മാധവം. 29


മാധവം – 29
മധുസാറിന്റെ 1972 ലെ ചിത്രങ്ങളെപ്പറ്റിയാണ് നമ്മൾ പറഞ്ഞുകൊണ്ടിരുന്നത്. പതിനാറുചിത്രങ്ങളിൽ ആറു ചിത്രങ്ങളെപ്പറ്റിയേ കഴിഞ്ഞ അദ്ധ്യായത്തിൽ പറയാനായുള്ളൂ.
മറ്റു ചിത്രങ്ങളിലൂടെ നമുക്കീ യാത്ര തുടരാം.
പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ഫാക്ടറിയിലെ പണിമുടക്കും തുടർന്നുള്ള സംഭവങ്ങളുമാണീ ചിത്രത്തിന്റെ ഇതിവൃത്തം.
ചെമ്പരത്തി ഉൾപ്പടെ കുറച്ചു നല്ല സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള പെരുവാരം ചന്ദ്രശേഖരൻ കഥയെഴുതിയ ഏക ചിത്രമാണിത്. തോപ്പിൽഭാസി തിരക്കഥയും സംഭാഷണവുമെഴുതി പി എൻ മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ മധുസാറിനോടൊപ്പം വലിയൊരു താരനിര അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത നർത്തകി കലാമണ്ഡലം ക്ഷേമാവതി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
വയലാർ - ബാബുരാജ് കൂട്ടുകെട്ടിൽപ്പിറന്ന മൂന്നു മികച്ച ഗാനങ്ങളുണ്ട്.
അതിലൊന്ന് പ്രശസ്തമായ “വിജയദശമി, വിടരുമീ വ്യവസായ യുഗത്തിലെ…” എന്ന ഗാനം എസ് ജാനകിയും പി സുശീലാദേവിയും ചേർന്ന് പാടിയിരിക്കുന്നു.
“മാനസ സരസ്സിൽ കരയിൽ നിന്നോ
ഗന്ധമാദനഗിരിയുടെ മടിയിൽ നിന്നോ..” എന്ന ഗാനം എസ് ജാനകി പാടി.
“വിപ്ലവം ജയിക്കട്ടെ…” എന്ന വിപ്ലവഗാനം യേശുദാസും ജയചന്ദ്രനും ചേർന്നു പാടിയതിൽ കോറസ് പാടിയ കുളത്തൂപ്പുഴ രവി എന്ന ഗായകനെപ്പറ്റി പരാമർശിക്കേണ്ടതുണ്ട്. 1969ൽ വെള്ളിയാഴ്ച എന്ന സിനിമയിൽ “പാർവണ രജനീ…” എന്നു തുടങ്ങുന്ന യുഗ്മഗാനം (രചന: പി ഭാസ്കരൻ, സംഗീതം : ബാബുരാജ്) എസ് ജാനകിയോടൊത്തു പാടിത്തുടങ്ങിയ ഈ ഗായകൻ പല ചിത്രങ്ങളിലായി 37 ഗാനങ്ങൾ പാടിയിട്ടുണ്ട്. പലതും ഹിറ്റ് ഗാനങ്ങളുമാണെങ്കിലും, നമ്മളീ വ്യക്തിയെ ഗായകൻ എന്നതിനേക്കാൾ സംഗീത സംവിധായകൻ എന്ന നിലയിലാണ് അറിയുന്നത്. അത് വേറാരുമല്ല, പകരം വയ്ക്കാനില്ലാത്ത പ്രതിഭ, പ്രിയങ്കരനായ രവീന്ദ്രൻമാഷ്തന്നെ!
അദ്ദേഹത്തിന്റെ അഞ്ചാമത്തെ ഗാനമായിരുന്നു പണിമുടക്കിലേത്.
#ഇനിയൊരു ജന്മം തരൂ
ദേവഭാരതി കഥയെഴുതി (ഈ ഒരേയൊരു ചിത്രത്തിനേ ദേവഭാരതി കഥയെഴുതിയിട്ടുള്ളൂ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല) പാറപ്പുറത്ത് തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രമാണിത്. സംവിധാനം കെ വിജയൻ. 1960 കളുടെ അവസാനം സിനിമാമോഹവുമായി മദിരാശിയിലെത്തിയ സത്യന് വിജയൻ എന്ന പേര് നൽകിയത് എം ബി ശ്രീനിവാസനാണ്. വിജയന്റെ കന്നിച്ചിത്രമാണ് “ഇനിയൊരു ജന്മം തരൂ.” ഈ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു. മലയാളത്തിൽ മൊത്തം 9 ചിത്രങ്ങളേ സംവിധാനം ചെയ്തുള്ളൂ എങ്കിലും തമിഴിൽ 68 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 100 ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തും. വിജയൻ സംവിധാനം ചെയ്ത 68 തമിഴ് ചിത്രങ്ങളിൽ 35 എണ്ണത്തിൽ ശിവാജിഗണേശനായിരുന്നു നായകൻ.
