മാധവം-34

 


മാധവം-34

1973 ൽ മികച്ച ചിത്രങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന് കഴിഞ്ഞ ഭാഗം അവസാനിപ്പിക്കുമ്പോൾ പറഞ്ഞിരുന്നു.

പ്രതിഭാധനരായ ചലച്ചിത്രകാരന്മാരുടേയും കലാകാരന്മാരുടേയും സംഗമത്തിൽപ്പിറന്ന ചിത്രങ്ങൾ. അവ ഏതൊക്കെയെന്ന് നോക്കാം.

#കാട്
നീലാസ്റ്റുഡിയോയിൽനിന്ന് പി.സുബ്രഹ്മണ്യത്തിന്റെ സംവിധാനത്തിൽ പ്രത്യേകതകളുള്ള ഒരുപാട് ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. മൃഗങ്ങളെ സമർത്ഥമായി ഉപയോഗിക്കുകയും വനം പശ്ചാത്തലമാക്കുകയും ചെയ്തിട്ടുള്ള അത്തരം ചിത്രങ്ങളിൽ പ്രധാനമാണ് കാട് എന്ന ചിത്രം.

കഥ നിലായുടെ കഥാവിഭാഗവും, തിരക്കഥ-സംഭാഷണം എസ് എൽ പുരം സദാനന്ദനും നിർവഹിച്ചിരിക്കുന്നു.

കുറ്റവാളിയെത്തേടിയുള്ള സി ഐ ഡി രാജേന്ദ്രന്റെ യാത്രയും കാട്ടിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ. സി ഐ ഡി രാജേന്ദ്രനായി മധുസാർ അഭിനയിച്ചിരിക്കുന്നു. വിജയശ്രീയാണ് നായിക.
നേരത്തേപറഞ്ഞപോലെ മൃഗങ്ങളെ ചിത്രത്തിന്റെ ഭാഗമാക്കി ഭൂരിപക്ഷവും കാട്ടിൽ ചിത്രീകരിച്ച ഈ ചിത്രം അന്ന് വളരെ ശ്രദ്ധ നേടി.
റാണി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഈ ചിത്രം തമിഴിൽ “മലൈനാട്ടുമങ്ക” എന്ന പേരിലും ഹിന്ദിയിൽ “ഹം ജംഗലീ ഹൈ” എന്നപേരിലും റീമേക്ക് ചെയ്തിട്ടുണ്ട്.
തമിഴിൽ ജെമിനിഗണേശനും ഹിന്ദിയിൽ കിരൺ കുമാറുമായിരുന്നു നായകന്മാർ.
മൂന്നുഭാഷകളിലും സംഗീതസംവിധാനം നിർവ്വഹിച്ചത് ദേവ് പാൽ ശർമ്മയാണ്. ഹിന്ദിയിലെ ഗാനങ്ങളും അദ്ദേഹംതന്നെയാണ് രചിച്ചതും.

ശ്രീകുമാരൻ തമ്പി രചിച്ച ആറു ഗാനങ്ങളാണ് കാട് എന്ന ചിത്രത്തിലുള്ളത്.

“അമ്പിളി വിടരും പൊന്മാനം,
പങ്കിളിപാടും മലയോരം” (യേശുദാസ്, ജാനകി)

ഒരേ ഈണത്തിൽ, രണ്ടു ഭാവങ്ങളിൽ, രണ്ടു ഗാനങ്ങൾ:
“എൻ ചുണ്ടിൽ രാഗമന്ദാരം.
എൻ കാലിൽ താള ശൃംഗാരം..” (പി സുശീല)

“എൻ ചുണ്ടിൽ രാഗനൊമ്പരം
എൻ കാലിൽ താളഗദ്ഗദം..” (എസ് ജാനകി)

“ഏഴിലം പാല പൂത്തു
പൂമരങ്ങൾ കുടപിടിച്ചു.” (യേശുദാസ്, സുശീല)

“പൗർണ്ണമിതൻ പാലരുവി..” (ബ്രഹ്മാനന്ദനും, വസന്തയും സംഘവും)

“വേണോ വേണോ, ആനപ്പല്ലുവേണോ..
ആടലോടകം വേണോ…” (പി ബി ശ്രീനിവാസ്, എൽ ആർ ഈശ്വരി)

1973 ൽ പ്രദർശനവിജയം നേടിയ ചിത്രങ്ങളിലൊന്നാണ് ‘കാട്’.

