മാധവം. 36

 


മാധവം. 36
1973 ലെ ചിത്രങ്ങളെപ്പറ്റി കഴിഞ്ഞ ഭാഗത്തിൽ നമ്മൾ പറഞ്ഞുനിർത്തുമ്പോൾ 1974 മധു എന്ന നടനേക്കാൾ മധു എന്ന സംവിധായകൻ മികച്ചുനിന്ന വർഷമാണെന്ന് പറഞ്ഞിരുന്നത് ഓർക്കുമല്ലോ. അതിനു കാരണമുണ്ട്. എഴുപത്തിമൂന്നിൽ 18 സിനിമകളിൽ അഭിനയിച്ച മധുസാർ എഴുപത്തിനാലിൽ വെറും അഞ്ചു ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂ. പക്ഷേ അക്കൊല്ലം അദ്ദേഹം മികച്ച രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അതിലഭിനയിക്കുകയും ചെയ്തു. ഒരുപക്ഷേ, ഒരു ചിത്രം സംവിധാനം ചെയ്ത് നിർമ്മിക്കുകയും കെ പി എ സി പോലെയൊരു സംരംഭത്തിന്റെ ബാനറിൽ മറ്റൊരു ചിത്രം സംവിധാനം ചെയ്യുകയും ചെയ്യുക എന്ന ഭാരിച്ച ചുമതലകൾമൂലം നടനെന്ന നിലയിൽ ചിത്രങ്ങളുടെ എണ്ണം ചുരുക്കിയതാവണം.
ഏതായാലും ആ അഞ്ചു ചിത്രങ്ങളിൽ ആദ്യം മധുസാർ സംവിധായകനായ ചിത്രങ്ങളെപ്പറ്റി നമുക്ക് ചർച്ചചെയ്യാം.
#മാന്യശ്രീ വിശ്വാമിത്രൻ
ആളുകളെ അവരുടെ ശരീരത്തിന്റെ ചില പ്രത്യേകതകളെയും ചില സ്വഭാവ വിശേഷങ്ങളേയും അല്പം പെരുപ്പിച്ചുകാട്ടി ഹാസ്യാത്മകമായി ചിത്രീകരിക്കുന്നതിനാണല്ലോ ‘കാരിക്കേച്ചർ’ എന്ന് നാം പറയുന്നത്. അങ്ങനെ നോക്കുമ്പോൾ മലയാളത്തിലെ ആദ്യത്തെ കാരിക്കേച്ചർ സിനിമ എന്നുവേണമെങ്കിൽ ‘മാന്യശ്രീ വിശ്വാമിത്രൻ’ എന്ന ചിത്രത്തെ വിലയിരുത്തുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. പില്ക്കാലത്ത് വളരെ മികച്ച കാരിക്കേച്ചർ ചിത്രങ്ങൾ മലയാളത്തിലുണ്ടായിട്ടുണ്ട്. (‘പഞ്ചവടിപ്പാലം’ ഓർക്കുക.) അതിനൊക്കെ തുടക്കം കുറിച്ച ഒരു ചിത്രമായി ഈ ചിത്രത്തെ കണക്കാക്കാം. ഒരു നിർമ്മാതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും അഭിനേതാവെന്ന നിലയിലും മധുസാറിനെ സംബന്ധിച്ച് ധീരമായ ഒരു പരീക്ഷണമായിരുന്നു ഈ ചിത്രം. അതുവരെ ആരും കൈവച്ചിട്ടില്ലാത്ത ഒരു പ്രമേയം മനോഹരമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അത് ബോക്സോഫീസിൽ സ്വീകരിക്കപ്പെടുകയും ചെയ്തു എന്നതാണ് നിർമ്മാതാവ്, സംവിധായകൻ, നായകനടൻ എന്നനിലകളിൽ ഒരു ബഹുമുഖപ്രതിഭയുടെ വിജയം.
ഹാസ്യത്തിന്റെ മേമ്പൊടിചേർത്ത് ഒരുപാട് ചോദ്യശരങ്ങൾ സമൂഹത്തിലേയ്ക്ക് എയ്തുവിടാൻ ഈ ചിത്രത്തിനു കഴിഞ്ഞു.
