മാധവം. 54

 

മാധവം. 54
ഈ ഭാഗത്തിൽ 1986 ലെ മൂന്നു ചിത്രങ്ങളും 87 ലെ ഒരു ചിത്രവും 88 ലെ ആറു ചിത്രങ്ങളുമുൾപ്പടെ മധുസാറിന്റെ പത്തു ചിത്രങ്ങളിലൂടെയാണ് നമ്മുടെ യാത്ര.
1986 മൂന്നു ചിത്രങ്ങളും മധുസാർതന്നെ സംവിധാനം ചെയ്തവയാണ്. അദ്ദേഹം ആദ്യമായി ഇതിലൊരു ചിത്രത്തിന് തിരക്കഥ എഴുതുകയും ചെയ്തു. രണ്ടാമത്തെ ചിത്രം രണ്ടു ഭാഷകളിൽ (മലയാളത്തിലും ഇംഗ്ലീഷിലും) നിർമ്മിച്ചു. അത് പൂർണ്ണമായും അമേരിക്കയിൽവച്ച് ചിത്രീകരിച്ച ചിത്രമാണ്. അതിന്റെ നിർമ്മാതാവും മധുസാർതന്നെയാണ്. ഈ തിരക്കുകൾകൊണ്ട് മറ്റ് ചിത്രങ്ങൾ ഒഴിവാക്കി 1986 പൂർണ്ണമായും സിനിമാ സംവിധാനത്തിനും നിർമ്മാണത്തിനുമായി മാറ്റിവച്ചു.
മധുസാർ തിരക്കഥയെഴുതിയ ഏക ചിത്രമാണിത്. അദ്ദേഹംതന്നെ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ കഥ പ്രശസ്ത സാഹിത്യകാരൻ ജി വിവേകാനന്ദന്റേതാണ്. സംഭാഷണം പാപ്പനംകോട് ലക്ഷ്മണൻ. നിർമ്മാണം പി കെ ആർ പിള്ള.
ഈ ചിത്രത്തിൽ കേശവപിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മധുസാറിനൊപ്പം ശ്രീവിദ്യ, തിലകൻ, ഇന്നസെന്റ്, ശങ്കർ, ദേവൻ, നളിനി തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിച്ചിരിക്കുന്നു.
വിപിൻ മോഹനും ജയാനൻ വിൻസെന്റുമായിരുന്നു ഇതിന്റെ ഛായാഗ്രാഹകർ.
പി ഭാസ്കരൻ എഴുതി എ ടി ഉമ്മർ സംഗീതം നൽകിയ നാലു ഗാനങ്ങളിൽ
യേശുദാസ് പാടിയ “ഇവിടെ, ഈ വഴിയിൽ..” (രാഗം: ഹരികാംബോജി) എന്നഗാനവും
കെ എസ് ചിത്ര പാടിയ “വേലിപ്പരുത്തിപ്പൂവേ…” (രാഗം: നഠഭൈരവി) എന്ന ഗാനവും മികച്ചുനിൽക്കുന്നു.
മധുസാർ സംവിധാനം ചെയ്ത് നിർമ്മിച്ച ചിത്രമാണ് ഉദയം പടിഞ്ഞാറ്. കഥ, തിരക്കഥ, സംഭാഷണം : സാഗർ. സാഗറിന്റെ ആദ്യചിത്രമാണിത്.
ഇത് മലയാളത്തിലും ‘Sun Rises in the West’ എന്ന പേരിൽ ഇംഗ്ലീഷിലും ഒരേ സമയം രണ്ടു ചിത്രങ്ങളായി നിർമ്മിച്ചു.
മധുസാറിനൊപ്പം അന്നത്തെ പ്രമുഖതാരങ്ങളായ പ്രേംനസീർ, ഗോപി, രതീഷ്, ശ്രീവിദ്യ, ശോഭന തുടങ്ങിയ പ്രമുഖതാരങ്ങളെല്ലാം ഈ ചിത്രത്തിലുണ്ട്.
മുന്നു ഗാനങ്ങളിൽ കെ എസ് ചിത്രയും സംഘവും പാടിയ “അത്തം ചിത്തിര ചോതിപ്പൂ..” എന്ന ഗാനം കവി പുതുശ്ശേരി രാമചന്ദ്രനെഴുതി എ ടി ഉമ്മർ സംഗീതം നൽകി.
മറ്റു രണ്ടു ഗാനങ്ങൾ കാവാലം നാരായണപ്പണിക്കർ എഴുതി.
അതിൽ ചിത്രയും യേശൂദാസും ചേർന്നുപാടിയ “ഓക്കുമരക്കൊമ്പത്തെ..” എന്നു തുടങ്ങുന്ന ഗാനം സംഗീതം നൽകിയത് ജെറി അമൽദേവാണ്.