#നഖങ്ങ
വൈക്കം ചന്ദ്രശേഖരൻ നായരുടെ കഥയ്ക്ക് തോപ്പിൽഭാസി തിരക്കഥയും സംഭാഷണവുമെഴുതി എ വിൻസെന്റ് സംവിധാനംചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മികച്ചതും വ്യത്യസ്തവുമായ സിനിമകൾ മലയാളത്തിനു സംഭാവനചെയ്ത സുപ്രിയയുടെ ബാനറിൽ ഹരിപോത്തനാണ്.
വളരെ സങ്കീർണ്ണവും ഉത്കണ്ഠ ജനിപ്പിക്കുന്നതുമായ കഥാഗതിയുള്ള ഒരു ചിത്രമാണ് നഖങ്ങൾ. മികച്ച വിജയംനേടിയ ചിത്രങ്ങളിലൊന്ന്.
കെ ആർ വിജയയുടേയും മധുസാറിന്റെയും അഭിനയമികവ് എടുത്തുപറയേണ്ട ചിത്രം.

എക്കാലത്തെയും മികച്ച അഞ്ചുഗാനങ്ങൾ. വയലാർ രാമവർമ്മയുടെ തൂലികയിൽനിന്നും പിറന്ന്, ജി ദേവരാജന്റെ സംഗീതത്തിലൂടെ അമരത്വംവരിച്ച ഗാനങ്ങൾ.
ചിത്രം ആരംഭിക്കുന്നതുതന്നെ,

“പുഷ്പമംഗലയാം ഭൂമിക്ക് - വേളി
പ്പുടവയുമായ് വരും വെളുത്തവാവേ എന്റെ
മടിയിൽ മയങ്ങുമീ മാലതീലതയെ
തൊടല്ലേ തൊടല്ലേ നീ..” എന്ന യേശുദാസ് പാടിയ മനോഹരഗാനവുമായാണ്.

തുടർന്നുള്ള ഗാനങ്ങൾ:

യേശുദാസും മാധുരിയും ചേർന്നുള്ള ആ മനോഹരമായ യുഗ്മഗാനം:
“കൃഷ്ണപക്ഷക്കിളി ചിലച്ചു..”

“മാതാവേ, മാതാവേ
മനുഷ്യപുത്രനെ ഞങ്ങൾക്കു നൽകിയ മാതാവേ..” പി സുശീല പാടിയ ഭക്തിഗാനം.

“ഗന്ധർവ നഗരങ്ങൾ അലങ്കരിക്കാൻ പോകും
ഇന്ദുകലേ സഖി ഇന്ദുകലേ..” മാധുരി പാടിയത്.
വളരെ മനോഹരവും ആവേശജനകവുമായ ഒരുപാട് വിപ്ലവഗാനങ്ങളുടെ രചയിതാവാണ് വയലാർ. മലയാള സിനിമയിൽ ഒരുപാട് വിപ്ലവഗാനങ്ങൾ വേറെയും ഉണ്ടായിട്ടുമുണ്ട്.
പക്ഷേ നഖങ്ങളിലെ -
“നക്ഷത്രങ്ങളേ സാക്ഷി,
നവഗ്രഹങ്ങളേ സാക്ഷി,
യാത്രയായി, അന്ത്യയാത്രയായീ
ഈ യാഗഭൂമിയിലെ രക്തസാക്ഷി!” എന്ന ഗാനംപോലെ വ്യത്യസ്തവും, ഒരേസമയം ആവേശംകൊള്ളിക്കുകയും, നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഒരു ഗാനം വേറെയുണ്ടോ എന്ന് സംശയമാണ്. അതാകട്ടെ, വയലാറിനുമാത്രം കഴിയുന്ന ഇന്ദ്രജാലവും!

