മാധവം 40

 


മാധവം. 40

കഴിഞ്ഞ ഭാഗം നമ്മൾ പറഞ്ഞുനിർത്തിയപോലെ, 1977 പുതിയൊരു തലമുറ ശക്തമായി രംഗത്തേയ്ക്കുവന്ന വർഷമാണ്. പുതിയ പരീക്ഷണങ്ങൾ, പുതിയ പ്രമേയങ്ങൾ ഒക്കെ മലയാളസിനിമ കണ്ട വർഷം. വരാനിരിക്കുന്ന ഒരു വസന്തത്തിന്റെ ഇടിമുഴക്കം ശ്രവിച്ചുതുടങ്ങിയ വർഷം. മലയാളസിനിമയുടെ ചരിത്രത്തോടൊപ്പം നടന്നുകൊണ്ടിരിക്കുന്ന മധുസാർ ഈ വഴിത്തിരിവിലും തന്റേതായ പങ്കുവഹിച്ചു. 1977 ൽ പതിനഞ്ചു ചിത്രങ്ങളാണു് മധുസാറിന്റേതായി പുറത്തിറങ്ങിയത്. രണ്ടു ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്.

 

നമുക്ക് ചിത്രങ്ങളിലേയ്ക്കു കടക്കാം.

 

#ധീരസമീരേ യമുനാതീരേ

ചേരി വിശ്വനാഥ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി മധുസാർ സംവിധാനം ചെയ്ത സിനിമയാണിത്. ചേരി വിശ്വനാഥ് കുറേയേറെ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയിട്ടുണ്ട്.  അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നാടകം ‘നാരദൻ കേരളത്തിൽ’ പിന്നീട് സിനിമയാക്കിയിട്ടുണ്ട്.

 

മധുസാറിനോടൊപ്പം ഉണ്ണിമേരി, വിധുബാല, തിക്കുറിശ്ശി മുതലായ താരങ്ങളാണ് ഈ ചിത്രത്തിലുള്ളത്. മധുസാർ ഇരട്ടവേഷങ്ങളിലെത്തുന്ന ചിത്രംകൂടിയാണിത്.

 

ഒ എൻ വി എഴുതി  ശ്യാം സംഗീതം നൽകിയ അഞ്ച് ഹിറ്റുഗാനങ്ങളാണ് ഈ ചിത്രത്തിൽ :

 

“പുത്തിലഞ്ഞിച്ചില്ലകളിൽ പൂക്കാലം കോർത്തിട്ട

മുത്തായ മുത്തെല്ലാം എങ്ങുപോയി” (പി സുശീല)

 

“അമ്പിളീ പൊന്നമ്പിളീ..” (പി ജയചന്ദ്രൻ)

 

“ധീരസമീരേ യമുനാതീരേ..” (കെ ജെ യേശുദാസ്, ജാനകി)

 

“മനസ്സിന്റെ താളുകൾക്കിടയിൽ ഞാൻ പണ്ടൊരു “ (എസ് ജാനകി)

 

“ഞാറ്റുവേലക്കിളിയേ നീ ആറ്റുനോറ്റിരുന്ന..” (പി സുശീല)

 

#അപരാധി

എറണാകുളം ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആയിരുന്ന ജോസഫ് മെയ്ൻ കഥയെഴുതി, പ്രശസ്ത സാഹിത്യകാരൻ വി ടി നന്ദകുമാർ സംഭാഷണമെഴുതി പി എൻ സുന്ദരം സംവിധാനം ചെയ്ത ചിത്രമാണിത്. പി എൻ സുന്ദരത്തെ അറിയില്ലേ? നദി ഉൾപ്പടെ നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം. ഏഴു സിനിമകൾ സംവിധാനം ചെയ്തതിൽ ജയന്റെ അവസാനചിത്രമായ കോളിളക്കവും ഉൾപ്പെടുന്നു.