യേശുദാസും ചിത്രയുംചേർന്നു പാടിയ “കണ്ണടച്ചിരുളിൽ വെളിവിൽ..”(രാഗം :സരസാംഗി) എന്ന ഗാനത്തിന്റെ സംഗീത സംവിധാനം എ ടി ഉമ്മറാണ് നിർവഹിച്ചത്.
1987 ലെ ചിത്രങ്ങൾ:
1986 ൽ ചിത്രീകരിച്ച ചിത്രമാണെങ്കിലും റിലീസ് ആയത് 1987 ഫെബ്രുവരി 12നാണ്.
ടി ദാമോദരൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഐ വി ശശി സംവിധാനം ചെയ്ത ചിത്രം.
അക്കാലത്തെ വമ്പൻ കൂട്ടുകെട്ടായ ടി ദാമോദരൻ - ഐ വി ശശി ടീമിന്റെ മറ്റൊരു മൾട്ടിസ്റ്റാർ ഹിറ്റ് ചിത്രം.
മലയാളത്തിലെ അന്നത്തെ പ്രമുഖ താരങ്ങളെല്ലാം മധുസാറിനൊപ്പം അണിനിരന്ന ചിത്രം.
യൂസഫലി കേച്ചേരി -ശ്യാം കൂട്ടുകെട്ടിന്റെ മൂന്നുഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
1988 ലെ ചിത്രങ്ങൾ
1987 ൽ ഏറ്റവും ശ്രദ്ധേയമായ ചിത്രമാണ് അപരൻ. പദ്മരാജൻ മാജിക്കുകളിലൊന്ന് എന്നുപറയാവുന്നത്. പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു അപരൻ.
പദ്മരാജന്റെ പ്രശസ്തമായ അപരൻ എന്ന ചെറുകഥയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ ചിത്രമെങ്കിലും പദ്മരാജന്റെ മാന്ത്രികസ്പർശത്തിലൂടെ കഥയിൽനിന്ന് പ്രമേയത്തിലും കഥാഗതിയിലുമൊക്കെ വേറിട്ടുനിന്ന അനുഭവമായിരുന്നു അപരൻ എന്ന സിനിമ.
പദ്മരാജൻ എന്ന കഥാകൃത്തിനെ പദ്മരാജൻ എന്ന തിരക്കഥാകൃത്തും സംവിധായകനും മറികടക്കുന്ന ആഹ്ലാദകരമായ അനുഭവം!
ഒരുപക്ഷേ, ടൈറ്റിൽ കഥാപാത്രത്തെ ഒരിയ്ക്കലും നേരിട്ടുകാണിക്കാതെയും അതേസമയം സിനിമയിലുടനീളം പൊള്ളുന്ന ഒരു സാന്നിദ്ധ്യമായി നിലനിർത്തുകയും ചെയ്യുന്ന അത്ഭുതകരമായ സംവിധാനമികവ് ആദ്യമായി മലയാളത്തിൽ പ്രകടിപ്പിച്ച സിനിമയാവണം അപരൻ. അതുതന്നെയാണ് ഈ ചിത്രത്തെ ഇന്നും വേറിട്ട് നിലനിർത്തുന്നത്.
അവസാനരംഗത്ത് കത്തിയെരിയുന്ന ചിതയിലേയ്ക്കുനോക്കി നായകൻ ചിരിക്കുന്ന ഒരു ചിരി, മരിച്ചത് നായകനോ പ്രതിനായകനോ എന്ന അമ്പരപ്പ് പ്രേക്ഷകരിൽ ബാക്കിയാക്കി അവസാനിക്കുന്നു. ആ അമ്പരപ്പിക്കലാണ് പദ്മരാജൻ എന്ന സംവിധായകന്റെ മാന്ത്രികസ്പർശം!!
ഈ ചിത്രത്തിനുവേണ്ടിയുള്ള കഥയുടെ രചനയിൽ പദ്മരാജനോടൊപ്പം എം കെ ചന്ദ്രശേഖരനുമുണ്ട്. തിരക്കഥയും സംഭാഷണവും സംവിധാനവും പദ്മരാജൻ.
മലയാള സിനിമ അന്നോളം കൈകാര്യം ചെയ്തിട്ടില്ലാത്ത പ്രമേയത്തിലൂടെ, സംവിധാനത്തിന്റെ വേറിട്ട വഴികളിലൂടെ, ആ ചിത്രം പദ്മരാജൻ ക്ലാസിക്കുകളിലൊന്നായി ഇന്നും തുടരുന്നു.
