മാധവം . 59

 

മാധവം. 59
1998 വരെയുള്ള ചിത്രങ്ങളെപ്പറ്റിയാണ് കഴിഞ്ഞ ഭാഗത്ത് നമ്മൾ ചർച്ചചെയ്തത്. ഈ ഭാഗത്തിൽ 1999 മുതൽ 2005 വരെ മധുസാർ അഭിനയിച്ച 12 ചിത്രങ്ങളെപ്പറ്റിയാണ്. ഇതിലൊരെണ്ണം ഹിന്ദിച്ചിത്രമാണെന്നത് പ്രത്യേകം പറയേണ്ടതുണ്ട്.
നമുക്ക് ചിത്രങ്ങളിലേയ്ക്ക് കടക്കാം.
വർഷം: 1999
മമ്മൂട്ടി പ്രധാനകഥാപാത്രമായ സ്റ്റാലിൽ ശിവദാസിനെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ടി ദാമോദരനും സംവിധാനം ടി എസ് സുരേഷ്ബാബുവുമാണ്.
ഈ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മധുസാർ അഭിനയിച്ചിട്ടുള്ളത്.
ഇവരെക്കൂടാതെ ഖുശ്ബു, സായികുമാർ, ക്യാപ്റ്റൻ രാജു, ജഗതി, ശങ്കർ, ടി പി മാധവൻ തുടങ്ങി വലിയൊരു താരനിരയുണ്ട്.
ഈ ചിത്രത്തിൽ, എസ് രമേശൻ നായരെഴുതി എം ജി രാധാകൃഷ്ണൻ സംഗീതം നൽകി യേശൂദാസും സംഘവും പാടിയ “രക്തവർണ്ണക്കൊടിപൊങ്ങി…” എന്നുതുടങ്ങുന്ന ഒരു ഗാനമാണുള്ളത്.
വി സി അശോക് കഥയും തിരക്കഥയും സംഭാഷണവുമെഴുതി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രണയനിലാവ്.
ദിലീപ്, മോഹിനി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രത്തിൽ മധുസാർ അവതരിപ്പിച്ചത് തങ്ങൾ എന്ന കഥാപാത്രത്തെയാണ്. നെടുമുടി, കെ ആർ വിജയ, കലാഭവൻ മണി, ജഗതി ശ്രീകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
എസ് രമേശൻ നായരെഴുതി ബേണി ഇഗ്നേഷ്യസ് സംഗീതം നൽകിയ ഏഴു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.
കെ ജെ യേശുദാസ്, കെ എസ് ചിത്ര, രാധികാ തിലക്, രഹന,ബേബി ഹിമ, മായ മേനോൻ, എടപ്പാൾ വിശ്വം എന്നിവരാണ് ഗായകർ.
കലൂർ ഡെന്നിസ് തിരക്കഥയും സംഭാഷണവുമെഴുതി പി ജി വിശ്വംഭരൻ സംവിധാനംചെയ്ത ചിത്രമാണ് എഴുപുന്നത്തരകൻ.
ഇതിലെ ടൈറ്റിൽ കഥാപാത്രമായ ഔതാ തരകൻ എന്ന എഴുപുന്നത്തരകനെ മധുസാറാണ് അവതരിപ്പിക്കുന്നത്.
കൂടാതെ, മമ്മൂട്ടി , ജയഭാരതി, കവിയൂർ പൊന്നമ്മ, ജഗദീഷ്, രാജന് പി ദേവ്, ക്യാപ്റ്റന് രാജു, നമ്രത ശിരോദ്കർ, പ്രവീണ, സംഗീത (രസിക), ചാന്ദ്നി, പൊന്നമ്മ ബാബു, മങ്ക് മഹേഷ്, റീന എം ജോണ്, കെ പി എ സി സണ്ണി, സൈനുദ്ദീന്, വിജയകുമാര്, കോഴിക്കോട് നാരായണന്നായര്, വി കെ ശ്രീരാമന്, സാദിക്ക്, പരവൂര് രാമചന്ദ്രന്, സ്പടികം ജോര്ജ്, ഷമ്മി തിലകന്, ബൈജു എഴുപ്പുന്ന, ജഗന്നാഥവര്മ്മ, റിസബാവ്, പ്രൊ: അലിയാര്, ടി പി മാധവന്, ഡി ഫിലിപ്പ് തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്.