മധുസാറും ജയഭാരതിയും പ്രധാന വേഷങ്ങളിലെത്തി.
വയലാർ എഴുതി എം ബി ശ്രീനിവാസൻ സംഗീതം നൽകിയ ആറു ഗാനങ്ങൾ.
“മാംസപുഷ്പം വിരിഞ്ഞു..” (യേശുദാസ്)
“കന്മദം മണക്കും…” (യേശുദാസ്)
“അത്യുന്നതങ്ങളിലിരിക്കും..” (പി ബി ശ്രീനിവാസും സംഘവും)
“സ്വാഗതം, സ്വാഗതം, സ്വപ്നസഖീ…” (യേശുദാസ്)
“അരളി, തുളസി, രാജമല്ലി..” (എസ് ജാനകി)
“ശബ്ദസാഗര നന്ദിനിമാരേ..” എസ് ജാനകിയ്ക്കും യേശുദാസിനുമൊപ്പം പ്രശസ്ത സംഗീതജ്ഞരായ ജയവിജയന്മാരുംചേർന്ന് ഈ ഗാനം ആലപിച്ചിരിക്കുന്നു.
ഫാന്റസിയും മനഃശാസ്ത്രവും യാഥാർത്ഥ്യവുമൊക്കെ കൂടിക്കുഴഞ്ഞുകിടക്കുന്ന ഒരു ചിത്രമാണ് ഗന്ധർവ്വക്ഷേത്രം. അന്നുവരെ മലയാളത്തിലുണ്ടായതിൽനിന്ന് വളരെ വ്യത്യസ്തമായ ചിത്രം. പ്രശസ്തമായ ഉദയയുടെ ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ച ചിത്രം.
തകഴിയുടെ കഥയ്ക്ക് തോപ്പിൽഭാസി തിരക്കഥയും സംഭാഷണവുമെഴുതുമ്പോൾ ചിത്രം വ്യത്യസ്തമാവാതെ തരമില്ലല്ലോ!
അന്നത്തെ പ്രഗത്ഭ സംവിധായകനായ എ വിൻസെന്റിന്റെ സംവിധാനംകൂടിയായപ്പോൾ ചിത്രം മികച്ചതായി.
കലാസംവിധായകൻ എന്ന നിലയിൽ ഭരതന്റെ അരങ്ങേറ്റചിത്രമാണ് ഗന്ധർവ്വക്ഷേത്രം.
സിനിമയിൽ കാണിക്കുന്ന ഗന്ധർവ്വപീഠം ഭരതൻ ഒരു പന മൂടോടെ വെട്ടിക്കൊണ്ടുവന്ന് ഉദയാസ്റ്റുഡിയോ വളപ്പിൽ സ്ഥാപിച്ച് ഉണ്ടാക്കിയെടുത്ത് എല്ലാവരേയും അമ്പരപ്പിച്ചുകളഞ്ഞു.
വയലാർ - ദേവരാജൻ കൂട്ടുകെട്ടിൽപ്പിറന്ന അഞ്ച് ഹിറ്റുഗാനങ്ങൾ ഈ ചിത്രത്തിന്റെ മാറ്റുകൂട്ടി. ഒട്ടും മുഖവുര ആവശ്യമില്ലാത്ത, മലയാളിമനസ്സുകളിൽ പാടിപ്പതിഞ്ഞുകിടക്കുന്ന വശ്യമനോഹരങ്ങളായ അഞ്ചു ഗാനങ്ങൾ!
“ഇന്ദ്രവല്ലരിപ്പൂ ചൂടിവരും
സുന്ദരഹേമന്ത രാത്രി..” ഏതു ഗന്ധർവനും പാടിയേക്കാവുന്ന മനോഹരഗാനം! ആഭേരി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം യേശുദാസ് അനശ്വരമാക്കി.
“വസുമതീ, ഋതുമതീ,
ഇനിയുണരൂ, ഇവിടെവരൂ,
ഈ ഇന്ദുപുഷ്പ ഹാരമണിയൂ..” പൂർണ്ണചന്ദ്രനുള്ള വെള്ളിയാഴ്ച രാത്രിയിൽ പാലപ്പൂമണത്തിന്റെ അകമ്പടിയോടെ ഭൂമിയിലെത്തുന്ന ഗന്ധർവ്വന്റെ മാസ്മരികമായ ഈ വിളികേട്ടാൽ ഏതു കന്യകയാണ് ഇറങ്ങിച്ചെല്ലാത്തത്! നിലാവിന്റെ തണുപ്പും പാലപ്പൂവിന്റെ സുഗന്ധവുംപോലെ മത്തുപിടിപ്പിക്കുന്ന വരികളും സംഗീതവും..
