മാധവം. 53



1985 ൽ ഒൻപതു ചിത്രങ്ങളാണ് മധുസാറിന്റേതായുള്ളത്. അവയിൽ മിക്കതും അക്കാലത്തെ മികച്ച ചിത്രങ്ങൾ.
വളരെ പ്രത്യേകതകളുള്ള ഒരു ചിത്രമാണിത്. വലിയ താരനിരയും സന്നാഹങ്ങളുമുള്ള ഒരു ബിഗ് ബഡ്ജറ്റ് ചിത്രം. വലിയൊരു പ്രളയം ഈ ചിത്രത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.
പ്രശസ്ത നടനായ ദേവനാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. സാമ്പത്തികപ്രശ്നങ്ങൾമൂലം അഞ്ചുകൊല്ലമെടുത്തു ഈ ചിത്രം പൂർത്തിയാവാൻ!
മധുസാറിന്റെ ആദ്യചിത്രമായ ‘നിണമണിഞ്ഞ കാല്പാടുകൾ’ സംവിധാനം ചെയ്ത എൻ എൻ പിഷാരടിയാണ് ഈ ചിത്രത്തിനു കഥയെഴുതിയത്. അഞ്ചു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അഞ്ചു ചിത്രങ്ങളുടെ തിരക്കഥയെഴുതുകയും നാലു ചിത്രങ്ങൾക്ക് സംഭാഷണങ്ങളെഴുതുകയും ചെയ്ത അദ്ദേഹം, പക്ഷേ, ഗാനരചയിതാവായിട്ടാണ് സിനിമാരംഗത്തേയ്ക്കെത്തുന്നത്- സന്ദേഹി എന്ന സിനിമയ്ക്ക് ആറു ഗാനങ്ങളെഴുതിക്കൊണ്ട്!
‘വെള്ളം’ കൂടാതെ അദ്ദേഹംതന്നെ നിർമ്മിച്ച് സംവിധാനംചെയ്ത ‘മുൾക്കിരീടം’ എന്ന സിനിമയ്ക്കുകൂടി കഥയെഴുതിയിട്ടുണ്ട്. തന്റെ ആദ്യ സംവിധാനചിത്രമായ ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ ക്ക് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡ് 1963 ൽ നേടിക്കൊണ്ടാണ് അദ്ദേഹം ശ്രദ്ധേയനായത്. മധു എന്ന നടന്റെ പിറവിയും ഈ ചിത്രത്തിലൂടെയായിരുന്നു എന്നകാര്യം പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.
തിരക്കഥയും സംഭാഷണവുമെഴുതിയത് എം ടി വാസുദേവൻ‌നായരും സംവിധാനം ഹരിഹരനുമാണ്.
ഈ ചിത്രത്തിനു ശേഷമാണ് എം ടി – ഹരിഹരൻ ടീമിന്റെ, ‘നഖക്ഷതങ്ങൾ’ മുതൽ ‘പഴശ്ശിരാജ’ വരെയുള്ള, ഏറ്റവും മികച്ച ചിത്രങ്ങളെല്ലാം പിറവിയെടുത്തത് എന്നത് കൗതുകകരമാണ്.
മറ്റൊരു പ്രത്യേകത, ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തത് സലിൽ ചൗധരിയാണ് എന്നതാണ്. 1977 ൽ രാമുകാര്യാട്ടിന്റെ ‘ദ്വീപ്’ എന്ന ചിത്രത്തിനുശേഷം അദ്ദേഹം പശ്ചാത്തലസംഗീതം നിർവഹിച്ച മലയാള ചിത്രമാണിത്. രാമുകാര്യാട്ടല്ലാതെ മറ്റൊരു മലയാള സംവിധായകനുവേണ്ടി സലിൽദാ ആദ്യമായി പശ്ചാത്തലസംഗീതമൊരുക്കിയ ചിത്രവും ഇതുതന്നെ! പിന്നീട് 1991 ൽ അരവിന്ദന്റെ ‘വാസ്തുഹാര’യാണ് അദ്ദേഹം അവസാനമായി പശ്ചാത്തലസംഗീതം നൽകിയ ചിത്രം.
പ്രേംനസീറും മധുസാറും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായെത്തി. മധുസാർ അവതരിപ്പിച്ചത് ‘മാത്തുക്കുട്ടി’ എന്ന ശക്തനായ കഥാപാത്രത്തെയാണ്.
മുല്ലനേഴി രചിച്ച് ദേവരാജൻ സംഗീതം നൽകിയ ഏഴു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
ഹംസധ്വനി രാഗത്തിൽ യേശുദാസ് പാടിയ “സൗരയൂഥ പഥത്തിലെങ്ങോ..” എന്ന മനോഹര ഗാനം ഇതിലൊന്നാണ്.
ചേരി വിശ്വനാഥിന്റെ കഥയിൽ തോപ്പിൽഭാസി തിരക്കഥയും സംഭാഷണവുമെഴുതി, എം മണി സംവിധാനം ചെയ്ത് നിർമ്മിച്ച ചിത്രമാണ് പച്ചവെളിച്ചം.