 

അപരാധി ഒരു കുറ്റാന്വേഷണകഥകൂടിയാണ്. പ്രേംനസീർ ഇതിൽ അന്വേഷണോദ്യോഗസ്ഥനായി വരുന്നു. ജയചന്ദ്രൻ എന്ന സങ്കീർണ്ണസ്വഭാവമുള്ള മുഖ്യകഥാപാത്രത്തിനെയാണ് മധുസാർ അവതരിപ്പിച്ചത്. ഷീല, ജയഭാരതി, നന്ദിതാബോസ്, ഉമ്മർ, ബഹദൂർ, പ്രതാപചന്ദ്രൻ എന്നിവരോടൊപ്പം തമിഴ് താരം നാഗേഷും ഇതിലെ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

 

പി ഭാസ്കരൻ, വയലാർ, സലിൽചൗധരി കൂട്ടുകെട്ടിന്റെ മികച്ച നാലുഗാനങ്ങളുണ്ട് ഇതിൽ.

1.    “നന്മനേരുമമ്മ..” (പി ഭാസ്കരൻ) സുജാതയും ശ്രീജിത്തും സംഘവും

2.   “മുരളീധരാ മുകുന്ദാ തൊഴുന്നേൻ..” (പി ഭാസ്കരൻ) ജാനകി, അമ്പിളി, സുജാത എന്നിവരും സംഘവും

3.     “മാമലയിലെ പൂമരം പൂത്തനാൾ..” (വയലാർ) വാണീജയറാമും ജോളീഏബ്രഹാമും സംഘവും

4.   “തുമ്പീ, തുമ്പീ, തുള്ളാൻ വായോ..” (വയലാർ) സുജാത, അമ്പിളി

 

#അകലെ ആകാശം

ആലപ്പി ഷെറിഫ് (എ ഷെറിഫ്) കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രം.

സംവിധാനം  ഐ വി ശശി.

ഈ ചിത്രത്തിലെ ലക്ചറർ രവീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.

ശ്രീദേവിയായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ശ്രീകുമാരൻ തമ്പി രചിച്ച് ദേവരാജൻ സംഗീതം നൽകിയ നാലു ഗാനങ്ങൾ. ഗായകർ: യേശുദാസ്, ജയചന്ദ്രൻ, മാധുരി.

 

#നുരയും പതയും

തകഴിയുടെ ‘നുരയും പതയും’ എന്ന നോവൽ തോപ്പിൽഭാസി തിരക്കഥയും സംഭാഷണവുമെഴുതി ജെ ഡി തോട്ടാൻ നിർമ്മാണവും സംവിധാനവും നിർവഹിച്ച ചിത്രം. നിർമ്മാതാവും സംവിധായകനുമായ ജെ ഡി തോട്ടാൻ മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ കൃതികളാണ് സംവിധാനംചെയ്ത ചലച്ചിത്രങ്ങളത്രയും എന്ന്  പ്രത്യേകം പറയേണ്ടതുണ്ട്.

 

ദേവരാജൻ സംഗീതം നൽകിയ നാലു ഗാനങ്ങളിൽ ഒന്ന് വയലാറും ബാക്കി പി ഭാസ്കരനുമാണ് രചിച്ചത്.

 

#സരിത

പ്രശസ്ത ഛായാഗ്രാഹകനായ മധു അമ്പാട്ട് , പി പി ഗോവിന്ദൻ എന്നിവർചേർന്ന് കഥയും, പി പി ഗോവിന്ദൻ,  ജെ സി ജോർജ്ജ് (കോമരം എന്ന ചിത്രത്തിന്റെ സംവിധായകൻ) എന്നിവർ ചേർന്ന് തിരക്കഥയും, ജെ സി ജോർജ്ജ് സംഭാഷണവുമെഴുതി.

സംവിധാനം പി പി ഗോവിന്ദൻ. ഇദ്ദേഹം ശ്രദ്ധയാർജ്ജിച്ച അനേകം ഡോക്യുമെന്ററികളും മലയാളത്തിലും തമിഴിലുമായി ഏഴു സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.

ഈ ചിത്രത്തിൽ മധുസാറിനൊപ്പം പ്രധാനവേഷത്തിലെത്തിയത് വിധുബാലയാണ്.

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് ഈ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. ഇതിന്റെ സിനിമറ്റോഗ്രാഫിയും മധു അമ്പാട്ടാണ് നിർവ്വഹിച്ചത്. ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ അസോസിയേറ്റ് ആയിരുന്നത് വിപിൻ മോഹൻ ആണ്.

