണ്ണൂർ രാജൻ-യൂസഫലി കേച്ചേരി ടീമിന്റെ നാലുഗാനങ്ങളാണ് ഇതിലുണ്ടായിരുന്നതു്.
ചിത്രം റിലീസ് ആയില്ലെങ്കിലും വാണീജയറാം പാടിയ “ഡാലിയാപ്പൂവിന്റെ മന്ദഹാസം”
എന്നു തുടങ്ങുന്ന ഗാനം പ്രശസ്തമായി.
യേശുദാസും സെൽമാജോർജ്ജുമാണ് മറ്റു ഗാനങ്ങൾ ആലപിച്ചത്.
അങ്ങനെ ഈ യാത്രയിലെ 1978 എന്ന നാഴികക്കല്ല് നമ്മൾ താണ്ടുമ്പോൾ ഏറ്റവുമധികം ചിത്രങ്ങളും മികച്ച കഥാപാത്രങ്ങളും മധുസാറിനു ലഭിക്കുകയും പുതിയ പ്രതിഭകളുടെ ഉദയം കാണുകയും ചെയ്ത ഒരു സംഭവബഹുലമായ വർഷമാണ് കടന്നുപോവുന്നത്.
മലയാള സിനിമാചരിത്രത്തിന്റെ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു..
ഉടനേതന്നെ 1979 ൽ 20ചിത്രങ്ങൾ! അവയുടെ വിശേഷങ്ങളുമായി യാത്രതുടരാം..
അതുവരെ ഒരു ചെറിയ ഇടവേള..
കാത്തിരിക്കുക, നമുക്കൊരുമിച്ച് ഈ നടത്തം തുടരാം…
വര, എഴുത്ത് : പ്രദീപ് Pradeep Purushothaman

Comments

Popular Posts