മാധവം.39


 

മാധവം. 39

1976 ലെ നാലു ചിത്രങ്ങൾ ബാക്കിനിർത്തിയാണ് നമ്മൾ കഴിഞ്ഞ ഭാഗം അവസാനിപ്പിച്ചത്. ബാക്കിയുള്ള നാലു ചിത്രങ്ങളിൽ പ്രധാനപ്പെട്ട ചില ചിത്രങ്ങളുണ്ടെന്ന് സൂചിപ്പിച്ചിരുന്നല്ലോ. നമുക്ക് നേരെ ആ ചിത്രങ്ങളിലേയ്ക്ക് കടക്കാം.

 

#കന്യാദാനം

തുറവൂർ മുർത്തിയുടെ കഥയ്ക്ക് എസ് എൽ പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവുമെഴുതി ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം.

മധുസാറും പ്രേംനസീറും ജ്യേഷ്ഠാനുജന്മാരായി അഭിനയിച്ച മറ്റൊരു ചിത്രമാണിത്.

ശ്രീകുമാരൻ തമ്പി എഴുതി അർജ്ജുനൻ മാഷ് സംവിധാനം ചെയ്ത  അഞ്ചു ഗാനങ്ങളാണീ ചിത്രത്തിന്റെ പ്രത്യേകത.

 

“രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടീ

ചന്ദ്രോദയം പുഷ്പമാല നീട്ടീ..” (യേശുദാസും സുശീലയും വെവ്വേറെ പാടി)

 

“ആടാതെ തളരുന്ന മണിച്ചിലങ്ക, നീ

പാടാതെ തകരുന്ന വീണക്കമ്പി..” (യേശുദാസ്) രാഗം: ചക്രവാകം

 

“സ്വരങ്ങൾ നിൻ പ്രിയസഖികൾ

നിറങ്ങൾ നിൻ ഭാവലയങ്ങൾ..” (ജയചന്ദ്രൻ) രാഗം: കാംബോജി

 

“വിധുമുഖീ നിൻ ചിരികണ്ടു വിടർന്നു

വൃശ്ചിക തൃക്കാർത്തിക..” (യേശുദാസ്)

 

വാസരസങ്കല്പത്തിൻ
വർണ്ണമയിൽ പീലികൾ
വാർതിങ്കൾത്തോഴിയിവളൊളിച്ചു വെച്ചു” ( വാണി ജയറാം)

 

ഇവയാണ് ആ ഗാനങ്ങൾ

 

#മാനസവീണ

കഥ, തിരക്കഥ, സംഭാഷണം, ഗാനരചന : ശ്രീകുമാരൻ തമ്പി

സംവിധാനം : ബാബു നന്തൻ‌കോട്

ഈ ചിത്രത്തിലെ രവി എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്. മറ്റൊരു പ്രധാന കഥാപാത്രമായ ഡോക്ടർ ജയനായി വിൻസെന്റും അഭിനയിച്ചു.

ഗായകനായ ശ്രീകാന്ത് ആണ് ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ.

മൊത്തം ആറു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

 

#മുത്ത്

ഡോ.തോമസ് മാത്യുവിന്റെ കഥ. തിരക്കഥ, സംഭാഷണം, സംവിധാനം : എൻ എൻ പിഷാരടി.

എൻ എൻ പിഷാരടിയെ നമ്മൾ അറിയും, മധുസാറിന്റെ ആദ്യസിനിമയായ ‘നിണമണിഞ്ഞ കാല്പാടുകളു’ടെ സംവിധായകൻ. പിഷാരടിയുടേയും ആദ്യ ചിത്രമായിരുന്നു അത്. മൊത്തം ആറു ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ഗാനങ്ങൾ, കഥ, തിരക്കഥ എന്നിവയും അദ്ദേഹം രചിച്ചിട്ടുണ്ട്.

 

മധുസാറിനൊപ്പം, മോഹൻ, റാണിചന്ദ്ര, സുമിത്ര തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിലുണ്ട്.

