മാധവം. 7

 

1965 ലെ മറ്റ് ചിത്രങ്ങൾ


ചിത്രം കാണുമ്പോൾ ചിലരെങ്കിലും അത്ഭുതപെട്ടേക്കാം,
ഇത്രയും വരകളിൽ മധുസാറിനെ മാത്രം
ചേർത്തു നിർത്തിയപ്പോൾ ഇതിൽമാത്രം
ഷീലാമ്മയെ കൂട്ടിയാതെന്തിനെന്ന ചോദ്യമവരിൽ ഉയർന്നേക്കാം..
അതിന് കാരണമുണ്ട്..
1965 മധു-ഷീല ജോഡികളുടെ മാന്ത്രികകാലം തന്നെയായിരുന്നു.
അതുകൊണ്ടു കൂടിയാകാം, 1966 ലെ ആ ചിത്രം, ആ മനോഹര ചിത്രം, അതിന്റെ സംഭാഷണ ശകലങ്ങൾ പോലും മറക്കാതെ ഇന്നും മലയാളികൾ നെഞ്ചേറ്റുന്നതും.
ആ സിനിമ ഏതെന്ന് ഈ എഴുത്തിൽ തത്കാലം പരാമർശിക്കുന്നില്ല,
അത് വായനക്കാർക്ക് വിട്ടു തരുന്നു, ആ ചിത്രം ഏതായിരിക്കും?
എന്തെങ്കിലും ഒരൂഹമുണ്ടോ?
ഉണ്ടെങ്കിൽ പറഞ്ഞോളൂ, ആ ചിത്രത്തെ കുറിച്ചു മാത്രമായിരിക്കും അടുത്തയെഴുത്ത്..
കഴിഞ്ഞയെഴുത്ത് 1965 ലെ പതിനൊന്നു ചിത്രങ്ങളിൽ ഒന്നു മാത്രമായിരുന്നു.
ബാക്കി പത്തു ചിത്രങ്ങളെ ഒഴിവാക്കുകയെന്നത് നീതികേടെന്നു തോന്നിയതിനാൽ ഇക്കുറി, ഈ എഴുത്തിൽ ബാക്കി വച്ച പത്തു ചിത്രങ്ങളെ കുറച്ചാണ് പറയാൻ ഉദ്ദേശിക്കുന്നത്.

ഒറ്റ ചിത്രത്തെ കുറിച്ചുള്ള ദീർഘമായ വിവരണം പോലെ പത്തുചിത്രങ്ങളെ ഒറ്റ എഴുത്തിൽ വിവരിക്കുകയെന്നത് വിസ്താരഭയത്താൽ ഒഴിവാക്കി ലഘുവിവരണത്തിൽ ഒതുക്കുകയാണെന്ന്,ഖേദപൂർവ്വം അറിയിക്കട്ടെ.