മിസ് ഇന്ത്യയായിരുന്ന നമ്രത ശിരോദ്കർ നായികയായ ആദ്യ മലയാളചിത്രമാണിത്.
ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗർ സംഗീതം നൽകിയ ഏഴു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
ഇതിൽ യേശൂദാസ് പാടിയ “തെക്കു തെക്കു തെക്കേപ്പാടം..” എന്നുതുടങ്ങുന്ന ഗാനം ശ്രദ്ധേയമായി.
മധുപ്രസാദ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രം. അദ്ദേഹത്തിന്റേതായി ഈയൊരു ചിത്രം മാത്രമേയുള്ളൂ. സംവിധാനം കെ കെ ഹരിദാസ്.
മധുസാറിനൊപ്പം സുധീഷ്, ഹരിശ്രീ അശോകൻ. ജഗതി, പ്രവീണ മുതലായ താരങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
രഞ്ജിത് മട്ടാഞ്ചേരി എഴുതി എം. കെ അർജ്ജുനൻ സംവിധാനം ചെയ്ത മൂന്നുഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
പി ടി കുഞ്ഞുമുഹമ്മദ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ശ്രദ്ധേയമായൊരു ചിത്രമാണ് ഗർഷോം.
മുരളിയുടെ മികച്ച കഥാപാത്രങ്ങളിലൊന്ന് ഈ ചിത്രത്തിലേതാണ്. മധുസാർ ഈ ചിത്രത്തിൽ ഗോവിന്ദൻ‌കുട്ടിമാഷ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
നെടുമുടിവേണു, ഉർവശി, സിദ്ദിഖ് , ദേവൻ , മാമുക്കോയ , വി കെ ശ്രീരാമൻ, വാണി വിശ്വനാഥ്, ബേബി ഹെൻസി, വത്സല മേനോന്, ജോസഫ് ചാക്കോ, ഇർഷാദ് അലി , സീനത്ത്, സാദിക്ക്, ജോസ് പല്ലിശ്ശേരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
റഫീഖ് അഹമ്മദ് എഴുതി രമേശ് നാരായൺ സംഗീതം നൽകിയ രണ്ട് മികച്ച ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
“പറയാൻ മറന്ന പരിഭവങ്ങൾ…” എന്നു തുടങ്ങുന്ന,ജോഗ് രാഗത്തിലുള്ള, മനോഹരഗാനം ഹരിഹരനും, കെ എസ് ചിത്രയും വെവ്വേറെ പാടിയിട്ടുണ്ട്.
“ഏതു കാളരാത്രികൾക്കും..” എന്നു തുടങ്ങുന്ന ഗാനം ഹരിഹരനാണ് പാടിയത്.
എ ആർ മുകേഷ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രം.
കെ മധുവാണ് സംവിധായകൻ.
ഈ ചിത്രത്തിലെ മുണ്ടയ്ക്കൽ മാർക്കോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മധുസാറിനൊപ്പം മുകേഷ്, ജഗതി ശ്രീകുമാര് ,അഞ്ജു (ബേബി അഞ്ജു),നരേന്ദ്ര പ്രസാദ്,മാവേലിക്കര പൊന്നമ്മ,എൻ എഫ് വർഗീസ്,ശിവജി,ഉഷ ,റിസബാവ,പ്രതാപചന്ദ്രൻ,കുണ്ടറ ജോണി,കെ പി എ സി സണ്ണി,കനകലത,ടി പി മാധവൻ,കെ മധു,കാര്യവട്ടം ശശികുമാർ എന്നിവരും ഈ ചിത്രത്തിലുണ്ട്.
കൈതപ്രം എഴുതി ജോൺസൺ സംഗീതം നൽകിയ മൂന്നു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
പുതിയ മില്ലനിയമായ 2000 ൽ മധുസാറിന്റേതായി ചിത്രങ്ങളൊന്നും രേഖപ്പെടുത്തി ക്കാണാത്തതുകൊണ്ട് 2001 ലെ ചിത്രങ്ങൾ നമുക്ക് നോക്കാം.