വയലാർ..
ദേവരാജൻ..
യേശുദാസ്..
നമ്മെ പാടിയുണർത്താനും പാടിയുറക്കാനും നമ്മുടെ ഹൃദയത്തെ ആർദ്രമാക്കാനും മണ്ണിലേയ്ക്കിറങ്ങിവന്ന ഗന്ധർവ്വന്മാരായിരുന്നോ ഇവർ?
“യക്ഷിയമ്പലമടച്ചു
അന്നു ദുർഗ്ഗാഷ്ടമിയായിരുന്നു..” മുത്തശ്ശിക്കഥപോലെ മനോഹരമായ ഗാനം. പി സുശീലയുടെ ഹിറ്റുകളിലൊന്ന്.
“കൂ കൂ കൂ കൂ കുയിലുകൾ പാടും കുഗ്രാമം..” ഗൃഹാതുരമായ വരികളും സംഗീതവും – സുശീലാമ്മയുടെ മറ്റൊരു ഗോൾഡൻ ഹിറ്റ് !
“ഗന്ധമാദന വനത്തിൽ വാഴും
ഗന്ധർവ്വദേവാ..” കളമെഴുത്തും പാട്ടിന്റെയും അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടൊരു മനോഹരഗാനം. മാധുരി പാടിയത്.
കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ, സംഗീതം, സംവിധാനം, കലാസംവിധാനം, ഛായാഗ്രഹണം എന്നുവേണ്ട, എല്ലാ മേഖലകളിലും മികവുപുലർത്തുകയും ഒരു ട്രെൻഡ്സെറ്ററാവുകയും ചെയ്ത ചിത്രമാണ് ഗന്ധർവ്വക്ഷേത്രം.
‘ഇനിയൊരു ജന്മം തരൂ’ എന്ന ചിത്രത്തിലൂടെ സംവിധാനമാരംഭിച്ച കെ വിജയൻ 1972 ൽത്തന്നെ സംവിധാനം ചെയ്ത തന്റെ രണ്ടാമത്തെ ചിത്രമാണ് ‘അഴിമുഖം’.
പി കെ മാത്യുവിന്റെ കഥയിൽ ജേസി ആദ്യമായി തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രമാണിത്.
ഗാനരചന :പൂച്ചാക്കൽ ഷാഹുൽഹമീദ്, മങ്കൊമ്പ് ഗോപാലകൃഷ്ണൻ.
സംഗീതം ബാബുരാജ്.
മൊത്തം ആറു ഗാനങ്ങൾ. യേശുദാസ്, സി ഒ ആന്റോ, എൽ ആർ ഈശ്വരി എന്നിവരോടൊപ്പം ബാബുരാജും ഒരു ഗാനം ആലപിച്ചിരിക്കുന്നു. പൂച്ചാക്കൽ ഷാഹുൽഹമീദിന്റെ “അഴിമുഖം കണികാണും..” എന്നുതുടങ്ങുന്ന മനോഹരഗാനമാണത്.
മധുസാറിനോടൊപ്പം കെ പി ഉമ്മർ, ജയഭാരതി തുടങ്ങിയ നീണ്ടൊരു താരനിരയുണ്ട് ഈ ചിത്രത്തിൽ.
1972 ലെ പതിനാറു ചിത്രങ്ങളിൽ പത്തുചിത്രങ്ങളെപ്പറ്റി നമ്മൾ സംസാരിച്ചു കഴിഞ്ഞു.
ബാക്കിയുള്ള ആറുചിത്രങ്ങളിൽ ചർച്ചചെയ്യപ്പെടേണ്ട ചില പ്രധാനചിത്രങ്ങളുണ്ട്. അതിൽ അഞ്ചെണ്ണത്തെപ്പറ്റി അടുത്ത ഭാഗത്തിൽ നമുക്ക് സംസാരിക്കാം.
പിന്നെയുള്ള ഒരെണ്ണം മലയാളസിനിമാചരിത്രത്തിലെ ഒരു നാഴികക്കല്ലായ ചിത്രം. അതിനായി ഒരു ഭാഗം മുഴുവനായി നീക്കിവയ്ക്കാമെന്ന് കരുതുന്നു.
ബാക്കി അഞ്ചു ചിത്രങ്ങളെപ്പറ്റി അടുത്തഭാഗത്തിലാവട്ടെ.
അതിനായി കാത്തിരിക്കുക.
നമുക്കീയാത്ര തുടരാം…
അതുവരെ വിട!
വര, എഴുത്ത് : പ്രദീപ്
*കടപ്പാട് : m3db.com, malayalasangeetham.info


 

Comments

Popular Posts