1965 ലെ മറ്റു ചിത്രങ്ങളിലൂടെ..
എൻ.വി. ജോൺ എന്ന സംവിധായകനെ മലയാളിക്ക് പരിചയമുണ്ടോ?
കാണാൻ സാധ്യത കുറവായിരിക്കും.
141 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. അതിൽ തന്നെ 84 ചിത്രങ്ങളിൽ നായകൻ പ്രേം നസീർ, 47 സിനിമകളിലെ നായിക ഷീല.
1977 ൽ മാത്രം അദ്ദേഹം സംവിധാനം നിർവ്വഹിച്ച 15 ചിത്രങ്ങളാണ് പുറത്തു വന്നത്.
എന്നിട്ടും ആ പേര് അറിയാതെ പോകുന്നുണ്ടോ?
എങ്കിൽ പേരൊന്നു മാറ്റാം, ജെ .ശശികുമാർ
അതേ, സാക്ഷാൽ ശ്രീ എൻ വി ജോണിനെയാണ് ശശികുമാറാക്കി മാറ്റിയത്.
അതും തിക്കുറിശ്ശി തന്നെ.
ഇത്രയും വിശദമായി പറഞ്ഞത് ഈ സംവിധായകനേയും നമ്മുടെ ഓർമ്മയുടെ പട്ടികയിൽ ചേർക്കേണ്ടതുണ്ട്.
ഇനി എഴുതുന്ന പല സിനിമകളും ഇദ്ദേഹത്തിന്റെ കൂടിയായിരിക്കും.
സിനിമയിലെ വിവിധ മേഖലകളിലൂടെ കടന്നുപോയ വ്യക്തിയാണ് ശശികുമാർ.
അഭിനേതാവായും, തിരക്കഥാകൃത്തായും സംവിധായകനുമായൊക്കെ പ്രതിഭ തെളിച്ചയാൾ.
ഹിറ്റ്മേക്കർ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നതും.
1965ലെ ക്രിസ്തുമസ് സമ്മാനമായാണ്
തൊമ്മന്റെ മക്കൾ തിരശീലയിൽ എത്തുന്നത്.
അന്നിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നുവത്.
കഥ-തിരക്കഥ-സംവിധാനം അദ്ദേഹം തന്നെ.
പീ ജെ ആന്റണിയായിരുന്നു സംഭാഷണം നിർവ്വഹിച്ചത്.
സത്യനും മധുവും മത്സരിച്ചഭിനയിച്ച ചിത്രമാണ് തൊമ്മന്റെ മക്കൾ.
പാപ്പച്ചൻ, കുഞ്ഞച്ചൻ എന്ന ജേഷ്‌ഠാനുജൻമാരായാണ് അവർ തിരശീലയിൽ വന്നത്.
അംബികയും ഷീലയുമായിരുന്നു നായികമാർ.
ഇനി ഈ ചിത്രം കാണാത്തവർ പിന്നീടു വർഷങ്ങൾക്ക് ശേഷമിറങ്ങിയ മോഹൻലാൽ ചിത്രമായ 'സ്വന്തമെവിടെ, ബന്ധമെവിടെ' എന്ന ചിത്രമെങ്കിലും കണ്ടുകാണും.
അതേ, 1965 ലെ തൊമ്മന്റെ മക്കൾ തന്നെയാണ് 1984 ലിറങ്ങിയ 'സ്വന്തമെവിടെ ബന്ധമെവിടെ'യും - റീമേക്ക്.
അതിനു രചന നിർവ്വഹിച്ചതോ സാക്ഷാൽ എസ് എൽ പുരം സദാനന്ദൻ മാഷും.

അതുപോലെ തന്നെ പേരുമാറ്റി വന്ന മറ്റൊരു സംവിധായകനുണ്ട്. ജോസ് ദേവസ്യ എന്ന ജെ.ഡി. തോട്ടാൻ.
1956 ൽ കൂടപ്പിറപ്പ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാകുന്നത്. പ്രേംനസീറിന്റെ സഹോദരൻ പ്രേം നവാസും അദ്ദേഹത്തിന്റെ ജോഡിയായി പഴയകാല അംബികയും ആദ്യമായി തിരശീലയിൽ എത്തുന്നതും ഈ ചിത്രത്തിലൂടെ തന്നെ.
ഇതു പറഞ്ഞുപോകുമ്പോൾ മറ്റൊരു കാര്യം കൂടി ഓർത്തുപോകുന്നു. പ്രേം നസീറിന്റെ മകൻ ഷാനവാസ് ബാലചന്ദ്രമേനോന്റെ ചിത്രമായ പ്രേമഗീതങ്ങളിലൂടെ സിനിമയിൽ എത്തിയപ്പോൾ ആദ്യ നായികയുടെ പേരും അംബിക(പുതിയ) എന്നു തന്നെയായിരുന്നു.
പുതുമുഖങ്ങൾ അവിടെയും അവസാനിച്ചില്ല, ഈ കൂടപ്പിറപ്പ് എന്ന ചിത്രത്തിലൂടെയാണത്രേ സാക്ഷാൽ വയലാർ രാമവർമ്മയെന്ന അക്ഷര മാന്ത്രികൻ സിനിമാ ഗാനശാഖയിലേക്ക് എത്തപ്പെടുന്നതും.
കല്യാണഫോട്ടോ, സർപ്പക്കാട് എന്നീ രണ്ടു ചിത്രങ്ങളുടെയും സംവിധായകൻ ജെ ഡി തോട്ടാൻ ആയിരുന്നു.
ചെമ്പിൽ ജോണിന്റെ രചനയിൽ എസ് എൽ പുരം തിരക്കഥയും സംഭാഷണവും രചിച്ച ചിത്രമായിരുന്നു കല്ല്യാണഫോട്ടോ.
മധുസാറും പത്മിനിയുമായിരുന്നു മുഖ്യ അഭിനേതാക്കൾ.
1965 ന്റെ ഒടുക്കത്തിൽ, ഡിസംബർ മാസം 31 നാണ് സർപ്പക്കാട് തീയറ്ററുകളിൽ എത്തുന്നത്.മധുസാറിനൊപ്പം അംബികയായിരുന്നു തിരശ്ശീലയിൽ.