2001 ൽ ഈ ചിത്രത്തിൽ മാത്രമേ മധുസാർ അഭിനയിച്ചിട്ടുള്ളൂ.
എ കെ സാജൻ, ഏ കെ സന്തോഷ് എന്നിവർ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. സാജനും, സഹോദരൻ സന്തോഷും നിരവധി ചിത്രങ്ങൾക്ക് കഥയും തിരക്കഥയുമെഴുതിയിട്ടുണ്ട്.
ഇന്നലെ, സീസൺ, തൂവാനത്തുമ്പികൾ, നൊമ്പരത്തിപ്പൂവ് തുടങ്ങിയ പത്മരാജൻ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച വേണുഗോപൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഷാർജ് ടു ഷാർജ.
മധുസാറിനൊപ്പം ജയറാം, ഉഷാകുമാരി, തമിഴ് താരം എം. എൻ നമ്പ്യാർ, ജഗദീഷ് , രാജന് പി ദേവ്, ക്യാപ്റ്റന് രാജു , രാമു, സുധീഷ് , രാഹുൽ, ഇബ്രാഹിംകുട്ടി, ഐശ്വര്യ, ബീന കുമ്പളങ്ങി തുടങ്ങി നിരവധി താരങ്ങൾ ഹാസ്യപ്രധാനമായ ഈ ചിത്രത്തിലുണ്ട്.
ഗിരീഷ് പുത്തഞ്ചേരി എഴുതി മോഹൻ സിത്താര സംവിധാനം ചെയ്ത മൂന്നു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
2002, 2003 വർഷങ്ങളിൽ മധുസാർ അഭിനയിച്ച ചിത്രങ്ങളൊന്നും ലഭ്യമല്ല.
2004, 2005 ലെ ചിത്രങ്ങൾ
ഈയൊരു ചിത്രം മാത്രമാണ് 2004 ൽ കാണുന്നുള്ളൂ.
റാഫി – മെക്കാർട്ടിൻ കൂട്ടുകെട്ട് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.
മധുസാറിന്റെ ‘തമ്പുരാൻ മുത്തച്ഛൻ’ എന്ന കഥാപാത്രത്തോടൊപ്പം ജയസൂര്യ, നവ്യാനായർ, ലാൽ, വിനീത് തുടങ്ങി പ്രമുഖരായ ഒട്ടേറെ താരങ്ങൾ അണിനിരന്ന ചിത്രം.
ആറുഗാനങ്ങളിൽ അഞ്ചെണ്ണം ഗിരീഷ് പുത്തഞ്ചേരിയും ഒരെണ്ണം സന്തോഷ് വർമ്മയുമെഴുതി. അലക്സ് പോൾ സംഗീതം നൽകി.
വർഷം -2005
ടി എ റഷീദ് കഥയെഴുതിയ ഏകചിത്രമാണിത്.
ഷാജി കൈലാസിന്റെ നരസിംഹം എന്ന ചിത്രത്തിലെ സംവിധാനസഹായിയായിരുന്ന അനിൽ സി മേനോനാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.
കലാഭവൻ മണി മുഖ്യവേഷത്തിലെത്തിയ ഈ ചിത്രത്തിൽ മധുസാറിനൊപ്പം പ്രമുഖരായ ഒരുപാട് താരങ്ങൾ അണിനിരക്കുന്നുണ്ട്.
കൈതപ്രം എഴുതി ദീപക് ദേവ് സംഗീതം നൽകിയ രണ്ടു ഗാനങ്ങളിൽ കലാഭവൻ മണിയും മാൽഗുഡി ശുഭയും ചേർന്നുപാടിയ, സിന്ധുഭൈരവി രാഗത്തിൽ ചിട്ടപ്പെടുത്തിയ “സോനാ സോനാ നീ ഒന്നാം നമ്പർ..” എന്നു തുടങ്ങൂന്ന ഗാനം അക്കാലത്തെ ഹിറ്റുകളിലൊന്നായിരുന്നു.
ആന്റണി ഈസ്റ്റ്മാൻ കഥയെഴുതി ഡെന്നിസ് ജോസഫ് തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രം.
