മാധവം. 43

 


മാധവം. 43
1978 ലെ എട്ടു ചിത്രങ്ങളെപ്പറ്റി മാത്രമാണ് നമ്മൾ കഴിഞ്ഞ ഭാഗത്ത് പറഞ്ഞുനിർത്തിയത്.
മറ്റു ചിത്രങ്ങളിലേയ്ക്ക് കടക്കാം.
മലയാളസാഹിത്യരംഗത്തു് മാറ്റത്തിന്റെ ചലനങ്ങളുണ്ടാക്കിയ, വി ടി നന്ദകുമാറിന്റെ, ‘രണ്ടു പെൺകുട്ടികൾ” എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം. പ്രമേയംകൊണ്ട് കാലത്തിനുമുമ്പേ പറന്ന ചിത്രം! തിരക്കഥയും സംഭാഷണവുമെഴുതിയത് ‘സുരാസു’ എന്ന നാമത്തിൽ വിഖ്യാതനായ നാടകകാരനും നടനുമൊക്കെയായ ബാലഗംഗാധരക്കുറുപ്പ്.
മോഹൻ സ്വതന്ത്രസംവിധായകനായ ആദ്യത്തെ ചിത്രമാണ് ‘രണ്ട് പെൺകുട്ടികൾ’. അന്ന് പ്രേക്ഷകർക്ക് തീർത്തും അന്യമായൊരു പ്രമേയം അവതരിപ്പിച്ച ചിത്രമാണിത്. മധുസാറിനെക്കൂടാതെ ജയൻ, സുകുമാരൻ, ശോഭ, ജലജ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ സുരാസുവും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.
എം എസ് വിശ്വനാഥൻ സംഗീതസംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങൾ ബിച്ചുതിരുമല എഴുതി പി ജയചന്ദ്രൻ പാടി.
ഇവയിൽ
“ഞായറും തിങ്കളും പൂത്തിറങ്ങും..” (കല്യാണി രാഗം),
“ശ്രുതിമണ്ഡലം സപ്തസ്വരമണ്ഡലം.. “(മോഹന രാഗം)
എന്നീ ഗാനങ്ങൾ ശ്രദ്ധേയമായി.
ഇവ കൂടാതെ ‘റാൻഡർ ഗൈ’ എഴുതി ഉഷാഉതുപ്പ് പാടിയ “Where there is..” എന്നു തുടങ്ങുന്ന ഒരു ഇംഗ്ലീഷ് ഗാനവും ഈ ചിത്രത്തിലുണ്ട്.
ഒരു അഭിഭാഷകനും ചരിത്രകാരനുമായ മദഭൂഷി രംഗദൊരൈ ആണ് ‘റാൻഡർ ഗൈ’ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്നത്. ഈ ചിത്രം കൂടാതെ 1980 ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത “തിരകൾ എഴുതിയ കവിത” എന്ന ചിത്രത്തിനും അദ്ദേഹം രണ്ട് ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
ഈ ചിത്രത്തിൽ ഡോക്ടർ മാധവൻ നായർ എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.
ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാഷണവുമെഴുതി ഐ വി ശശി സംവിധാനം ചെയ്ത സിനിമയാണ് ഇതാ ഒരു മനുഷ്യൻ. മധുസൂദനൻ തമ്പി എന്ന പ്രധാനകഥാപാത്രമായി മധുസാർ ഈ ചിത്രത്തിൽ നിറഞ്ഞുനിന്നു. മറ്റ് അഭിനേതാക്കൾ: ഷീല, ജയൻ, ഉമ്മർ, ജയഭാരതി, തിക്കുറിശ്ശി, കുതിരവട്ടം പപ്പു തുടങ്ങിയവർ.
ശ്രീകുമാരൻ തമ്പി എഴുതി എം. എസ് വിശ്വനാഥൻ സംവിധാനം ചെയ്ത ആറുഗാനങ്ങളിൽ ജയചന്ദ്രൻ പാടിയ “ഒന്നു ചിരിക്കാൻ എല്ലാം മറക്കാൻ..” എന്നു തുടങ്ങുന്ന ഗാനമാണ് ഏറെ പ്രശസ്തം.