പ്രശസ്ത നാടകകാരനും കവിയും കഥാകൃത്തുമായ കെ എസ് നമ്പൂതിരി എഴുതിയ മനോഹരമായ അഞ്ചു ഗാനങ്ങളും കെ നാരായണപിള്ള എഴുതിയ ഒരു ഗാനവുമാണ് ഈ ചിത്രത്തിലുള്ളത്.

 

ഇതിന്റെ സംഗീത സംവിധായകനായ പ്രതാപ് സിങ് ഏറെ പ്രത്യേകതകളുള്ള ഒരു വ്യക്തിയാണ്. ചെറായി സ്വദേശിയായ അദ്ദേഹം ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല എന്നതാണ് അത്ഭുതകരമായൊരു സത്യം. സംഗീതാദ്ധ്യാപികയായ അമ്മയിൽനിന്ന് പകർന്നുകിട്ടിയ അഭിരുചിമാത്രമായിരുന്നു കൈമുതൽ. അമ്മ പാടുന്നതുകേട്ട് രാഗവും സ്വരസ്ഥാനങ്ങളും ഭാവവും മനസ്സിൽ പതിഞ്ഞുകിടന്നതുമാത്രമാണ് തന്റെ സംഗീതപഠനം എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വിദ്യാഭ്യാസകാലത്തിനുശേഷം ഗാനമേളകളിൽ ഗായകനായും ചില നാടകങ്ങൾക്ക് സംഗീത സംവിധായകനായും അദ്ദേഹം തിളങ്ങി. എൻ എൻ പിഷാരടിയുടെ ക്ഷണമനുസരിച്ച് 1967 ൽ ‘മുൾക്കിരീടം’ എന്ന ചിത്രത്തിനു് സംഗീതം നൽകിക്കൊണ്ടാണ് ചലച്ചിത്രരംഗത്തേയ്ക്ക് അദ്ദേഹത്തിന്റെ പ്രവേശം. ചിത്രത്തിന്റെ സന്ദർഭമുൾക്കൊണ്ടുകൊണ്ട് ട്യൂൺ ഉണ്ടാക്കുകയും അതനുസരിച്ച് പാട്ടെഴുതുകയും ചെയ്യുക എന്ന, അന്ന് അസാധാരണമായ, രീതിയാണ് അദ്ദേഹം അവലംബിച്ചത്. അദ്ദേഹത്തിന്റെ ട്യൂണിനൊപ്പിച്ച് ഭാസ്കരൻ മാഷ് വരികളെഴുതി. അന്ന് അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിച്ചത് എ ആർ റഹ്മാന്റെ പിതാവ് ശ്രീ.ശേഖർ ആയിരുന്നു. അതിൽ എസ് ജാനകി പാടിയ “കുളികഴിഞ്ഞു കോടി മാറിയ” എന്ന ഗാനം എക്കാലത്തെയും പ്രിയഗാനങ്ങളിലൊന്നാണ്.

 

പിന്നീട് ഒരു ഏതാണ്ട് ദശാബ്ദത്തിനുശേഷമാണ് എൻ എൻ പിഷാരടിയുടെതന്നെ മുത്ത് എന്ന സിനിമയിൽ,1976 ൽ,  അദ്ദേഹം സംഗീതസംവിധായകനാവുന്നത്. അന്ന് അദ്ദേഹത്തിന്റെ സഹായിയായിരുന്നത് സാക്ഷാൽ ജോൺസൺ മാഷ് ആയിരുന്നു എന്നതാണ് കൗതുകകരം. ഈ സംരംഭത്തിലും അദ്ദേഹം ഒരു ധീരമായ പരീക്ഷണം നടത്തി. സ്റ്റുഡിയോവിൽവച്ച് പാട്ട് റെക്കോർഡ് ചെയ്യുന്ന പതിവിനു പകരം തൃശൂർ  ‘നടനനികേതൻ’ ഹാളിൽവച്ച് പാട്ടുകൾ റെക്കോർഡ് ചെയ്തു. വാദ്യകലാകാരന്മാരേയും പാട്ടുകാരേയും അവിടേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. അഞ്ചു ദിവസം അവിടെ ഉത്സവപ്രതീതിയായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു.

