മാധവം. 57

മാധവം. 57
വർഷം :1993
1993ലെത്തുമ്പോഴേയ്ക്കും മധുസാറിന്റെ ചലച്ചിത്രജീവിതം മൂന്നു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്നു. ഈ കാലഘട്ടത്തിൽ 300നടുത്ത് ചിത്രങ്ങളിൽ അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു.
1993 ലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് അഭയം. നിശ്ചലഛായാഗ്രാഹകനായി സിനിമാരംഗത്തെത്തി, കലാസംവിധായകൻ, സംവിധായകൻ, ഛായാഗ്രാഹകൻ എന്നീ നിലകളിൽ തിളങ്ങിയ ശിവന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് അഭയം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘യാഗം’ 1982 ലാണ് പുറത്തിറങ്ങിയത്. ബാബു നമ്പൂതിരിയെ സിനിമയിൽ അവതരിപ്പിച്ച ചിത്രമാണിത്. ആ ചിത്രം ദേശീയതലത്തിൽ ശ്രദ്ധേയമാവുകയും മൂന്ന് ദേശീയ പുരസ്കാരങ്ങൾ നേടുകയും ചെയ്തു. അതിനുശേഷം 11 കൊല്ലത്തെ ഇടവേളകഴിഞ്ഞാണ് ശിവൻ അഭയം സംവിധാനം ചെയ്യുന്നത്.
ഈ ചിത്രത്തിന്റെ കഥ ശിവനും, തിരക്കഥയും സംഭാഷണവും ഷിബു ചക്രവർത്തിയുമാണ് രചിച്ചത്.
കുട്ടികൾക്കുവേണ്ടിയുള്ള ചിത്രമാണ് അഭയം. ശിവന്റെ മകൻ സന്തോഷ് ശിവൻ ആണ് ഈ ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫർ. പിന്നീട് അദ്ദേഹം മൂന്ന് സിനിമകൾ സംവിധാനം ചെയ്തു.
മധുസാറിനൊപ്പം, രാജീവ്നാഥ്, മാസ്റ്റർ അരുൺ, ബേബി അമ്പിളി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചു.
ചിൽഡ്രൻസ് ഫിലിം സോസൈറ്റി ഓഫ് ഇന്ത്യയാണ് ഈ ചിത്രം നിർമ്മിച്ചത്.
ഷിബു ചക്രവർത്തി എഴുതി എം ജി രാധാകൃഷ്ണൻ സംഗീതം നൽകി അരുന്ധതിയോടൊപ്പം പാടിയ ഒരു ഗാനമാണ് ഈ ചിത്രത്തിലുള്ളത്.
1993 ലെ മികച്ച ബാലചിത്രത്തിനുള്ള ദേശീയപുരസ്കാരവും, ബേബി അമ്പിളിക്ക് മികച്ച ബാലനടിക്കുള്ള ജൂറി പരാമർശവും ഈ ചിത്രം നേടി.
അമ്പതുകളിലെ കുട്ടനാടിന്റെ കഥപറയുന്ന ചിത്രമാണ് ആയിരപ്പറ.
വേണുനാഗവള്ളിയും അച്ഛൻ നാഗവള്ളി ആർ എസ് കുറുപ്പുംചേർന്ന് കഥയും സംഭാഷണവുമെഴുതി.
തിരക്കഥയും സംവിധാനവും വേണുനാഗവള്ളി.
മധുസാറിനൊപ്പം മമ്മൂട്ടി, നരേന്ദ്രപ്രസാദ്, ഉർവശി, ജഗതി, രാജൻ പി ദേവ്, കുതിരവട്ടം പപ്പു തുടങ്ങി വലിയൊരു താരനിരയുള്ള ചിത്രം.
കാവാലം എഴുതി രവീന്ദ്രൻ സംഗീതം നൽകിയ നാലുഗാനങ്ങൾ. ജാനമ്മ കുഞ്ഞുണ്ണി എന്ന ഗായിക അവസാനമായിപ്പാടിയ ചിത്രമാണിത്.
സി രാധാകൃഷ്ണന്റെ കഥ, അദ്ദേഹംതന്നെ തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റയടിപ്പാതകൾ.
മധുസാറിനൊപ്പം ശ്രീനാഥ്, രേവതി, കവിയൂർപൊന്നമ്മ എന്നിവരാണ് മുഖ്യ അഭിനേതാക്കൾ.
സംഗീത സംവിധാനം മോഹൻ സിതാര.
ഒരുഗാനം (കാറ്റും കടലും) ഒ എൻ വി രചിച്ച് അരുന്ധതി പാടി.