മലയാളത്തിലെ മികച്ചസാഹിത്യകാരനും നാടകകാരനുമായ, ബഹുമുഖപ്രതിഭ, ശ്രി. കൈനിക്കര കുമാരപിള്ള കഥയും തിരക്കഥയും സംഭാഷണവും രചിച്ച ഏകസിനിമയാണിതു്. ഉമാ ആർട്ട്സിന്റെ ബാനറിൽ നിർമ്മാണവും മധുസാർതന്നെ നിർവ്വഹിച്ചു് മാർത്താണ്ഡൻ തമ്പി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുകയുംചെയ്തു.
അന്നത്തെ സാങ്കേതിക പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് ടൈറ്റിലിൽ ഭരതൻ നിർവഹിച്ച കാർട്ടൂൺ-കാരിക്കേച്ചർ അനിമേഷൻ ചിത്രത്തിന്റെ തുടക്കത്തിൽത്തന്നെ അതിന്റെ മൂഡിലേക്കെത്തിക്കാൻ പര്യാപ്തമായി.
ഭാസി, ബഹദൂർ, ഷീല, ജയഭാരതി, കവിയൂർപൊന്നമ്മ ഇവരെല്ലാം വളരെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായി രംഗത്തുവന്നു.
ഏഴു ഹിറ്റ് ഗാനങ്ങളുണ്ട് ഈ ചിത്രത്തിൽ, പി ഭാസ്കരന്റെ രചനയിൽ ശ്യാം സംഗീതം നൽകിയവ. ശ്യാം എന്ന സംഗീതസംവിധായന്റെ മികച്ച സിനിമകളിലൊന്നാണിതു്.
മാധുരിപാടിയ ശ്രദ്ധേയമായ രണ്ട് ഹാസ്യഗാനങ്ങൾ:
“കേട്ടില്ലേ കോട്ടയത്തൊരു മൂത്തപിള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയ്”
“വാടി വീണ പൂമാലയായി ചേച്ചീ
വാച്ചു നോക്കി പ്രേമിക്കുമെന്റെ ചേട്ടൻ
രണ്ടു പേർക്കും പിണക്കം
കണ്ടു നിന്നാൽ കടുപ്പം
കാമദേവനോ കാടുകേറിയൊരു
സന്ന്യാസി കണക്കവൻ
കാഷായം ധരിച്ചല്ലോ”
ബ്രഹ്മാനന്ദനും ജാനകിയും ചേർന്നുപാടിയ
“കനവു നെയ്തൊരു കല്പിതകഥയിലെ
ഇടയപ്പെൺകൊടി ഞാൻ”
പി ജയചന്ദ്രനും എസ് റ്റി ശശിധരനും ജയലക്ഷ്മിയും ചേർന്നു പാടിയ
“ഹാ സംഗീതമധുര നാദം..”
എസ് റ്റി ജയചന്ദ്രനെപ്പറ്റി അല്പം പറയാതെ വയ്യ. പത്തനംതിട്ട സ്വദേശി. പാലക്കാട് സംഗീതകോളേജിൽനിന്ന് മികച്ചനിലയിൽ സംഗീതബിരുദം കരസ്ഥമാക്കി 1971 ൽ പിന്നണിഗായകനാവാനുള്ള മോഹവുമായി ചെന്നെയിലെത്തി. അയിരൂർ സദാശിവൻ, ശ്രീകാന്ത്, കാർത്തികേയൻ എന്നിവരോടൊപ്പം ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായി. എട്ടുകൊല്ലത്തോളം കാത്തിരുന്നെങ്കിലും കാര്യമായ അവസരങ്ങളൊന്നും കിട്ടിയില്ല. ആകെ പാടിയത് ആറു ഗാനങ്ങൾ. അതിൽ രണ്ടുഗാനങ്ങൾ മാന്യശ്രീ വിശ്വാമിത്രനിലേത്. ഹിറ്റായ ഗാനം “എന്റെ വീടിനു ചുമരുകളില്ല…”(ചിത്രം : വീണ്ടും പ്രഭാതം). എട്ടാം വർഷം ഡൽഹിയിലെത്തി എം എ പഠനം പൂർത്തിയാക്കി. ചിറ്റൂർ സംഗീതകോളേജിൽ അദ്ധ്യാപകനായി, സീനിയർ പ്രൊഫസറായി റിട്ടയർ ചെയ്തു.
