മാധവം. 6


1965 ലെ ചിത്രങ്ങളിലൂടെ

 "കരയുന്നോ പുഴ ചിരിക്കുന്നോ

കരയുന്നോ പുഴ ചിരിക്കുന്നോ

കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ

കരയുന്നോ പുഴ ചിരിക്കുന്നോ
കരയുന്നോ പുഴ ചിരിക്കുന്നോ"

ഇന്നും സംഗീതാസ്വാദകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പാട്ടാണിത്.
1965 മുതൽ നെഞ്ചേറ്റിയ ഗാനം.

അതേ, ഇതും മധുസാർ അഭിനയിച്ച ചിത്രമായിരുന്നു.
#മുറപ്പെണ്ണ് 

ഏറെ പ്രത്യേകതകൾ നിറഞ്ഞ ചിത്രമായിരുന്നു മുറപ്പെണ്ണ്.
സാഹിത്യത്തിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭ ശ്രീ എം ടി വാസുദേവൻ നായർ സാറിന്റെ ആദ്യ തിരക്കഥ, അതായിരുന്നു മുറപ്പെണ്ണ്❤

അദ്ദേഹത്തിന്റെ തന്നെ  'സ്നേഹത്തിന്റെ
മുഖങ്ങൾ' എന്ന ചെറുകഥയുടെ അഭ്രാവിഷ്കാരമാണ് ആ ചിത്രം.

കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ച വിൻസെന്റ് മാഷു തന്നെയായിരുന്നു സംവിധാനം നിർവ്വഹിച്ചത്.
നിർമ്മാണം ശോഭനാ പരമേശ്വരൻ നായരും.

(ഈ എഴുത്ത് ഒരു തുടർച്ചയാണ്, അതുകൊണ്ടു തന്നെ പലരെ കുറിച്ചും പറഞ്ഞു പോകുന്നത് പിന്നീട് ആവർത്തിക്കുന്നത് വായനക്കാരിൽ വിരസത ഉണ്ടാക്കും എന്നതിനാൽ അതൊഴിവാക്കുകയാണ്)

1963 ഉം 64 ഉം പോലെയല്ല, ഈ വർഷം, അതായത് 1965 ൽ മധുസാറിന്റേതായി പുറത്തു വന്നത് പതിനൊന്നു സിനിമകളാണ്.

തൊമ്മന്റെ മക്കൾ, കല്ല്യാണഫോട്ടോ, മായാവി, അമ്മു, സുബൈദ, കാട്ടുപൂക്കൾ, പട്ടുതൂവാല, ജീവിതയാത്ര, സർപ്പക്കാട്, കളിയോടം, പിന്നെ മുറപ്പെണ്ണും❤

അന്നത്തെ സൂപ്പർ താരങ്ങളായ സത്യനും പ്രേം നസീറിനും ഒപ്പം അഭിനയിച്ചു രണ്ടാം വർഷത്തിൽ തന്നെ ഭാർഗ്ഗവീനിലയത്തിൽ
മുഴുനീള കഥാപാത്രമായി അഭിനയിച്ച മധുസാർ മൂന്നാം വർഷത്തിലേക്കെത്തിയപ്പോൾ പതിനൊന്നു ചിത്രങ്ങളും അതിൽ തന്നെ ഏറെ പ്രാധാന്യമുള്ള പല കഥാപാത്രങ്ങളുമായി മാറിയെന്നതിൽ അദ്ദേഹത്തിന്റെ കഴിവ് പ്രകടമായിരുന്നു.
ആദ്യകാല ചുരുക്കം ചിത്രങ്ങളിൽ നിന്നു തന്നെ പ്രേക്ഷകർ മലയാള സിനിമയിൽ മധുസാറിന് ഒരിരിപ്പിടം നൽകിയെന്നത് തന്നെയാണ് പിന്നീടുള്ള ഓരോ ചിത്രങ്ങളും വെളിവാക്കുന്നത്.