കെ എസ് ഗോപാലകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നാലുമണിപ്പൂക്കൾ. തിരക്കഥയും സംഭാഷണവും തോപ്പിൽഭാസി. ഗാനരചയിതാവും സംവിധായകനുമായ ബാലു കിരിയത്ത് ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മധുസാറിനെക്കൂടാതെ ശ്രീദേവി, എം ജി സോമൻ, തുടങ്ങിയ വലിയൊരു താരനിര ഈ ചിത്രത്തിലുണ്ട്.
ബിച്ചു തിരുമല – ദേവരാജൻ ടീമിന്റെ, ഒരു കോമഡി ഗാനമുൾപ്പടെ, മനോഹരങ്ങളായ നാലു ഗാനങ്ങളുണ്ട് ഈ ചിത്രത്തിൽ.
“അമ്പമ്പോ ജീവിക്കാൻ വയ്യേ..” (സി ഒ ആന്റോ, കോട്ടയം ശാന്ത)
“ചന്ദനപ്പൂന്തെന്നൽ ചാമരം വീശുമ്പോൾ..” (പി സുശീല)
“പുലരിയും പൂക്കളും..” (മാധുരി)
“ആരോ പാടി, അനുരാഗമാസ്മരഗാനം..” (യേശുദാസ്)
1978 ൽ ഇടിമുഴക്കംപോലെ തീയേറ്ററുകളിലെത്തിയ സിനിമയാണ് ‘വാടകയ്ക്കൊരു ഹൃദയം’. അക്കാലത്ത് വിരളമായ ‘പ്രായപൂർത്തിയായവർക്കുമാത്രം’ സർട്ടിഫിക്കറ്റുമായി എത്തിയ സിനിമ. ഐ വി ശശി – പത്മരാജൻ ടീം അപ്പോഴേയ്ക്കും മലയാളികൾക്ക് പ്രിയങ്കരമായ കൂട്ടുകെട്ടായിമാറിയിരുന്നു. പത്മരാജന്റെ കഥയും തിരക്കഥയും സംഭാഷണവും മാജിക്ക് കാട്ടിത്തുടങ്ങിയിരുന്നു. ഐ വി ശശി മുഖ്യധാരയിലെ മികച്ച സംവിധായകനായി മാറിയിരുന്നു. ഈ കൂട്ടുകെട്ടിലെ വിജയ ചിത്രങ്ങളിലൊന്നാണ് വാടകയ്ക്കൊരു ഹൃദയം. വ്യത്യസ്തവും ശക്തവുമായ കഥയും തിരക്കഥയും സംഭാഷണവും – പത്മരാജൻ മാജിക് ജനം തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. മൂന്നു നായകന്മാർ തകർത്തഭിനയിച്ച ചിത്രം – രാഘവൻ, എം ജി സോമൻ, മധുസാർ! അവർക്കൊപ്പം നിറഞ്ഞാടിയ ജയഭാരതിയുടെ അഭിനയമികവും ഈ ചിത്രത്തിന്റെ വിജയഘടകമായി. എടുത്തു പറയേണ്ട മറ്റ് സവിശേഷതകൾ ഒന്ന്- രാമചന്ദ്രബാബു എന്ന സിനിമറ്റോഗ്രാഫറുടെ വശ്യമനോഹരമായ ഫ്രെയിമുകളാണ്. മറ്റൊന്ന് കാവാലം എന്ന പ്രതിഭയുടെ, നാടൻ ശീലുകളുടെ മധുരം കിനിയുന്ന, മനം മയക്കുന്ന ഗാനങ്ങളും. ദേവരാജൻ സംഗീതം നൽകിയ, നാലു മനോഹര ഗാനങ്ങളിൽ യേശുദാസ് പാടിയ
“ഒഴിഞ്ഞ വീടിൻ ഉമ്മറക്കോടിക്ക്..” (രാഗം സിന്ധുഭൈരവി)എന്ന ടൈറ്റിൽ ഗാനവും
മലയാളത്തിലെ എക്കാലത്തെയും മികച്ച മനോഹരഗാനങ്ങളിലൊന്നായ
“പൂവാങ്കുഴലിപ്പെണ്ണിനുണ്ടൊരു..” (രാഗം ആനന്ദാംബരി) ഉൾപ്പെടുന്നു.
മലയാള സിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട സിനിമയായി മാറി ‘വാടകയ്ക്കൊരു ഹൃദയം’.
1978 ലെ ചിത്രങ്ങൾ ഇവിടെ തീരുന്നില്ല. ഇനിയുമുണ്ട് പതിനൊന്നു ചിത്രങ്ങൾ ബാക്കി. അവയിൽ പ്രത്യേകതകളുള്ള സിനിമകളുണ്ട്. പുതിയ താരോദയമുണ്ട്..
മധുസാറിന്റെ ശക്തമായ കഥാപാത്രങ്ങളുണ്ട്..
അവയ്ക്കായി കാത്തിരിക്കുക..
തിരിച്ചുവരാം..
നമുക്കീയാത്ര തുടരാം..
വര, എഴുത്ത് : പ്രദീപ് Pradeep Purushothaman

Comments

Popular Posts