മാന്യശ്രീ വിശ്വാമിത്രനിലെ മറ്റു ഗാനങ്ങൾ:
ജയചന്ദ്രൻ, എസ് റ്റി ശശിധരൻ, എൽ ആർ ഈശ്വരി എന്നിവർ ചേർന്നുപാടിയ:
“ആടാൻ വരൂ വേഗം..”
പി സുശീല പാടിയ
“പണ്ടൊരു നാളിൽ ഈ മരുഭൂവിൽ..”
എൽ ആർ ഈശ്വരി പാടിയ
“സാരസായി മദനാ
നീ കാണുകെന്റെ നടനം..”
മലയാളത്തിന്റെ പ്രിയകവി ഒ എൻ വി കുറുപ്പ് കഥയെഴുതിയ ഒരേയൊരു ചിത്രമാണ്, മധുസാർ 1974 ൽ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം. ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവുമെഴുതിയത് എസ് എൽ പുരം സദാനന്ദനാണ്.
എടുത്തുപറയേണ്ട പ്രത്യേകത ഈ ചിത്രത്തിന്റെ നിർമ്മാണം കെ പി എ സി ഫിലിംസാണ് എന്നതാണ്. കെ പി എ സി നിർമ്മിച്ച രണ്ടാമത്തേതും അവസാനത്തേതുമായ ചലച്ചിത്രം.
ഈ ചിത്രത്തിലെ ഏഴു ഗാനങ്ങളിൽ നാലെണ്ണം വയലാറും മൂന്നെണ്ണം ഒ എൻ വി യും എഴുതി. സംഗീതം ദേവരാജൻ.
രണ്ടു സ്ത്രീകളുടെ അതിജീവനത്തിന്റെയും അതിലൂടെ തോട്ടംതൊഴിലാളികളുടെ ജീവിതസമരത്തിന്റെയും കഥപറയുന്ന ഈ ചിത്രത്തിൽ മധുസാർ കുഞ്ഞിരാമൻ എന്ന തൊഴിലാളി കഥാപാത്രത്തെ അവതരിപ്പിച്ചു.
ഗാനങ്ങൾ:
“കല്ലോലിനീ വന കല്ലോലിനീ..” (ഒ എൻ വി, ജയചന്ദ്രൻ) രാഗം:ആഭേരി
“വിപ്ലവം ജയിക്കട്ടെ, വിഗ്രഹങ്ങൾ തകരട്ടെ (വയലാർ, യേശുദാസും സംഘവും)
“മയൂരനർത്തനമാടി, മലർകളിച്ചെണ്ടുകൾ ചൂടീ..” (വയലാർ, യേശുദാസ്)
“കുറ്റാലം കുളിരരുവീ, മുട്ടോളം ചിലമ്പുചാർത്തിയ.. “ (വയലാർ, യേശുദാസ്)
“മരിക്കാൻ ഞങ്ങൾക്കു മനസ്സില്ല..”(വയലാർ, യേശുദാസും സംഘവും)
“കവിതകൊണ്ടുനിൻ കണ്ണൂനീരൊപ്പുവാൻ..”(ഒ എൻ വി, യേശുദാസ്)
“അല്ലിമലർകിളിമകളേ, ചൊല്ലുചൊല്ല്..” (ഒ എൻ വി, മാധുരി)
#ഒരു പിടി അരി
ജോസഫ് ആനന്ദ് കഥയെഴുതി, തോപ്പിൽഭാസി തിരക്കഥയും സംഭാഷണവുമെഴുതി, പി ഭാസ്കരൻ സംവിധാനം ചെയ്ത ചിത്രം.
ഇതിലെ ശ്രീകണ്ഠൻ നായർ എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.
ഈ ചിത്രത്തിൽ പി ഭാസ്കരൻ എഴുതി എ ടി ഉമ്മർ സംഗീതം നൽകിയ അഞ്ചു ഗാനങ്ങളാണുള്ളത്.