മറ്റൊന്ന് മലയാളസിനിമയുടെ അടുത്തൊരു തലമുറയുടെ വിളംബരമായിരുന്നു ആ സിനിമ – ജയറാം എന്ന നടനിലൂടെ! മലയാളസിനിമയുടെ ചരിത്രസന്ധികളിലെല്ലാം ഭാഗഭാക്കായിരുന്ന മധുസാറിന് ഈ ചിത്രത്തിലും ആ ചരിത്രനിയോഗം നിറവേറ്റാനായത് അദ്ദേഹത്തെ മലയാളസിനിമയിലെ പകരക്കാരനില്ലാത്ത പ്രതിഭയെന്ന് അടിവരയിട്ടുറപ്പിക്കുന്നു.
ജയറാം, മധുസാർ ഇവരെക്കൂടാതെ എം ജി സോമന്,മുകേഷ് ,ജഗതി ശ്രീകുമാര്, ഇന്ദ്രൻസ്, പാർവ്വതി , സുരാസു, സുകുമാരി , കെ പി എ സി സണ്ണി, വി കെ ശ്രീരാമൻ, ജെയിംസ് ചാക്കോ , കൊല്ലം അജിത് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചു.
ഭൂരിപക്ഷം പദ്മരാജൻ ചിത്രങ്ങളെപ്പോലെതന്നെ ഈ ചിത്രത്തിലും ഗാനങ്ങളില്ല. പശ്ചാത്തലസംഗീതം അതിമനോഹരമായി കൈകാര്യം ചെയ്തത് ജോൺസണാണ്.
നിർമ്മാതാവായ കെ ടി കുഞ്ഞൂമോൻ കഥയെഴുതി ജോൺപോൾ തിരക്കഥയും സംഭാഷണവുമെഴുതി പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ചിത്രമാണിത്.
മധുസാറിനൊപ്പം ദേവൻ, ഉർവശി, കെ ആർ വിജയ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിലുണ്ട്.
ഒരു ഗാനമാണ് ഈ ചിത്രത്തിലുള്ളത്. ബിച്ചു തിരുമല എഴുതി എ ടി ഉമ്മർ സംഗീതം നൽകിയ “മണിത്തൂവൽ ചിറകുള്ള..” എന്നു തുടങ്ങുന്ന ആ ഗാനം പാടിയത് പി ജയചന്ദ്രനാണ്.
കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റേതാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും. ഇടനാഴിയിൽ ഒരു കാലൊച്ച, ജാലകം എന്നീ ചിത്രങ്ങളുടെ കഥയ്ക്കുശേഷം അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണിത്.
ഈ ചിത്രത്തിന്റെ സംഭാഷണം ജോൺ പോളൂം സംവിധാനം ഹരികുമാറുമാണ്.
മധു, സുകുമാരൻ, ദേവൻ, മുകേഷ്, പാർവതി, നന്ദിതാബോസ് എന്നിവരാണ് മുഖ്യ അഭിനേതാക്കൾ. ഈ ചിത്രത്തിലെ ഗാന്ധിയൻ കൃഷ്ണൻ‌നായർ എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.
ഓ എൻ വി എഴുതി അർജ്ജുനൻമാഷ് സംഗീതം നൽകി എം ജി വേണുഗോപാലും ദുർഗ്ഗയും സംഘവും ചേർന്നാലപിച്ച “കാണാനഴകുള്ള മാണിക്യക്കുയിലേ..” എന്ന മനോഹരഗാനം ഈ ചിത്രത്തിലേതാണ്. രാഗം : ചക്രവാകം.
#1921
1921 ലെ മലബാർ കലാപത്തെ ആസ്പദമാക്കി ടി ദാമോദരൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഐ വി ശശി സംവിധാനം ചെയ്ത ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് 1921.
“ഒരു ചരിത്ര സംഭവം മസാലയിൽപ്പൊതിഞ്ഞ് അവതരിപ്പിക്കുകയായിരുന്നു. മമ്മൂട്ടിയ്ക്കുവേണ്ടി ഖാദർ എന്ന കഥാപാത്രത്തെ യഥാർത്ഥത്തിലും വലുതാക്കി അവതരിപ്പിക്കേണ്ടിവന്നു,” എന്ന് ടി ദാമോദരൻ പറഞ്ഞിട്ടുണ്ട്.
ആലി മുസലിയാർ എന്ന ചരിത്രപുരുഷനെയാണ് മധുസാർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
വളരെയധികം തുക ചിലവാക്കി നിർമ്മിച്ചതാണ് ഈ ചിത്രം. രണ്ടുകോടിയിലധികം കളക്ഷൻ നേടി ബോക്സോഫീസിൽ 1988ലെ ഏറ്റവും വരുമാനം നേടിയ ചിത്രമായി 1921.
സംഗീതസംവിധാനം ശ്യാം.