എല്ലാംകൊണ്ടും 1973ൽ ശ്രദ്ധേയമായ ഒരു ചിത്രമായി നഖങ്ങൾ.

#ചുക്ക്
മഞ്ഞിലാസിന്റെ മികച്ച ചിത്രങ്ങളിലൊന്നാണ് ‘ചുക്ക്’.
തകഴി ശിവശങ്കരപ്പിള്ളയുടെ കഥയ്ക്ക് തോപ്പിൽഭാസി തിരക്കഥയും സംഭാഷണവുമെഴുതി പ്രതിഭാധനനായ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ചുക്ക്.
നേരത്തേ പറഞ്ഞപോലെ വിഖ്യാതരായ മലയാള സാഹിത്യകാരന്മാരുടെ ഏറ്റവുമധികം കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കാൻ കഴിഞ്ഞ മധുസാറിന്റെ അത്തരമൊരു വേഷമാണ് ചുക്ക് എന്ന സിനിമയിലെ ചാക്കോച്ചൻ എന്ന കഥാപാത്രവും.

ഈ ചിത്രവും മനോഹരങ്ങളായ ആറു ഗാനങ്ങളാൽ അനുഗ്രഹീതമാണ്.
ഗാനരചന വയലാർ, സംഗീതം ദേവരാജൻ.

“ഇഷ്ടപ്രാണേശ്വരീ.. “ ജയചന്ദ്രന്റെ ഹിറ്റ് ഗാനങ്ങളിലൊന്ന്!

“വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ…” വയലാറിന്റെ അഭൗമമായ, മനം മയക്കുന്ന, രചനകളിലൊന്ന്! ഹിന്ദോളരാഗത്തിന്റെ വശ്യതയും യേശുദാസിന്റെ അലൗകികാലാപനവുംചേർന്ന് അനശ്വരമാക്കിയ ഗാനം!

“കാദംബരീപുഷ്പസദസ്സിൽ..” അതിമനോഹരമായ ഈ രചന, ശിവരഞ്ജിനി രാഗത്തിൽ പി സുശീലയിലൂടെ, സംഗീതാരാമത്തിലെ ഒരനശ്വരപുഷ്പമായിമാറി!

“യരുശലേമിലെ സ്വര്‍ഗ്ഗദൂതാ..” പി സുശീലയും പി ജയചന്ദ്രനും ചേര്‍ന്നുപാടിയ ഈ മനോഹരഭക്തിഗാനം തലമുറകള്‍ക്കിപ്പുറവും ഏറ്റുപാടപ്പെടുന്ന ഭക്തിഗാനങ്ങളിലൊന്നാണ്!

“സംക്രമവിഷുപ്പക്ഷീ, സംവത്സരപ്പക്ഷീ” പി ലീലയുടെ അനശ്വരമായ ഒരു മനോഹരഗാനം.

“വെള്ളിക്കുരിശ് വലം കൈയിലുയര്‍ത്തിയ
വെള്ളിയാഴ്ച രാത്രി, ദുഃഖവെള്ളിയാഴ്ച രാത്രി” മാധുരിപാടിയ, നൊമ്പരപ്പെടുത്തുന്ന ഒരു ഭക്തിഗാനം.

രചന, തിരക്കഥ, സംവിധാനം, ഗാനങ്ങള്‍, സംഗീതം തുടങ്ങി എല്ലാ വിഭാഗങ്ങളിലും മികച്ചുനിന്ന ഒരു സിനിമയാണ് ചുക്ക്.

മധുസാറിന്റെ 1973 ലെ ആറു ചിത്രങ്ങള്‍കൂടി ഇനി ബാക്കിയുണ്ട്.
അടുത്തഭാഗത്തിനായി കാത്തിരിക്കുക..
നമുക്കൊരുമിച്ച് ഈ യാത്ര തുടരാം..

വര, എഴുത്ത് : പ്രദീപ് Pradeep Purushothaman
#മാധവം

#Madhavam

Comments

Popular Posts