ശ്രീകുമാരൻ തമ്പി കഥയും തിരക്കഥയും സംഭാഷണവുമെഴുതി ബാബു നന്തൻകോട് സംവിധാനം ചെയ്ത ഈ ചിത്രം നായികയായ വിജയശ്രീ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് മുടങ്ങിപ്പോയെങ്കിലും വിജയശ്രീയുടെ മുഴുമിക്കാത്ത മറ്റൊരു ചിത്രമായ ‘വണ്ടിക്കാരി’യോടൊപ്പം ഒരുമിച്ചാണ് പ്രദർശിപ്പിച്ചത്. മലയാളത്തിലെ ആദ്യത്തെ ‘ആന്തോളജി’ ചിത്രം എന്നുവേണമെങ്കിൽ പറയാം.
മോഹനൻ എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.
ശ്രീകുമാരൻ തമ്പി – ദക്ഷിണാമൂർത്തി കൂട്ടുകെട്ടിന്റെ മനോഹരമായ ആറു ഗാനങ്ങൾ:
“സ്വർണ്ണപ്പൂഞ്ചോല, ചോലയിൽ വർണ്ണത്തിരമാല..”(യേശുദാസ്, ജാനകി) രാഗം:മധ്യമാവതി.
“കണ്ണാടി വിളക്കുമായ്” (യേശുദാസ്)
“മധുരമീനാക്ഷി അനുഗ്രഹിക്കും..” (ജാനകി) രാഗം: ദേവഗാന്ധാരി.
“പുല്ലാങ്കുഴൽ പാട്ടുകേൾക്കുമ്പോൾ..” (യേശുദാസ്). ആനന്ദഭൈവരവി, സാവേരി, ഹമീർകല്യാണി രാഗങ്ങൾ.
“ദൈവമേ ദീപമേ..” (ജാനകി)
“സ്വരരാഗമധുതൂകും..” (യേശുദാസ്). നാട്ടക്കുറിഞ്ഞി, വലചി, ആനന്ദഭൈരവി രാഗങ്ങൾ.
#ഭൂമിദേവി പുഷ്പിണിയായി
പ്രശസ്ത സംവിധായകൻ ഹരിഹരന്റെ മൂന്നാമത്തെ ചിത്രമാണ് “ഭൂമിദേവി പുഷ്പിണിയായി”.
ബാലമുരുകന്റെ കഥയ്ക്ക് എസ് എൽ പുരം തിരക്കഥയും സംഭാഷണവുമെഴുതി.
ഇതിലെ കളക്റ്റർ ജഗദീഷ് എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.
വയലാർ -ദേവരാജൻ കൂട്ടുകെട്ടിൽപ്പിറന്ന ഏഴു ഗാനങ്ങൾ.
“ദന്തഗോപുരം തപസ്സിനു തിരയും
ഗന്ധർവ്വ കവിയല്ല ഞാൻ
മൂകതമൂടും ഋഷികേശത്തിലെ
മുനിയല്ല ഞാൻ ഒരു
മുനിയല്ല ഞാൻ” എന്ന അതിമനോഹര രചന ഈ ചിത്രത്തിലേതാണ്. മോഹനരാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
“പനിനീർമഴ, പൂമഴ”
“പാതിരാതണുപ്പു വീണു..” എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ഗാനങ്ങൾ.
1974 ൽ മധുസാറിന് എണ്ണത്തിൽ കുറവു ചിത്രങ്ങളാണുണ്ടായതെങ്കിലും, എഴുപത്തിനാല് അവസാനിക്കുമ്പോൾ മധു എന്ന നടൻ മികച്ച സംവിധായനും നിർമ്മാതാവുമായി ചിരപ്രതിഷ്ഠനേടുന്നതാണ് നാം കാണുന്നത്.
അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തോടൊപ്പം മികച്ച ചിത്രങ്ങളിൽ അഭിനയിച്ച ശാരദ പറഞ്ഞത് “മലയാളസിനിമയ്ക്ക് നൽകിയ സംഭാവനകളുടെ കാര്യത്തിൽ മധുസാർ പ്രേംനസീറിനേക്കാളും സത്യനേക്കാളും മുന്നിലാണ്” എന്ന്.
1975 ലെ ചിത്രങ്ങളുമായി മടങ്ങിവരുംവരെ കാത്തിരിക്കുക..
നമുക്കൊരുമിച്ച് ഈ യാത്ര തുടരാം…
വര, എഴുത്ത് : പ്രദീപ് Pradeep Purushothaman

Comments

Popular Posts