മറ്റൊരുഗാനം (വെള്ളത്തിൽ ആമ്പലുണ്ടേ..) സി രാധാകൃഷ്ണൻ രചിച്ച് നളിനി ബാലകൃഷ്ണൻ പാടി.
കൂടാതെ ഗീതോപദേശത്തിലെ വരികൾ ഈ ചിത്രത്തിൽ ജയച്ചന്ദ്രൻ ആലപിച്ചിട്ടുണ്ട്.
രഞ്ജി പണിക്കർ, ഷാജി കൈലാസ്, സുരേഷ്ഗോപി ടീമിന്റെ തുടർച്ചയായ മൂന്നാമത്തെ വിജയചിത്രം!
കഥ, തിരക്കഥ, സംഭാഷണം എന്നിവയിൽ രഞ്ജിപണിക്കരും സംവിധാനത്തിൽ ഷാജി കൈലാസും സൂപ്പർഹിറ്റ് താരപദവിയിലേയ്ക്ക് ഉയർന്ന ചിത്രമാണിത്.
സുരേഷ്ഗോപിയെ സൂപ്പർസ്റ്റാർ പദവിയിലേയ്ക്കും തുടർന്നുവന്ന പ്രശസ്തങ്ങളായ പോലീസ് വേഷങ്ങളിലേയ്ക്കും നയിച്ച ചിത്രമാണ് ഏകലവ്യൻ.
മാത്രമല്ല, നരേന്ദ്രപ്രസാദിനെ സൂപ്പർ വില്ലൻ പദവിയിലേയ്ക്കും ഉയർത്തിയ ചിത്രം. അദ്ദേഹം അവതരിപ്പിച്ച് അമൂർത്താനന്ദ എന്ന കഥാപാത്രം ചില്ലറ വിവാദങ്ങളും ഉയർത്തി.
പൊളിറ്റിക്കൽ ആക്‌ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ മധുസാർ കേരള മുഖ്യമന്ത്രിയായിട്ടാണ് വേഷമിട്ടത്. പ്രതിപക്ഷനേതാവായി ജനാർദ്ദനനും.
1993 ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഏകലവ്യൻ.
ഗിരീഷ് പുത്തഞ്ചേരി എഴുതി രാജാമണി സംഗീതം നൽകിയ മൂന്നു ഗാനങ്ങളിൽ ചിത്ര പാടിയ “നന്ദകിശോരാ ഹരേ മാധവാ..” (രാഗം : ശുഭപന്തുവരാളി) ഏറെ പ്രശസ്തമാണ്.
രഞ്ജിത്ത് ബാലകൃഷ്ണൻ എന്ന, പിന്നീട് സംവിധായകനും നടനുമായിത്തീർന്ന, രഞ്ജിത്ത് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രമാണ് യാദവം.
ജോമോൻ സംവിധാനം ചെയ്ത ഈ ചിത്രം ഏകലവ്യൻ പോലെ ഒരു പൊളിറ്റിക്കൽ ആക്‌ഷൻ ചിത്രമാണ്. സുരേഷ് ഗോപി, ഖുശ്ബു എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ കേന്ദ്രമന്ത്രി വിശ്വനാഥമേനോനായാണ് മധുസാർ എത്തുന്നത്.
ഗിരീഷ് പുത്തഞ്ചേരി രചിച്ച് രഘുകുമാർ സംഗീതം നൽകി മിൻമിനിയും ജാനകിയും പാടിയ രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
ഏകലവ്യനെപ്പോലെ ഒരു വിജയചിത്രമായിരുന്നു യാദവം.
#ശബരിമലയിൽ തങ്കസൂര്യോദയം
പുരാണകഥയെ അവലംബിച്ചു നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതിയത് കഥാപ്രസംഗരംഗത്തെ പ്രതിഭയായ ശ്രീ. കെടാമംഗലം സദാനന്ദനാണ്. ഒരു ബഹുമുഖപ്രതിഭയായ അദ്ദേഹം 19 ഗാനങ്ങളെഴുതിയിട്ടുണ്ട്. കൂടാതെ മൂന്ന് ചിത്രങ്ങൾക്ക് കഥയും, 12 ചിത്രങ്ങൾക്ക് സംഭാഷണവും 10 ചിത്രങ്ങൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. 19 ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
തോമാശ്ലീഹ എന്ന ചിത്രത്തിലെ പ്രശസ്തമായ
“മലയാറ്റൂർ മലയുംകേറി ജനകോടികളെത്തുന്നു,
അവിടത്തെ തിരുവടികാണാൻ പൊന്നുംകുരിശുമുത്തപ്പോ..” എന്നു തുടങ്ങുന്ന ഗാനം കെടാമംഗലം സദാനന്ദൻ രചിച്ചതാണ്. സെബാസ്റ്റ്യൻജോസഫ് സംഗീതം നൽകിയ ഈ ഗാനം ബ്രഹ്മാനന്ദൻ, സീറോ ബാബു, സെൽമജോർജ്ജ് എന്നിവർചേർന്നാണ് പാടിയത്.