മമ്മൂട്ടിയുടെ മായാവിയല്ല, അതിനും മുന്നേ, 1965 ൽ ഒരു മായാവിയുണ്ടായിരുന്നു. മധുസാർ മധു എന്നു തന്നെയുള്ള പേരിലും അടൂർ ഭാസി ഭാസി എന്നപേരിലും അഭിനയിച്ച ചിത്രം.
പി സുബ്രമണ്യം നിർമ്മിച്ചു ജി കെ രാമു സംവിധാനം നിർവ്വഹിച്ച ആ ചിത്രത്തിൽ പ്രേംനസീറും ഷീലയുമായിരുന്നു പ്രധാന വേഷത്തിൽ.

മധു സാറിന്റെ ആദ്യചിത്രം #നിണമണിഞ്ഞകാൽപ്പാടുകൾ ടെ സംവിധായകൻ ശ്രീ എൻ എൻ പിഷാരടി യുടെ ചിത്രമായിരുന്നു അമ്മു.
അതിൽ അമ്മുവിന് വേഷം പകർന്നതും അംബികയായിരുന്നു.
മധുസാറിനൊപ്പം സത്യൻ മാഷും പ്രേംനവാസും തിരശീലയിലെത്തി.

മുസ്‌ലിം പശ്ചാത്തലത്തിൽ നിന്നും രൂപം കൊണ്ട ചിത്രമായിരുന്നു സുബൈദ.
എം എസ് മണിയായിരുന്നു സംവിധായകൻ.
ബാബുരാജ്-ഭാസ്കരൻ മാഷ് ടീമിന്റെ മനോഹരമായ പാട്ടുകൾ ആ ചിത്രത്തിന് മാറ്റു കൂട്ടി.
അമ്മുവിൽ അമ്മുവായത് അംബികയെങ്കിൽ സുബൈദയിൽ സുബൈദയായതും അംബിക തന്നെ
\മണിമലയാറ്റിൻ തീരത്ത്\
\ലാ ഇലാഹീ ഇല്ലല്ല്ലാ\
\ഒരു കുടുക്കാ പൊന്നുതരാം\
തുടങ്ങി എല്ലാ പാട്ടുകളും ഗംഭീരമായിരുന്നു.

മാണിക്യവീണയുമയെൻ
മനസ്സിന്റെ താമരപൂവിലുണർന്നവളെ
മലയാളി മറക്കാത്ത ആ ഗാനം ഈ ചിത്രത്തിലെയാണ്.
ഒഎൻവി - ദേവരാജൻ മാന്ത്രികത.
1941 ൽ പുറത്തിറങ്ങിയ Blossoms in the dust എന്ന സിനിമയെ ആധാരമാക്കി ശ്രീ പൊൻകുന്നം വർക്കി കഥ-തിരക്കഥ-സംഭാഷണം രചിച്ചു ശ്രീ കെ തങ്കപ്പൻ നിർമിച്ചു അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചിത്രമാണ് കാട്ടുപൂക്കൾ.
മധുസാറിനൊപ്പം നായികയായി ദേവികയായിരുന്നു.
ദേവിക എന്നു പറഞ്ഞാൽ അറിയാത്തവർക്കായി ഒന്നുകൂടെ, മലയാളത്തിലെ കനക എന്ന നടി, സിദ്ധിഖ്-ലാൽ ചിത്രമായ ഗോഡ്ഫാദർ ലെ നായിക, ആ കനകയുടെ അമ്മയാണ് ദേവിക.