ആന്റണി ഈസ്റ്റ്മാൻ എന്ന പ്രതിഭയെപ്പറ്റി പറയേണ്ടതുണ്ട്. ജോൺസൺ മാഷിനെയും സിൽക്ക് സ്മിതയേയും സിനിമാലോകത്തേയ്കൂ കൊണ്ടുവന്ന വ്യക്തി! ഫോട്ടോഗ്രാഫറായിരുന്ന അദ്ദേഹത്തിന്റെ, കലൂർ ബസ്സ്റ്റാന്റിലെ ഈസ്റ്റ്മാൻ സ്റ്റുഡിയോയിൽ നിരന്തരം നടന്നിരുന്ന സിനിമാ ചർച്ചകളിൽ പല പ്രമുഖരും പങ്കെടുത്തിരുന്നു. ആറു ചിത്രങ്ങൾ സംവിധാനം ചെയ്തു അദ്ദേഹം. 2021 ജൂലൈ 3 ന് അപ്രതീക്ഷിതമായി മരണപ്പെടുന്നതിനു തലേദിവസംവരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ തന്റെ അനുഭവങ്ങളും കുറിപ്പുകളുമായി നിറഞ്ഞുനിന്നിരുന്ന ശ്രീ ആന്റണി ഈസ്റ്റ്മാന് പ്രണാമങ്ങൾ അർപ്പിക്കുന്നു.
വജ്രം എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെ സംവിധായകനായ പ്രമോദ് പപ്പന്റെ രണ്ടാമത്തെ ചിത്രമാണ് തസ്കരവീരൻ.
മമ്മൂട്ടി നായകനായ ഈ ചിത്രത്തിൽ അറക്കുളം പീലി എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിക്കുന്നത്.
ഷീല, നയൻ‌താര, സിദ്ദിഖ് , ഇന്നസന്റ്, മാമുക്കോയ , രാജന് പി ദേവ്, സലിം കുമാര്, കുഞ്ചൻ, അഗസ്റ്റിൻ, ടി പി മാധവൻ, സ്പടികം ജോർജ്ജ് , ഭീമൻ രഘു , മോഹൻ ജോസ്, പുത്തില്ലം ഭാസി മുതലായവരാണ് മറ്റ് അഭിനേതാക്കൾ.
മൂന്നു ഗാനങ്ങളിലൊന്ന് ഒ എൻ വിയും മറ്റുരണ്ടെണ്ണം എം ഡി രാജേന്ദ്രനും എഴുതി. സംഗീതം ഔസേപ്പച്ചൻ.
തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജൻ പ്രമോദ് ആണ് ഈ ചിത്രത്തിന്റെ രചനയും തിരക്കഥയും സംഭാഷണവും.
ജോഷിയാണ് സംവിധായകൻ. സാധാരണപോലെ ജോഷിയുടെ ഒരു ഹിറ്റ് ചിത്രം.
മോഹൻലാലിന്റെ അവിസ്മരണീയമായ സൂപ്പർഹീറോ കഥാപാത്രങ്ങളിലൊന്ന്. അതുപോലെ മധുസാറിന്റെയും!
മധുസാർ അവതരിപ്പിച്ച വലിയ നമ്പ്യാർ പ്രേക്ഷകമനസ്സിൽ മങ്ങാതെ പച്ചപിടിച്ചുനിൽക്കുന്നു.
കൂടാതെ ഭാവന, സിദ്ദിഖ് ,ജഗതി ശ്രീകുമാര് ,ഇന്നസന്റ്,സായികുമാർ,സലിം കുമാര്,ഭീമൻ രഘു ,ദേവയാനി,സോനാനായർ,ഒറ്റപ്പാലം പപ്പൻ,മണികണ്ഠൻ പട്ടാമ്പി എന്നിവരും ഈ ചിത്രത്തിലുണ്ട്.
കൈതപ്രം എഴുതി ദീപക്ദേവ് സംഗീതം നൽകിയ നാലു ഗാനങ്ങളിൽ എം ജി ശ്രീകുമാർ പാടിയ “വേൽ മുരുകാ ഹരോ ഹര..” എന്നു തുടങ്ങുന്ന ഗാനം വളരെ ഹിറ്റായ ഗാനങ്ങളിലൊന്നാണ്.
വലിയ ബോക്സോഫീസ് ഹിറ്റായ സിനിമയാണ് നരൻ.