 

ഇനി പാട്ടുകാരിലുമുണ്ട് പുതുമ. രാധാ പി വിശ്വനാഥ്, കെ സതി എന്നീ രണ്ടു ഗായികമാരെ അദ്ദേഹം അവതരിപ്പിച്ചു. രാധാ വിശ്വനാഥ് പിന്നീട് നാലഞ്ചു ചിത്രങ്ങളിൽ പാടിയെങ്കിലും സതി എന്ന ഗായിക ഒരേയൊരു ഗാനമേ സിനിമയ്ക്കായി പാടിയിട്ടുള്ളൂ.

 

അതാകട്ടെ,

“ആകാശത്താഴ്വരക്കാട്ടിൽ

ആയിരം കാന്താരി പൂത്തു

ഈ നിലാവിൻ മടിയിൽ

നിഴൽ വീണുറങ്ങും രാവിൽ

തെക്കുവടക്കു കറങ്ങാനെത്തിയ

തെമ്മാടിക്കാറ്റേ..” എന്ന മനോഹരഗാനവും!

 

ഒരു ഗായികയ്ക്ക് അമരത്വം വരിക്കാൻ ഒരുപാടു ഗാനങ്ങളെന്തിന്? ഇതേപോലെ ഒരെണ്ണംതന്നെ ധാരാളം!

 

മറ്റു ഗാനങ്ങൾ:
“വിമൂകശോക സ്മൃതികളുണർത്തി

വീണ്ടും പൗർണ്ണമി വന്നു..” (കെ എസ് നമ്പൂതിരി) ഈ ഗാനം യേശുദാസും രാധാ പി വിശ്വനാഥും പ്രത്യേകം പ്രത്യേകം പാടി. രാഗം : ബാഗേശ്രീ

 

“ഭൂഗോളം ഒരു ശ്മശാനം..

ഈ ഭൂഗോളം ഒരു ശ്മശാനം..” (കെ എസ് നമ്പൂതിരി, യേശുദാസ്)

 

“കണ്ണുനീരിൻ കടലിലേയ്ക്കാരുമറിയാതെ..” (കെ എസ് നമ്പൂതിരി, ജയചന്ദ്രൻ)

 

“നിത്യചൈതന്യദായകാ..” (കെ നാരായണപിള്ള, രാധാ പി വിശ്വനാഥ്)

 

“ജീവിതം പ്രണയമധുരം..” (കെ എസ് നമ്പൂതിരി, രാധാ പി വിശ്വനാഥ്)

 

വർഷങ്ങൾക്കു ശേഷം പ്രതാപ് സിങ് ‘യക്ഷിക്കാവ്’ എന്നൊരു ചിത്രത്തിന് സംഗീതം നൽകിയെങ്കിലും ചിത്രം മുടങ്ങിയതിനാൽ ആ ഗാനങ്ങൾ റെക്കോർഡ് ചെയ്തില്ല. പിന്നീട് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിലേയ്ക്ക് ഒതുങ്ങി.  എഴുപത്തിയാറാമത്തെ വയസ്സിൽ അദ്ദേഹം സാഹിത്യമേഖലയിലേയ്ക്ക് തിരിഞ്ഞു. ആറു വർഷത്തിനുള്ളിൽ ചെറുകഥാസമാഹാരങ്ങളുൾപ്പടെ പതിനൊന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

 

1974ൽ മികച്ച നാടകസംഗീതത്തിനുള്ള സംഗീതനാടക അക്കാഡമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

 

വെറും രണ്ട് ചിത്രങ്ങൾകൊണ്ട് മലയാള സിനിമാഗാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതാപ് സിങിനെ എങ്ങനെ ഓർക്കാതിരിക്കും?

 

#ഹൃദയം_ഒരു_ക്ഷേത്രം

1976 ലെ മെഗാഹിറ്റുകളിലൊന്നാണ് ‘ഹൃദയം ഒരു ക്ഷേത്രം.’ മധു – ശ്രീവിദ്യ ജോടികൾ മലയാളസിനിമയുടെ  ഏറ്റവും വിലമതിക്കുന്ന ജോടികളായി സ്ഥാനമുറപ്പിച്ച ചിത്രങ്ങളിലൊന്ന്.