സാധാരണചേരുവകളൊക്കെയുള്ള ഒരു പ്രേത- ഹൊറർ ചിത്രമാണിത്.
മധുസാർ ഇതിൽ ക്യാപ്റ്റൻ എം കെ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
ചുനക്കര രാമൻ‌കുട്ടി എഴുതി ശ്യാം സംഗീതം നൽകിയ രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
നിർമ്മാതാവും സംവിധായകനും ഹസ്സൻ. കഥയും ഹസ്സന്റേതുതന്നെ. ശ്രീമൂലനഗരം വിജയൻ തിരക്കഥയും സംഭാഷണവുമെഴുതി.
മധു, ശ്രീവിദ്യ, രതീഷ്, സുകുമാരൻ, സീമ, റഹ്മാൻ, ക്യാപ്റ്റൻ രാജു തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ഗാനരചന ചേരാമംഗലം, സംഗീതം എ ടി ഉമ്മർ.
ഗോപി എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.
കഥ_ഇതുവരെ
ഒരു ജോഷി ചിത്രം. എ ആർ മുകേഷിന്റെ കഥയ്ക്ക് കലൂർ ഡെന്നിസ് തിരക്കഥയും സംഭാഷണവുമെഴുതി ജോഷി സംവിധാനം ചെയ്ത ചിത്രം.
എൺപതുകളിലെ സെന്റിമെന്റൽ എലിമെന്റുകളായ ‘ലൂക്കേമിയ’, ബേബി ശാലിനി, ഒക്കെയുള്ള ചിത്രം എന്നുപറയാം.
മധുസാറിനൊപ്പം മമ്മൂട്ടി, സുഹാസിനി, റഹ്മാൻ, രോഹിണി, തിലകൻ തുടങ്ങിയ താരനിരയുള്ള ചിത്രം.
പൂവച്ചൽ ഖാദർ എഴുതി ജോൺസൺ സംഗീതം നൽകിയ മൂന്ന് മനോഹരഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.
“മഴവില്ലിൽ മലർതേടി..” (യേശുദാസ്, ചിത്ര) രാഗം : മോഹനം
“രാഗിണീ, രാഗരൂപിണി..” (യേശുദാസ്, ചിത്ര) രാഗം : ഹംസധ്വനി
“ചേരുന്നു ഞങ്ങളൊന്നായ് ചേരുന്നു..” (ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ, സി ഒ ആന്റോ)
ഗുരുജീ_ഒരു_വാക്ക്
വേണു നാഗവള്ളി കഥയും തിരക്കഥയും സംഭാഷണവുമെഴുതി രാജൻ ശങ്കരാടി സംവിധാനം ചെയ്ത ചിത്രമാണിത്. രാജൻ ശങ്കരാടി സംവിധാനംചെയ്ത ആദ്യ ചിത്രവുമാണിത്.
സഹസംവിധായകൻ കമലും കലാസംവിധായകൻ രാജീവ് അഞ്ചലുമാണ്. ഇവർ രണ്ടും പിൽക്കാലത്ത് അറിയപ്പെടുന്ന സംവിധായകരായി.
നെടുമുടി, മോഹൻലാൽ, രതീഷ് എന്നിവർ അഭിനയിച്ച ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഗുരുജിയെയാണ് മധുസാർ അവതരിപ്പിച്ചത്.
ബിച്ചു തിരുമല എഴുതി ജെറി അമൽദേവ് സംഗീതം നൽകിയ മൂന്ന് ഹിറ്റ് ഗാനങ്ങളുണ്ട് ഈ ചിത്രത്തിൽ:
“പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരിപൂത്തു..” (യേശൂദാസ്, ചിത്ര) രാഗം : പീലു
“വെൺപകൽത്തിരയോ..” (യേശുദാസും സംഘവും)
“വേളാങ്കണ്ണിപ്പള്ളിയിലെ..” (യേശുദാസ്)
പ്രശസ്ത കഥാകൃത്ത് ഏകലവ്യന്റെ കഥയ്ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്തത് ഹരികുമാറാണ്. ഹരികുമാറിന്റെ അഞ്ചാമത്തെ ചിത്രമാണിത്. സംഭാഷണമെഴുതിയത് ജോൺ പോൾ.
മധു, ശ്രീവിദ്യ, മമ്മൂട്ടി, ശോഭന തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിലുണ്ട്.
മുല്ലനേഴി എഴുതി എം ബി ശ്രീനിവാസൻ സംഗീതം നൽകിയ രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
ആന്റണി ഈസ്റ്റ്മാനാണ് ഈ ചിത്രത്തിനു കഥയെഴുതിയത്. കലൂർ ബസ്റ്റാൻഡിലെ നഗരസഭാക്കെട്ടിടത്തിൽ രണ്ടാമത്തെ നിലയിലെ ഒരു മുറിയിൽ ഈസ്റ്റ്മാൻ സ്റ്റുഡിയോ നടത്തിക്കൊണ്ടിരുന്ന ഫോട്ടോഗ്രാഫറായിരുന്നു ആന്റണി ഈസ്റ്റ്മാൻ. 1976 ൽ ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിലൂടെ സിനിമയിൽ നിശ്ചലഛായാഗ്രാഹകനായി.
