മാധവം.35

 


മാധവം. 35
1973 ലെ അവശേഷിക്കുന്ന ചിത്രങ്ങളിലൂടെ നമുക്ക് യാത്രതുടരാം..
കാനം ഈ ജെ യുടെ കഥ, തിരക്കഥ, സംഭാഷണം.
എം കൃഷ്ണൻ നായരുടെ സംവിധാനം.
കാനം കഥകളിലെ സങ്കീർണ്ണമായ ബന്ധങ്ങളും ട്വിസ്റ്റുകളും നിറഞ്ഞൊരു ചിത്രം.
ഇതിലെ ഗോപാലകൃഷ്ണൻ എന്ന നായകകഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്. ജയഭാരതിയാണ് നായിക.
കാനം ഈ ജെ ഗാനരചയിതാവാകുന്ന ആദ്യ ചിത്രംകൂടിയാണിത്. അർജ്ജുനന് മാഷാണ് സംഗീതസംവിധാനം.
മൊത്തം അഞ്ചു ഗാനങ്ങൾ
“സ്വയംവര കന്യകേ” (കെ ജെ യേശുദാസ്)
“പുഞ്ചിരിപ്പൂവുമായ് പഞ്ചമിച്ചന്ദ്രിക” (പി. സുശീല)
“രത്നരാഗമുണർന്ന നിൻ കവിളിൽ
ലജ്ജയിൽ മുത്തുകളൊഴുകി
ചിത്രമൃഗമിഴി എന്മനതാരിൽ
എത്ര കവിതകളെഴുതി നീ - എഴുതി
എത്ര കവിതകളെഴുതി..” (കെ ജെ യേശുദാസ്) രാഗം : ശുദ്ധധന്യാസി
“മനുഷ്യനു ദൈവം ശക്തികൊടുത്തു
മൃഗങ്ങളേക്കാൾ ബുദ്ധികൊടുത്തു
മറ്റൊരു ഹൃദയം കാണാന് മാത്രം
മർത്യനു കഴിവു കൊടുത്തില്ല - ദൈവം
മർത്യനു കഴിവു കൊടുത്തില്ല” (കെ ജെ യേശുദാസ്) രാഗം : മോഹനം
“ശലഭമേ വരൂ - നിശാ
ശലഭമേ വരൂ” ( പി മാധുരി)
ഹിറ്റ്മേക്കർ ശശികുമാറിന്റെ കഥയ്ക്ക് ജഗതി എൻ കെ ആചാരി തിരക്കഥയും സംഭാഷണവുമെഴുതി, ശശികുമാർതന്നെ സംവിധാനം ചെയ്ത ചിത്രമാണ് ദിവ്യദർശനം. പഴമയും പുതുമയും തമ്മിലുള്ള ഏറ്റുമുട്ടലുകളും അന്നത്തെക്കാലത്തിനൊത്തവണ്ണം പഴമയുടെ മഹത്വം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു മെലോഡ്രാമ എന്നുവേണമെങ്കിൽ ഈ സിനിമയെ പറയാം. ഇന്ന് ഇത്തരമൊരു സിനിമ ഇറങ്ങിയാൽ എത്രമാത്രം സ്വീകാര്യതയുണ്ടാകുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഈ ചിത്രത്തിലെ വേണു എന്ന പുരോഗമനവാദിയായ നായകനെയാണ് മധുസാർ അവതരിപ്പിക്കുന്നത്. ജയഭാരതിയാണ് നായിക. ഉടനീളം വിശ്വാസത്തിന്റെ പക്ഷംപിടിച്ചാണ് ചിത്രത്തിന്റെ കഥാഗതി.
ഇങ്ങനെയൊക്കെയാണെങ്കിലും ചിത്രം സ്വീകാര്യമായത് അതിലെ അതിമനോഹരങ്ങളായ ആറു പാട്ടുകളിലൂടെയാണ്. ഇതുകൂടാതെ കുഞ്ചൻ നമ്പ്യാരുടെ ഒരു തുള്ളൽപ്പാട്ടും ഈ ചിത്രത്തിലുണ്ട്.