മലയാള സിനിമ ഏറ്റെടുത്ത മറ്റൊരു നടൻ കൂടി ഈ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയെന്നതും മുറപ്പെണ്ണിന്റെ പ്രത്യേകതയാണ്.
അതേ, കെ.പി. ഉമ്മർ എന്ന നടനെ പ്രേക്ഷകരിലേക്ക് എത്തിച്ചതും ഈ ചിത്രം തന്നെയായിരുന്നു.
രാരിച്ചൻ എന്ന പൗരൻ, സ്വർഗ്ഗരാജ്യം, ഉമ്മ എന്നീ ചിത്രങ്ങളിലൊക്കെ മുഖം കാണിച്ചു വെങ്കിലും ഈ ചിത്രത്തിലൂടെ തന്നെയാണ്
കെ പി ഉമ്മറും പ്രേക്ഷകരിലേക്ക് കടന്നെത്തുന്നത്.

ഏഴുപാട്ടുകളാണ് ചിത്രത്തിന് ചാരുതയേറ്റിയത്.  അതിൽ തന്നെ,
കടവത്ത്‌തോണിയടുത്തപ്പോൾ പെണ്ണിന്റെ
കവിളത്ത് മഴവില്ലിൻ നിഴലാട്ടം 
എന്നപാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഭാസ്കരൻമാഷിന്റെ രചനയിൽ ബി എ ചിദംബരനാഥായിരുന്നു സംഗീതം.

നമ്മൾ ഇന്നും മൂളുന്ന പല ഗാനങ്ങളും പിറന്നത് ചിദംബരനാഥിലൂടെയെന്നത് പലർക്കും അറിയാൻ സാധ്യത കുറവാണ്.
അദ്ദേഹത്തിന്റെ ചില പാട്ടുകളാണ്,
നിദ്രതൻ നീരാഴി നീന്തികടന്നപ്പോൾ,
സുറുമ നല്ല സുറുമ,
പകൽ കിനാവിന്റെ സുന്ദരമാകും,
കുങ്കുമപൂവുകൾ പൂത്തു,
ആറ്റുവഞ്ചി കടവിൽ വച്ച് തുടങ്ങിയവ.

ഇദ്ദേഹത്തിന്റെ മകനാണ് രാജാമണി.
താളവട്ടം  എന്ന ചിത്രത്തിലെ കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ എന്നൊക്കെ മലയാളിയെ വീണ്ടും വീണ്ടും പാടിപ്പിച്ച രാജാമണി❤

മധുസാറിന്റെ മുൻകാല ചിത്രങ്ങളിൽ പലതും ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള കാര്യം നമ്മൾ പരാമർശിച്ചിരുന്നു.
പതിവു തെറ്റിയില്ല, ഈ ചിത്രവും  ആ വർഷത്തെ മലയാളത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

1965 ലെ ക്രിസ്തുമസ് സമ്മാനമായാണ്
ഈ ചിത്രം മലയാളിക്ക് മുന്നിലെത്തിയത്.
പ്രേം നസീർ, മധു, ഉമ്മർ, ശാരദ, ജ്യോതിലക്ഷ്മി തുടങ്ങി ഒരുപിടി താരങ്ങളാണ്  ഈ ചിത്രത്തിന് മിഴിവേകിയത്.

പുതിയ യുഗത്തിൽ പഴയ ചിത്രങ്ങളെ കുറിച്ചു പറയുമ്പോഴും എഴുതുമ്പോഴും എത്രമാത്രം പ്രസക്തിയുണ്ടെന്നറിയില്ല.
എങ്കിലും ചില ഓർമ്മകൾ നമ്മെ ചെറുപ്പമാക്കും.
അങ്ങിനെയൊരു ചെറുപ്പത്തിലേക്കുള്ള വഴി തേടൽ കൂടിയാണ് #മാധവം.

മധുസാറിനൊപ്പം, പ്രദീപ് Pradeep Purushothaman  മാഷിനൊപ്പം, അവർക്കൊപ്പം ഞാനും.
ഞങ്ങൾക്കൊപ്പം ഈ ഓർമ്മകളുടെ ഊഷ്മളതയിലേക്ക്, #മാധവം ത്തിലൂടെ നിങ്ങളെ ഓരോരുത്തരേയും ക്ഷണിക്കുകയാണ്.

കൂടുതൽ സിനിമകൾക്കും, സിനിമാ വിശേഷങ്ങൾക്കുമായി കാത്തിരിക്കുമല്ലോ..

വര : പ്രദീപ്
Pradeep Purushothaman
എഴുത്ത് : അനിൽ
Anil Zain

Comments

Popular Posts