 

1962 ൽ തമിഴിൽ സി.വി.ശ്രീധർ എഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നെഞ്ചിൽ ഒരു ആലയം’ എന്ന ചിത്രത്തിന്റെ റീമേയ്ക്ക് ആണ് ഈ ചിത്രം. ഇതേചിത്രം ‘ദിൽ ഏക് മന്ദിർ’ എന്ന പേരിൽ 1963 ൽ ഹിന്ദിയിലും, ‘മനസേ മന്ദിരം’ എന്ന് തെലുങ്കിലും (1966) ‘കുങ്കുമ രക്ഷ’ എന്ന് കന്നഡയിലും (1976) റീമേയ്ക്ക് ചെയ്തിരുന്നെങ്കിലും മലയാളത്തിൽ ഇതൊരു വമ്പൻ ഹിറ്റാവുകയാണുണ്ടായത്.

 

സി വി ശ്രീധറുടെ കഥയ്ക്ക് നാഗവള്ളി ആർ എസ് കുറുപ്പ് തിരക്കഥയും സംഭാഷണവുമെഴുതി പി സുബ്രഹ്മണ്യം സംവിധാനം ചെയ്ത് നിർമ്മിച്ചതാണ് ‘ഹൃദയം ഒരു ക്ഷേത്രം.’

മധുസാർ അവതരിപ്പിച്ച ഡോക്ടർ രമേഷ്, പ്രേക്ഷകഹൃദയങ്ങളിൽ ഒരു നൊമ്പരമായി.

 

ഈ ചിത്രത്തിന്റെ വിജയഘടകങ്ങളിലൊന്ന് ശ്രീകുമാരൻ തമ്പി എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ആറു മികച്ച ഗാനങ്ങളാണ്.

 

മലയാളത്തിലെ എക്കാലത്തെയും മികച്ച വിരഹഗാനങ്ങളിലൊന്ന് -
“മംഗളം നേരുന്നു ഞാൻ മനസ്വിനി..” (യേശുദാസ്) രാഗം മദ്ധ്യമാവതി.

 

“ഒരുദേവൻ വാഴും ക്ഷേത്രം..” (യേശുദാസ്) രാഗം : ശിവരഞ്ജിനി

 

എന്തിനെന്നെ വിളിച്ചു വീണ്ടുമീ
മന്ത്രകോടിയുടുപ്പിച്ചു” (മാധുരി) രാഗം: ശ്യാമ

 

“മനസ്സിൽ തീനാളമെരിയുമ്പോഴും

മടിയിൽ മണിവീണപാടും – നിനക്കായെൻ” (മാധുരി)  രാഗം: സരസാംഗി

 

“പുഞ്ചിരിയോ, പൂവിൽ വീണ

പാൽത്തുള്ളിയോ..” (മാധുരി)

 

“കണ്ണുപൊത്തിക്കളിയാണു ജീവിതം..” (യേശുദാസ്)

 

ഈ ഹിറ്റ് ചിത്രത്തോടെ മധുസാറിന്റെ, 1976 ലെ  ചിത്രങ്ങൾ പൂർത്തിയാവുകയാണ്.

1977 ൽ മധുസാറിന്റേതായി 15 ചിത്രങ്ങളാണ് കാത്തിരിക്കുന്നതു്.

ആ വർഷം മലയാള സിനിമയിലെ ഒരു പുതിയ തലമുറയുടെ വർഷംകൂടിയാണ്.

മലയാള സിനിമയിൽ അടയാളപ്പെടുത്തിയ ചില ചിത്രങ്ങളും പ്രതിഭകളും കടന്നുവന്ന വർഷം..

മധുസാർ ആ ചരിത്രനിമിഷത്തിലും ഭാഗഭാക്കായ വർഷം!

ആ വിശേഷങ്ങളുമായി യാത്രതുടരാൻ കാത്തിരിക്കുക..

നമുക്കൊരുമിച്ച് യാത്ര തുടരാം..

 

വര, എഴുത്ത് : പ്രദീപ് @Pradeep Purushothaman

 

#മാധവം

#Madhavam

 

Comments

Popular Posts