മാധവം -25

 


മാധവം -25 കഴിഞ്ഞ ഭാഗം പറഞ്ഞുനിർത്തിയപോലെ 1971 മധുസാറിനെ സംബന്ധിച്ച് മികച്ച ഒരു വർഷമാണ്. മൊത്തം പതിനാറ് ചിത്രങ്ങൾ - എല്ലാം പ്രഗത്ഭരുടേത്! കൂട്ടത്തിൽ എടുത്തുപറയാൻ മധു എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രം പിറവിയെടുക്കുന്നു! അതും മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന്. മികച്ചതെന്ന് വെറുതേ പറഞ്ഞാൽപ്പോരാ – എല്ലാ വിഭാഗങ്ങളിലും മികച്ചുനിന്ന ചിത്രം;അതാണ് - സിന്ദൂരച്ചെപ്പ്! പറഞ്ഞുതീരാനാവാത്ത പ്രത്യേകതകളുള്ള ചിത്രം. കഥ മുതൽ തുടങ്ങുന്നു പുതുമകൾ. മലയാളത്തിലെ മികച്ച കവിയും ഗാനരചയിതാവുമായിരുന്ന യൂസഫലി കേച്ചേരി ആദ്യമായി(അവസാനമായും) കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രമാണ് സിന്ദൂരച്ചെപ്പ്. മധു എന്ന സംവിധായകന്റെ കൈയൊപ്പു പതിഞ്ഞ ചിത്രം. കോഴിക്കോട്ട് വെസ്റ്റ്ഹില്ലുകാരൻ സ്വാമിക്കുട്ടി എന്ന കോന്നനാട്ട് കലാസംവിധാനരംഗത്ത് തന്റെ വരവറിയിച്ച ചിത്രങ്ങളിലൊന്ന്! ആനയും പാപ്പാനും പ്രധാനകഥാപാത്രങ്ങളായെത്തിയ ആദ്യ ചിത്രം. 1961ൽ തമിഴിൽ ആനപ്പാപ്പാനെപ്പറ്റി “യാനൈപാക്കൻ” എന്ന ഒരു സിനിമ വരികയും അത് “മഹൗട്ട്” എന്നപേരിൽ ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റം ചെയ്യുകയും ചെയ്തിട്ടുണ്ട്. എങ്കിലും അത് യഥാതഥമായ ഒരു സിനിമയായിരുന്നില്ല. ആനപ്പാപ്പാന്റെ ജീവിതം അതിന്റെ എല്ലാ സങ്കീർണ്ണതകളോടും, യാഥാർത്ഥ്യത്തോടുംകൂടി ചിത്രീകരിച്ച, ഇന്ത്യയിലെ ആദ്യ സിനിമ സിന്ദൂരച്ചെപ്പു് ആണെന്ന് നിസ്സംശയം പറയാം. അക്കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട പോസ്റ്ററുകളായിരുന്നു സിന്ദൂരച്ചെപ്പിന്റേത്. മികച്ച ഒരു ചിത്രകാരന്റെ വിരലുകളാൽ രചിക്കപ്പെട്ടവ. അന്നുവരെയുള്ള പോസ്റ്റർ സങ്കല്പങ്ങളെ തിരുത്തി പോസ്റ്റർ/പബ്ലിസിറ്റി വിഭാഗം. അതിന്റെ പിന്നിൽ മലയാളത്തിലെ എക്കാലത്തെയും മികച്ച പോസ്റ്ററുകൾ ചെയ്ത, പ്രതിഭാധനനായ, സാക്ഷാൽ ഭരതനായിരുന്നു! (‘ചാട്ട’ യുടെ പോസ്റ്ററുകളൊക്കെ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു!) പിന്നീട് മൂന്നുനാലു വർഷങ്ങൾകൂടിക്കഴിഞ്ഞാണ് ഭരതൻ സംവിധാനരംഗത്തേയ്ക്കെത്തുന്നതു്. അടുത്ത പ്രത്യേകത, മലയാളത്തിലെ സുവർണ്ണഗാനങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന അഞ്ചു ഗാനങ്ങളാണു്. യൂസഫലി – ദേവരാജൻ കൂട്ടുകെട്ടിൽ പിറന്നവ. ഗാനങ്ങളുടെ ലിസ്റ്റ് കണ്ടാൽ മതി, കൂടുതലൊന്നും പറയേണ്ടതില്ല, അത്രയ്ക്ക് മനസ്സിൽപ്പത്തിഞ്ഞവ: 1. “പൊന്നിൽക്കുളിച്ച രാത്രി..” ഹരികാംബോജി ജന്യമായ നർത്തകി എന്ന രാഗത്തിലാണു് ഈ ഗാനം. മലയാളത്തിൽ വളരെക്കുറച്ചു ഗാനങ്ങളേ ഈ രാഗത്തിലുള്ളൂ. ഈ രാഗത്തിലുള്ള വേറൊരു ഗാനം ദേവരാജൻ മാസ്റ്ററുടെതന്നെ “നളചരിതത്തിലെ നായകനോ..”(പൊന്നാപുരംകോട്ട) എന്നു തുടങ്ങുന്ന ഗാനമാണു്. 