ശ്രീകുമാരൻ തമ്പി രചിച്ച് എം. എസ് വിശ്വനാഥൻ സംഗീതം നൽകിയതാണ് ആറു ഗാനങ്ങളും.
ഇതിൽ “ഉദിച്ചാൽ അസ്തമിയ്ക്കും മണ്ണിൽ
ജനിച്ചാൽ അന്തരിയ്ക്കും
വിടർന്നാൽ കൊഴിയും
നിറഞ്ഞാലൊഴിയും
വിധി ചിരിയ്ക്കും കാലം നടക്കും
ഉദിച്ചാൽ അസ്തമിയ്ക്കും മണ്ണിൽ
ജനിച്ചാൽ അന്തരിയ്ക്കും” എന്ന തത്വചിന്താപരമായ മനോഹരഗാനം എം എസ് വിശ്വനാഥൻ തന്നെ ഗംഭീരമായി പാടി.
“ആകാശരൂപിണി അന്നപൂർണ്ണേശ്വരി
അഭയം തവപദ കമലം.” (യേശുദാസ്)
“കർപ്പൂരദീപത്തിൽ കാന്തിയിൽ
കണ്ടു ഞാൻ, നിന്നെയാ സന്ധ്യയിൽ” (പി. ജയചന്ദ്രൻ, വസന്ത) രാഗം : കല്യാണി
“അമ്പലവിളക്കുകളണഞ്ഞു
അമ്പരദീപവും പൊലിഞ്ഞു..” (യേശുദാസ്)
“സ്വർണ്ണഗോപുര നർത്തകീശില്പം
കണ്ണിനു സായൂജ്യം നിൻ രൂപം..” (ജയചന്ദ്രൻ) രാഗം : സിന്ധുഭൈരവി.
“ത്രിപുരസുന്ദരി ത്രൈലോക്യമോഹിനി
ത്രിശൂലവര ധാരിണീ” (പി ലീല)
ഇവയാണ് ഗാനങ്ങൾ.
കുഞ്ചൻ നമ്പ്യാരുടെ “ഉടലതിരമ്യമൊരുത്തനു കാല്ക്കൊരു
മുടവുണ്ടവനു നടക്കുന്നേരം
മറ്റൊരു പുരുഷൻ സുന്ദരനെങ്കിലും
ഒറ്റക്കണ്ണനതായതു ദോഷം” എന്നു തുടങ്ങുന്ന തുള്ളൽപ്പദം ശ്രീലത നമ്പൂതിരിയും സംഘവും പാടിയിരിക്കുന്നു.
വൈക്കം ചന്ദ്രശേഖരൻ നായരുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവുമെഴുതി തോപ്പിൽഭാസി സംവിധാനം ചെയ്ത ഈ ചിത്രം സുപ്രിയയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് ഹരി പോത്തനാണ്.
നായകനായ ഭാസ്കരൻകുട്ടിയായി മധുസാർ വേഷമിടുമ്പോൾ ടൈറ്റിൽ കഥാപാത്രമായ മാധവിക്കുട്ടിയായി ജയഭാരതിയെത്തുന്നു.
ബഹദൂർ മികച്ച വേഷത്തിലഭിനയിച്ച സിനിമയാണിത്. ഈ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം 1973 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ നടൻ പുരസ്കാരം നേടി.
ജയഭാരതി അക്കൊല്ലത്തെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
വയലാർ - ദേവരാജൻ ടീമിന്റെ നാലുഗാനങ്ങളും ഇരയിമ്മൻ തമ്പിയുടെ “വീരവിരാട കുമാരവിഭോ..” എന്നു തുടങ്ങുന്ന കൃതിയുമാണ് ഈ ചിത്രത്തിലുള്ളത്.