വി എ ഖാദർ രചിച്ച “ഫിർദൗസിൽ അടുക്കുമ്പോൾ..” എന്ന ഗാനം കൂടാതെ ജയദേവർ, മൊയീൻ‌കുട്ടി വൈദ്യർ എന്നിവരുടെ രചനകളും ബങ്കിംചന്ദ്ര ചാറ്റർജിയുടെ വന്ദേമാതരവും ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
1988 ലെ കേരളസംസ്ഥാന സിനിമാ അവാർഡിൽ കലാമൂല്യമുള്ള ചിത്രത്തിനുള്ള അവാർഡും 1988 ലെ മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡും ഈ ചിത്രത്തിനു ലഭിച്ചു.
എം ടി വാസുദേവൻ‌നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രം. എം ടി യുടെ പ്രശസ്തവും വ്യത്യസ്തവുമായ ‘ഡാർ-എസ്-സലാം’ എന്ന കഥയുടെ ചലച്ചിത്രരൂപമാണിത്.
ഇരിങ്ങാലക്കുടക്കാരൻ ജോസ് എന്ന ജെ ഡി തോട്ടാൻ അവസാനം സംവിധാനം ചെയ്ത ചിത്രമാണിത്. 1964ൽ കൂടപ്പിറപ്പ് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ സിനിമായാത്ര ആരംഭിച്ചത്. മൊത്തം 14 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അതിൽ നാലു ചിത്രങ്ങൾ അദ്ദേഹംതന്നെ നിർമ്മിക്കുകയും ചെയ്തു.
ഇതിലെ മേജർ ഫ്രഡറിക് മുകുന്ദൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് മധുസാർ മനോഹരമായി അവതരിപ്പിച്ചത്. മറ്റൊരു പ്രധാന കഥാപാത്രമായ റീത്തയെ ശ്രീവിദ്യയും അവതരിപ്പിച്ചു.
രാജ്കുമാർ, ജലജ, ജഗതി ശ്രീകുമാർ, മാള അരവിന്ദൻ മുതലായവരാണ് മറ്റ് അഭിനേതാക്കൾ.
പി ഭാസ്കരൻ രചിച്ച് ജി ദേവരാജൻ സംഗീതം നൽകിയ രണ്ടു ഗാനങ്ങളിലൊന്ന് യേശുദാസും മറ്റേത് വിൻസെന്റ് ഗോമസും പാടി. കൃസ്തീയഭക്തിഗാനരംഗത്ത് പ്രശസ്തനായ വിൻസെന്റ് ഗോമസ് രണ്ട് മലയാള ചിത്രങ്ങളിലായി മൂന്നു ഗാനങ്ങൾ പാടിയിട്ടുണ്ട്. ഈ ചിത്രത്തിലെ “നമ്പറുലേശം തെറ്റിയില്ലെങ്കിൽ ബമ്പറടിച്ചേനേ..” എന്ന ഗാനം പ്രശസ്തമായി.
നടൻ ജഗതി ശ്രീകുമാർ ആദ്യമായി കഥയെഴുതിയ ചിത്രമാണ് വിറ്റ്നസ്സ്. സംവിധായകൻ വിജി തമ്പിയുമായിച്ചേർന്നാണ് ജഗതി ശ്രീകുമാർ ഇതിന്റെ കഥയെഴുതിയത്. മറ്റ് രണ്ടുചിത്രങ്ങൾക്കുകൂടി അദ്ദേഹം കഥയെഴുതിയിട്ടുണ്ട്.
തിരക്കഥയും സംഭാഷണവും ജോൺപോളും കലൂർഡെന്നിസും ചേർന്നാണ് എഴുതിയത്. സംവിധാനം വിജി തമ്പി.
അഡ്വക്കേറ്റ് മാധവൻ തമ്പി എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിക്കുന്നത്. ജയറാം, ജഗതി, പാർവതി, സുകുമാരൻ, ഇന്നസെന്റ്, സുരേഷ്ഗോപി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബിച്ചു തിരുമല എഴുതി ഔസേപ്പച്ചൻ സംഗീതം നൽകിയ രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
ഈ യാത്രയിൽ 1988 നാം പിന്നിട്ടുകഴിഞ്ഞു.
മുന്നോട്ടുള്ള യാത്ര നമുക്കൊരുമിച്ചു തുടരാം…
അതിനായി കാത്തിരിക്കുക..
മലയാളസിനിമയുടെ ചരിത്രത്തിലൂടെ,
മധു എന്ന ബഹുമുഖപ്രതിഭയുടെ കലാസപര്യയിലൂടെ,
ഈ യാത്ര തുടരാം..
വര, എഴുത്ത് : പ്രദീപ്

Comments

Popular Posts