2. മലയാളത്തിലെ ഗൃഹാതുരമായ പ്രണയഗാനം. മനോമോഹനമായ കല്യാണിരാഗമാണ് ഇതിന്റെ വശ്യത കൂട്ടുന്നത് . യേശുദാസ് അനശ്വരമാക്കിയ “ഓമലാളെക്കണ്ടു ഞാൻ..” എന്ന മനോഹരഗാനം 3. അടുത്തത് മാധുരിയുടെ കൈയൊപ്പുവീണ അനശ്വര ഗാനം “ തമ്പ്രാൻ തൊടുത്തത് മലരമ്പ്..” 4. “തണ്ണീരിൽ വിരിയും താമരപ്പൂ..” (യേശുദാസ്) കവിതാഗുണം നിറഞ്ഞുനിൽക്കുന്ന ഗാനം. 5. മലയാളത്തിലെ കാവ്യഗുണമുള്ള ഹാസ്യഗാനങ്ങളിലൊന്ന്. “മണ്ടച്ചാരേ, മൊട്ടത്തലയാ..” മാധുരിയോടൊപ്പം ഈ ഗാനമാലപിച്ച പി സുശീലാദേവി എന്ന ഗായികയെ ശ്രദ്ധേയയാക്കിയ ഗാനമാണിത്. സുശീലാദേവിയെപ്പറ്റി കുറച്ച് പറഞ്ഞുപോവാതെ വയ്യ. പ്രശസ്ത ഗാനരചയിതാവ് ബിച്ചുതിരുമലയുടേയും സംഗീത സംവിധായകൻ ദർശൻ രാമന്റെയും സഹോദരി. ആകാശവാണി 'ശബ്ദഗുണം ഇല്ലെ'ന്നുപറഞ്ഞ് തിരിച്ചയച്ച ഗായിക. സംഗീതജ്ഞൻ തൃശൂർ പി രാധാകൃഷ്ണന്റെ നിർബ്ബന്ധപ്രകാരം സുശീലാദേവി ആകാശവാണിയുടെ സംഗീതമത്സരത്തിൽ പങ്കെടുക്കുകയും അഖിലേന്ത്യാതലത്തിൽ ഒന്നാമതെത്തുകയും ചെയ്തപ്പോൾ ആകാശവാണിക്ക് സുശീലാദേവിയുടെ പ്രതിഭയെ അംഗീകരിക്കാതെ നിവൃത്തിയില്ലാതായി. പിന്നിടിങ്ങോട്ട് ആകാശവാണിയിൽ എം. ജി രാധാകൃഷ്ണൻ നയിച്ചിരുന്ന ലളിതഗാനപാഠങ്ങളിലെ അനേക ഗാനങ്ങൾ സുശീലാദേവിയുടെ ശബ്ദത്തിൽ പുറത്തുവന്നു. “ഓടക്കുഴലേ, ഓടക്കുഴലേ, ഓമനത്താമരക്കണ്ണന്റെ ചുംബനപ്പൂമധു നുകർന്നവളേ..” എന്നു തുടങ്ങുന്ന മനോഹരഗാനം എങ്ങനെ മറക്കാനാവും! അങ്ങനെ ആകാശവാണിയിലൂടെ ലളിതസംഗീതശാഖയെ ജനങ്ങളിലെത്തിച്ച് പ്രശസ്തയായിരിക്കുന്ന സമയത്താണു് സുശീലാദേവി ഈ ഗാനം ആലപിക്കുന്നതും അത് മികച്ചൊരു ഹിറ്റ് ആവുകന്നതും. ആനക്കഥയായതുകൊണ്ട് മൂന്ന് ആനകൾ ഇതിൽ അഭിനയിച്ചിട്ടുണ്ട്. പെരിയാനംപറ്റ ദേവസ്വം വക വിശ്വകുമാർ, ഭാരത് സർക്കസ് വക ലക്കി, ഗുരുവായൂർ ദേവസ്വത്തിന്റെ രാമചന്ദ്രൻ ഇവരാണു് ആ ‘അഭിനേതാക്കൾ’! ചെറുതുരുത്തിയിലെ ദേശമംഗലം മനയും നിളയുടെ മനോഹരമായ തീരപ്രദേശങ്ങളുമാണ് പ്രധാനമായും ഈ ചിത്രത്തിലുള്ളത് – അതും എടുത്തു പറയേണ്ട ഒരു സവിശേഷതയാണു്. ആനപ്പാപ്പാന്റെ ആത്മസംഘർഷങ്ങൾ പകർന്നാടിയ ശങ്കരാടിക്ക് 1971 ലെ ഏറ്റവും മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്ക്ലാരം ലഭിച്ചു. ചിത്രത്തിന് മികച്ച രണ്ടാമത്തെ ചിത്രമെന്ന ബഹുമതിയും ലഭിച്ചു. മധു എന്ന സംവിധായകൻ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത മികച്ച ചിത്രങ്ങളിലൊന്ന് എന്ന് നിസ്സംശയം അടയാളപ്പെടുത്താവുന്ന ചിത്രമാണു് സിന്ദൂരച്ചെപ്പ്. ഒരു സംവിധായകന്റെ പൂർണ്ണതയിലേയ്ക്കുള്ള വളർച്ചയിലെ നാഴികക്കല്ല്! 1971 ലെ ബാക്കി പതിനഞ്ച് ചിത്രങ്ങളും മികച്ചവതന്നെ. ഒന്നോരണ്ടോ ഭാഗങ്ങൾകൊണ്ട് ഒതുക്കാനാവുമോ എന്ന് സംശയമാണു്. നാലോ അഞ്ചോ ചിത്രങ്ങളെപ്പറ്റിയെങ്കിലും വിശദമായി പ്രതിപാദിച്ചില്ലെങ്കിൽ അത് വലിയൊരു വീഴ്ചയാവും. അതുകൊണ്ട് 71 ലെ അടുത്ത ചിത്രങ്ങൾക്കായി കാത്തിരിക്കുക.. അവയുടെ വിശേഷങ്ങളുമായി തിരിച്ചുവരാം. വര, എഴുത്ത് : പ്രദീപ് Pradeep Purushothaman

#Madhavam

#മാധവം

Comments

Popular Posts