 

സത്യൻ അന്തിക്കാട്, ശ്യാം കൂട്ടുകെട്ടിന്റെ നാലുഗാനങ്ങളിൽ

“മഴ തുള്ളിത്തുള്ളി നൃത്തമാടിവരും വാനിൽ..” (യേശുദാസ്),

 

“ഓർമ്മയുണ്ടോ, ഓർമ്മയുണ്ടോ..

അമ്പലനടയിൽ, ദ്വാദശിനാളിൽ..” (ജയചന്ദ്രൻ, മല്ലിക സുകുമാരൻ),

ഈ ഗാനങ്ങൾ ശ്രദ്ധേയമായി.

 

#പൂജയ്ക്കെടുക്കാത്ത പൂക്കൾ

പ്രശസ്ത കഥാകാരൻ എൻ മോഹനന്റെ ‘പൂജയ്ക്കെടുക്കാത്ത പൂക്കൾ’ എന്ന കഥയുടെ ചലച്ചിത്രരൂപാന്തരം. തിരക്കഥയും സംഭാഷണവും തോപ്പിൽഭാസി. സംവിധാനം ശങ്കരൻ നായർ.

 

ഈ ചിത്രത്തിൽ മധുസാറിനൊപ്പം പ്രേംനസീറിന്റെ സഹോദരൻ പ്രേംനവാസും അഭിനയിച്ചിരിക്കുന്നു. മധുസാർ ബാലചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

 

മികച്ച ഗാനങ്ങളിലൂടെയാണ് ഈ ചിത്രം അക്കാലത്ത് ഏറെ ശ്രദ്ധേയമായതു്. 1977 ലെ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാനപുരസ്കാരം ഈ ചിത്രത്തിലൂടെ രാഘവൻമാഷ് നേടി.

ഗാനരചന പി ഭാസ്കരൻ.

 

ബ്രഹ്മാനന്ദൻ, അമ്പിളി, സുശീല എന്നിവരോടൊപ്പം പ്രശസ്ത സംഗീതജ്ഞൻ ബാലമുരളീകൃഷ്ണയും ഈ ചിത്രത്തിനുവേണ്ടി ഗാനങ്ങളാലപിച്ചു.

 

പ്രശസ്തമായ ഗാനങ്ങൾ:
“കണ്ണന്റെ കവിളിൽനിൻ സിന്ദൂരതിലകത്തിൽ
വർണ്ണരേണുക്കൾ ഞങ്ങൾ കണ്ടല്ലോ രാധേ..” (ബാലമുരളീകൃഷ്ണ) യമുനകല്യാണി, 
വൃന്ദാവനസാരംഗ, സിന്ധുഭൈരവി എന്നീ രാഗങ്ങളിലുള്ള രാഗമാലികയായാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

 

“ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര

മൂർത്തിയേതന്നറിയാത്ത കൊടും തപസ്യ..” (ബ്രഹ്മാനന്ദൻ) രാഗം :ശിവരഞ്ജിനി

 

മറ്റുഗാനങ്ങൾ:

“നവയുഗദിനകരനുയരട്ടെ..” (അമ്പിളി)
“നഭസ്സിൽ മുകിലിന്റെ പൊന്മണിവില്ല്..” (ബാലമുരളീകൃഷ്ണ)

“രജനീകദംബംപൂക്കും..” (അമ്പിളി)
“പാഹിമാധവ പാഹികേശവ..”(സുശീല)

 

1977 ൽ ശ്രദ്ധനേടിയ മികച്ച ചിത്രങ്ങളിലൊന്നാണിത്.

 

ഇക്കൊല്ലത്തെ മികച്ച ചിത്രങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

അവയുടെ വിവരങ്ങളുമായി ഉടനേ മടങ്ങിവരാം.

അതുവരെ കാത്തിരിക്കണേ..

നമുക്കീ യാത്ര തുടരാം..

 

 

വര, എഴുത്ത് : പ്രദീപ് @Pradeep Purushothaman

 

#മാധവം

#Madhavam

 

Comments

Popular Posts