മുട്ടത്തുവർക്കിയുടെ പ്രണയ നോവലായ പട്ടുതൂവാല ഡീ സി ബുക്സ് പുറത്തിറക്കുന്നത് 1958 ലാണ്. ശേഷം, വർഷങ്ങൾക്കു ശേഷം ശ്രീ പി സുബ്രമണ്യം ഈ നോവൽ ചലച്ചിത്രമാക്കുവാൻ തീരുമാനിക്കുകയും, അതിന് മുട്ടത്തു വർക്കിയെ തന്നെ തിരക്കഥ-സംഭാഷണ ചുമതല ഏല്പിക്കുകയും, അദ്ദേഹം തന്നെ സംവിധാനം നിർവഹിക്കുകയും ചെയ്ത ചിത്രമാണ് പട്ടുതൂവാല.
മധുസാറിനൊപ്പം ഷീലയായിരുന്നു അരങ്ങിൽ.
ദേവരാജൻ-വയലാർ മാന്ത്രികത നിറഞ്ഞു നിന്ന ആ ചിത്രത്തിലെ അതി മനോഹരമായ പാട്ടുകളിൽ ഒന്നായിരുന്നു,
'ആകാശപൊയ്കയിലുണ്ടൊരു പൊന്നും തോണി
അക്കരേയ്ക്കോ ഇക്കരേയ്ക്കോ
പൊന്മുകിലോലപായകെട്ടിയ പൊന്നും തോണി'

ജെ ശശികുമാറിനെ കുറിച്ചു വിശദമായി തൊമ്മന്റെ മക്കളിൽ പറഞ്ഞുപോയിരുന്നുവല്ലോ.
ഈ ചിത്രത്തിന്റെ സംവിധായകനും ശ്രീ ശശികുമാർ തന്നെയായിരുന്നു.
നസീർ, മധു, ഷീല, അംബിക തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

പി സുബ്രമണ്യം തന്നെ നിർമ്മിച്ചു സംവിധാനം ചെയ്ത ചിത്രമാണ് കളിയോടം.
സുപ്രസിദ്ധ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ അനന്ദവല്ലിയും ജയന്തിയുമായിരുന്നു മധുസാറിനും പ്രേം നസീറിനും ഒപ്പമെത്തിയത്.
അങ്ങിനെ നമ്മൾ 1965 എഴുതി അവസാനിപ്പിക്കുമ്പോൾ നമ്മളെ കാത്തിരിക്കുന്നത്, ഏറെ പുതുമയും ദൃഢതയോടുകൂടിയുള്ള പാത്രസൃഷ്ട്ടിയുള്ള 1966 തന്നെ.
ഒന്നു മറക്കേണ്ട, അടുത്ത വര മധുസാറിന്റെ മാത്രമാണ്, 1966 ലെ ഏറ്റവും പ്രശസ്തമായ, ഒരുപക്ഷേ ഇന്നിലും
പുതുതലമുറപോലും ആഘോഷിക്കുന്ന ആ മനോഹര ചിത്രത്തിന്റെ പേരെന്തെന്നു നിങ്ങൾക്കോർത്തു പറയാൻ കഴിയുമോ?
അടുത്ത എഴുത്തിനും പുതുമ നിറഞ്ഞ വരകൾക്കുമായി കാത്തിരിക്കുമല്ലോ

വര : പ്രദീപ്
എഴുത്ത് : അനിൽ

വെബ്സൈറ്റ് : www.madhavam.info

Comments

Popular Posts