#ചകാചക് (ഹിന്ദി)
1969 ലെ സാത് ഹിന്ദുസ്ഥാനിക്കുശേഷം ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞ് മധുസാർ അഭിനയിച്ച ഹിന്ദി സിനിമയാണ് ‘ചകാചക്’
എഴുത്തുകാരി, തിരക്കഥാകൃത്ത്, സിനിമാസംവിധായിക എന്നൊക്കെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സായ് പരഞ്ച്പൈ ആണ് ഈ ചിത്രത്തിന്റെ സംവിധായിക. ഹിന്ദി-മറാഠി സിനിമാതാരവും എഴുത്തുകാരിയും ആക്റ്റിവിസ്റ്റും പാർലമെന്റ് അംഗവുമായിരുന്ന ശകുന്തള പരഞ്ച്പൈയുടെ റഷ്യൻ ചിത്രകാരൻ യൂറാ സ്ലെപ്റ്റ്സോഫിന്റെയും മകളാണ് സായ് പരഞ്ച്പൈ. അവരുടെ മുത്തച്ഛൻ ആർ പി പരഞ്ച്പൈ വിഖ്യാതനായ ഒരു ഗണിതശാസ്ത്രജ്ഞനും വിദ്യാഭ്യാസരംഗത്തെ വിദഗ്ദ്ധനുമായിരുന്നു.
വിദ്യാഭ്യാസത്തിനുശേഷം മറാഠി നാടകരംഗവുമായി ബന്ധപ്പെടുകയും പിന്നീട് റേഡിയോ പ്രോഗ്രാമുകളിൽ മുഴുകുകയും ചെയ്തു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠനത്തിനുശേഷം ശ്രദ്ധേയമായ കുറേ സിനിമകളുടെ ഭാഗമായി. സ്പർശ്, ചഷ്മേ ബുദ്ദൂർ, കഥ മുതലായവയാണ് പ്രധാന ചിത്രങ്ങൾ. സാമൂഹത്തിലെ പ്രശ്നങ്ങളെ അധികരിച്ച് കുറെ ഡോക്യുമെന്ററി സിനിമകളും ചെയ്തിട്ടുണ്ട്.
ചകാചക് പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എട്ട് കുട്ടികളുടെ കഥയാണ്. അവരുടെ സഹായത്തിനായെത്തുന്ന ‘ഛാഡു ബാബ’ എന്ന ഒരു മിസ്റ്റിക്ക് കഥാപാത്രമായാണ് മധുസാർ അഭിനയിക്കുന്നത്. ഛാഡു എന്നാൽ ചൂൽ എന്നർത്ഥം. ഛാഡുബാബ വൃത്തിയുടെ പര്യായമായ ചൂലാണ് തന്റെ ആയുധമായി കൂടെക്കൊണ്ടുനടക്കുന്നത്. കുട്ടികളെ സഹായിക്കാനും കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാനും പൊടുന്നനെ പ്രത്യക്ഷനാവുകയും അതുപോലെ അപ്രത്യക്ഷനാവുകയും ചെയ്യുന്ന ഒരുഅത്ഭുത കഥാപാത്രമാണ് ഛാഡുബാബ. മധുസാറിന്റെ മറ്റു കഥാപാത്രങ്ങളിൽനിന്നൊക്കെ വ്യത്യസ്തമായ കഥാപാത്രം.
പരീക്ഷിത് സാഹ്നി, അസ്രാണി മുതലായ ഹിന്ദി താരങ്ങളും ഈ ചിത്രത്തിലുണ്ട്.
അങ്ങനെ നമ്മുടെ യാത്ര രണ്ടായിരാമാണ്ടും കടന്ന് രണ്ടായിരത്തി അഞ്ചിലെത്തി നിൽക്കുന്നു. വലിയൊരു യാത്രയുടെ ഏതാണ്ട് മൂന്നിൽരണ്ടു ഭാഗം നാം താണ്ടിക്കഴിഞ്ഞിരിക്കുന്നു.
ഇനിയുമുണ്ട് കുറേദൂരംകൂടി നടക്കാൻ.
ആ യാത്ര നമുക്കൊരുമിച്ചു തുടരാം…
അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുക.
വര, എഴുത്ത് : പ്രദീപ്


Comments

Popular Posts