ആന്റണിയുടെ സ്റ്റുഡിയോയിലെ നിത്യസന്ദർശകരായിരുന്ന ജോൺപോളും, കലൂർ ഡെന്നീസും, ആർ കെ ദാമോദരനും, സെബാസ്റ്റ്യൻ പോളും,
ആർട്ടിസ്റ്റ് കിത്തോയും, എ ആർ മുകേഷുമൊക്കെ സംസാരിച്ചിരുന്നത് സിനിമയെക്കുറിച്ചായിരുന്നു. അങ്ങനെയാണ് 1981ൽ ജോൺ പോളിന്റെ തിരക്കഥയിൽ ‘ഇണയെത്തേടി’ എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്യുന്നത്. ആ ചിത്രത്തിലൂടെയാണ് ജോൺ പോൾ, സംഗീതസംവിധായകൻ ജോൺസൺ, നടി സിൽക്ക്സ്മിത എന്നിവർ ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരുന്നത്. കഴിഞ്ഞകൊല്ലം – 2021 ജൂലൈ 3 ന് ആന്റണി ഈസ്റ്റ്മാൻ ആകസ്മികമായി വിടപറഞ്ഞു! മോഹൻ സംവിധാനം ചെയ്ത രചന എന്ന ചിത്രമുൾപ്പടെ 9 ചിത്രങ്ങൾക്ക് കഥയെഴുതിയിട്ടുണ്ട്. ആറു സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
‘ഇവിടെ ഈ തീരത്ത്’ നു തിരക്കഥയും സംഭാഷണവും ജോൺ പോൾ എഴുതി. പി ജി വിശ്വംഭരനാണ് സംവിധായകൻ.
മധു, ശ്രിവിദ്യ, രോഹിണി, റഹ്മാൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
ബിച്ചു തിരുമല എഴുതി എ ടി ഉമ്മർ സംഗീതം നൽകിയ രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
ഒരിക്കൽ_ഒരിടത്ത്
ജോൺപോൾ കഥയും തിരക്കഥയും സംഭാഷണവുമെഴുതി ജേസി സംവിധാനംചെയ്ത ചിത്രം.
മധുസാറിനൊപ്പം പ്രേംനസീർ, അടൂർഭാസി, റഹ്മാൻ, രോഹിണി, ശ്രീവിദ്യ തുടങ്ങിയ താരങ്ങൾ അണിനിരന്ന ചിത്രം.
പൂവച്ചൽ ഖാദർ -രവീന്ദ്രൻ കൂട്ടുകെട്ടിൽ മൂന്നു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.
കണ്ണാരം_പൊത്തി_പൊത്തി
ഹസ്സൻ കഥയെഴുതി സംവിധാനംചെയ്ത ചിത്രം. ഭീമൻ, ബെൻസ് വാസു തുടങ്ങി ഒൻപത് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് ഹസ്സൻ.
ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ആലപ്പി ഷെറീഫ് ആണ്.
പ്രശസ്തനടൻ ഉമ്മറിന്റെ മകൻ റഷീദ് ഉമ്മർ ആദ്യമായി അഭിനയിച്ച ചിത്രമാണിത്.
അശ്വിനിയായിരുന്നു നായിക. ബോയിങ് ബോയിങ് എന്ന ചിത്രത്തിലെ മൂന്നു നായികമാരിൽ ഒരാൾ അശ്വിനിയായിരുന്നു. നാൽപത്തിമൂന്നാം വയസ്സിൽ കാൻസർ ബാധിതയായി മരണമടഞ്ഞു.
ശ്രീവിദ്യ, ഭീമൻ രഘു തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മധുസാറിനെക്കൂടാതെയുള്ളത്.
പി ഭാസ്കരൻ എഴുതി എ ടി ഉമ്മർ ഈണം നൽകിയ രണ്ടു ഗാനങ്ങളിൽ യേശുദാസും ചിത്രയും ചേർന്നു പാടിയ “മഴയോ മഴ പൂമഴ പൂതുമഴ..” എന്ന ഹരികാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം മനോഹരമാണ്.
1985ൽ മധുസാർ അഭിനയിച്ച ഒൻപതു ചിത്രങ്ങളിലൂടെയാണ് ഇന്നു നമ്മൾ സഞ്ചരിച്ചത്.
മധുസാർ ഭാഗഭാക്കായ 1986ലേയും 87ലേയും ചിത്രങ്ങളുമായി മടങ്ങിവരുന്നതുവരെ കാത്തിരിക്കുക..
നമുക്കീ യാത്ര തുടരാം…
വര, എഴുത്ത് : പ്രദീപ്

Comments

Popular Posts