വയലാറിന്റെ ഗാനങ്ങളിൽ ജയചന്ദ്രന്റെ നിത്യഹരിതഗാനമായ
“മാനത്തുകണ്ണികൾ മയങ്ങും കയങ്ങൾ
മനോരമേ നിൻ നയനങ്ങൾ” എന്ന മനോഹരഗാനവും ഉൾപ്പെടുന്നു.
മുട്ടത്തുവർക്കിയുടെ കഥയ്ക്ക് തോപ്പിൽഭാസി തിരക്കഥയും സംഭാഷണവുമെഴുതി ശശികുമാർ സംവിധാനം നിർവഹിച്ച സിനിമയാണ് തെക്കൻ കാറ്റ്.
ഗാനങ്ങൾ പി ഭാസ്കരനും ഭരണിക്കാവു ശിവകുമാറും എഴുതിയപ്പോൾ സംഗീതം നൽകിയത് എ ടി ഉമ്മറാണ്.
ഇതിൽ ബാഗേശ്രീ രാഗത്തിൽ ചിട്ടപ്പെടുത്തി ബ്രഹ്മാനന്ദൻ പാടിയ
“പ്രിയമുള്ളവളേ, നിനക്കുവേണ്ടി..” എന്ന ഹിറ്റ് ഗാനവും ഉൾപ്പെടുന്നു.
അടൂർഭാസി ഇതിലെ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
കാനം ഈ ജെ കഥയും തിരക്കഥയും സംഭാഷണവുമെഴുതി പി സുബ്രഹ്മണ്യം നിർമ്മാണവും സംവിധാനവും നിർവഹിച്ച ചിത്രം.
ഇതിലെ ബാബു എന്ന നായക കഥാപാത്രത്തെ മധുസാറും ലിസി എന്ന നായികയെ വിജയശ്രീയും അവതരിപ്പിച്ചു.
ഇതിലെ ശ്രീകുമാരൻ തമ്പി എഴുതി ദേവരാജൻ സംഗീതം നൽകിയ ആറു ഗാനങ്ങളിൽ ജയചന്ദ്രൻ പാടിയ
“സ്വർണ്ണമുഖീ നിൻ സ്വപ്നസദസ്സിൽ..” എന്നു തുടങ്ങുന്ന ഗാനം മികച്ചുനിൽക്കുന്നു.
#ഭാരത് വിലാസ്
ഇതൊരു തമിഴ് ചിത്രമാണ്. പല സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഒരു വീട്ടിൽ താമസിക്കുന്നതിന്റെ രസകരമായൊരു സിനിമയാണിത്. അവസാനം സംസ്ഥാനഭേദങ്ങൾക്കപ്പുറം നാമെല്ലാം ഭാരതമെന്ന ഒറ്റരാജ്യത്തിലെ പൗരന്മാരാണ് എന്ന സന്ദേശം നൽകുന്ന സിനിമ.
ഇതിൽ ഒരു മലയാളനടനായി, അതിഥിതാരമായാണ് മധുസാർ എത്തുന്നത്.
മധു എന്ന ചലച്ചിത്രകാരന്റെ ജീവിതത്തിലെ സംഭവബഹുലമായൊരു വർഷംകൂടിയാണ് കടന്നുപോയത്. 1974 മധു എന്ന നടനേക്കാൾ മധു എന്ന സംവിധായകൻ മികച്ചുനിന്ന വർഷമാണ്..
അതിനെപ്പറ്റി അടുത്ത ഭാഗത്തിൽ നമുക്ക് സംസാരിക്കാം.
അതുവരെ നമസ്കാരം..
ഈ യാത്ര നമുക്ക് തുടരാം..
കാത്തിരിക്കുക!
വര, എഴുത്ത് : പ്രദീപ് @Pradeep Purushothaman

Comments

Popular Posts