പുലിമുരുകൻ എന്ന ചിത്രത്തിൽ ഗോപീസുന്ദറിന്റെ സംഗീതത്തിൽ ഈ ഗാനം വീണ്ടും മോഹൻലാൽ പാടിയിട്ടുണ്ട്.
‘ശബരിമലയിൽ തങ്കസൂര്യോദയം’ സംവിധാനം ചെയ്തത് കെ ശങ്കറും ശ്രീകുമാരൻ തമ്പിയും ചേർന്നാണ്.
ശ്രീകുമാരൻ തമ്പി എഴുതി എം എസ് വിശ്വനാഥൻ സംവിധാനം ചെയ്ത നാലുഗാനങ്ങളും പരമ്പരാഗതമായ ‘ഏകദന്ദം മഹാകായം..”, “ഹരിവരാസനം..” എന്നീഗാനങ്ങളും ഈ ചിത്രത്തിലുണ്ട്.
1994 ലെ ചിത്രങ്ങൾ
തുളസീദാസ് സംവിധാനംചെയ്ത ഹാസ്യപ്രധാനമായ ചിത്രമാണ് ‘മലപ്പുറം ഹാജി മഹാനായ ജോജി’.
കഥ ബാബു ജി നായരും, തിരക്കഥ തുളസീദാസുമാണ്. സംഭാഷണം രാജൻ കിരിയത്ത്, വിനു കിരിയത്ത്.
ടൈറ്റിൽ കഥാപാത്രങ്ങളിലൊന്നായ ഹാജിയാരെയാണ് മധുസാർ അവതരിപ്പിച്ചത്.
മുകേഷ് ജോജി (ജോനകപ്പറമ്പിൽ ജിതേന്ദ്രവർമ്മ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
ചിത്രത്തിലുടനീളം നിറഞ്ഞുനിന്ന അലിയാർ എന്ന ഹാസ്യകഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിച്ച ജഗതി ശ്രീകുമാറാണ്. അദ്ദേഹത്തിന്റെ മികച്ച ഹാസ്യവേഷങ്ങളിലൊന്നാണിത്.
സിദ്ദിഖ്, ഉഷ, നരേന്ദ്രപ്രസാദ്, കരമന ജനാർദ്ദനൻ നായർ, പ്രേംകുമാർ തുടങ്ങി നിരവധി താരങ്ങൾ ഈ ചിത്രത്തിലുണ്ട്.
ബിച്ചുതിരുമല എഴുതി ജോൺസൺ സംഗീതം നൽകിയ രണ്ടുഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
വിജയ് പി നായർ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. തിരക്കഥയും സംഭാഷണവും എസ് എൽ പുരം സദാനന്ദൻ.
സിദ്ദിഖ്, മധു, ശാന്തികൃഷ്ണ, സുധീഷ്, ബഹദൂർ, ജനാർദ്ദനൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കുഞ്ചൻ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
ബിച്ചു തിരുമല എഴുതിയ മൂന്നുഗാനങ്ങളും, ചിറ്റൂർ ഗോപി. മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവരെഴുതിയ ഓരോഗാനങ്ങളുമാണ് ഈ ചിത്രത്തിലുള്ളത്. സംഗീതം നിസരി ഉമ്മർ
സുരേഷ് രാജ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രം. ഇത് അദ്ദേഹത്തിന്റെ ഒരേയൊരു ചിത്രമാണ്.
സാക്ഷരത വിഷയമാക്കിയ ചിത്രമാണിത്.
കേശവൻ മാസ്റ്റർ എന്ന കഥാപാത്രത്തെയാണ് മധുസാർ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
പ്രേംകുമാർ, സായികുമാർ, ജഗതി, മാള, കരമന എന്നിവരും ഈ ഈ ചിത്രത്തിലുണ്ട്.
1963ൽനിന്നു തുടങ്ങിയ ഈ യാത്ര 1994 ലെത്തിനിൽക്കുന്നു.
ഇനിയുമുണ്ട് നമുക്കേറെ സഞ്ചരിക്കാൻ.
മധുസാറിന്റെ 1995 നു ശേഷമുള്ള ചിത്രങ്ങളുമായി മടങ്ങിവരുന്നതുവരെ കാത്തിരിക്കുക.
നമുക്ക് ഈ യാത്ര തുടരാം..
വര, എഴുത്ത് : പ്രദീപ്

 

Comments

Popular Posts