മാധവം. 48

 


മാധവം. 48
1981 മലയാള സിനിമാ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു വർഷമാണ്. മധുസാറിന്റെ പതിമൂന്നുചിത്രങ്ങളാണ് 1981 ൽ പുറത്തിറങ്ങിയത്.
ഈ പേരു കേൾക്കുമ്പോൾത്തന്നെ 1980 നെ കറുത്ത വൃത്തത്തിലടയാളപ്പെടുത്തിയ ആ ദുരന്തം ഓരോ മലയാളിക്കും ഓർമ്മവരും. ഇതിനകം മലയാളത്തിലെ ആദ്യത്തെ ആക്‌ഷൻഹീറോ എന്ന പദവിയിലെത്തി ജ്വലിച്ചുനിന്ന ജയന്റെ ഞെട്ടിപ്പിക്കുന്ന അപകടമരണത്തിനു കാരണമാക്കിയ ചിത്രം! വേറെയും ഒരുപാട് പ്രത്യേകതകളുണ്ട് ഈ ചിത്രത്തിന്. (1980 നവംബർ 16 നാണ് ചിത്രീകരണത്തിനിടയിലുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ ജയൻ മരിച്ചതെങ്കിലും ചിത്രം പുറത്തിറങ്ങിയത് 1981 ഫെബ്രുവരി 10നാണ്.)
1965ൽ പുറത്തിറങ്ങിയ ‘വക്ത്’ എന്ന യാഷ്ചോപ്ര ചിത്രത്തിന്റെ റീമേയ്ക്ക് ആണ് ഈ ചിത്രം.
മലയാളത്തിലെ അന്നത്തെ പ്രമുഖതാരങ്ങളെല്ലാം അണിനിരന്ന ഒരു മൾട്ടിസ്റ്റാർ ചിത്രം.
സി വി ഹരിഹരനാണ് ഇതിന്റെ നിർമ്മാതാവും കഥയും തിരക്കഥയും. അദ്ദേഹം 1981ൽത്തന്നെ പുറത്തിറങ്ങിയ ‘ദ്വന്ദയുദ്ധം’ എന്നൊരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. അടൂർഭാസി ആദ്യമായി സംവിധായകനായ ‘ആദ്യപാഠം’(1977) മുതൽ പി എൻ സുന്ദരത്തിന്റെ ‘കക്ക’(1982) വരെ ഏഴു ചിത്രങ്ങൾ അദ്ദേഹം നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. മധുസാർ ഈ ചിത്രത്തിൽ പ്രഭാകരൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
കോളിളക്കം സംവിധാനം ചെയ്തത് സി എൻ സുന്ദരവും തിരക്കഥയെഴുതിയത് മേലാറ്റൂർ രവിവർമ്മയുമാണ്.
ഈ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചുകഴിഞ്ഞ് ജയന് തൃപ്തിവരാതെ വീണ്ടും ചിത്രീകരിക്കുന്നതിനിടയിലാണ് ഹെലിക്കൊപ്റ്റർ നിയന്ത്രണംവിട്ട് തകരുകയും ആ അപകടത്തിൽ ജയൻ മരിക്കുകയും ബാലൻ കെ നായർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്.
മലയാളികൾ ഒന്നടങ്കം ഞെട്ടലോടെ ശ്രവിച്ച ഒരു വാർത്തയായിരുന്നു അത്. പതിറ്റാണ്ടുകൾക്കിപ്പുറവും ഈ ദുരന്തം ഉണങ്ങാത്ത നൊമ്പരമായി മലയാളിമനസ്സുകളിൽ നീറിക്കൊണ്ടിരിക്കുന്നു.
ഒരുപക്ഷേ ഇതിനു സമാനമായ ഒരു ദുരന്തം ഇന്ത്യൻ സിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടാവില്ല. ജയന്റെ ഈ ആകസ്മിക വേർപാടിനോട് പൊരുത്തപ്പെടാൻ പ്രേക്ഷകർക്ക് ഒരുപാട് സമയം വേണ്ടിവന്നു!
ജയന്റെ മരണം ആ ചിത്രത്തെ പലരീതിയിലും ബാധിച്ചു.
ക്ലൈമാക്സിൽ വില്ലനെ തകർത്ത് വിജയിയായി വരുന്ന കഥാപാത്രമായിരുന്നു ജയന്റേത്. ആ കഥാപാത്രം മരിക്കുന്നതായി കഥ മാറ്റേണ്ടിവന്നു. ചിത്രീകരണം മുഴുവനാക്കിയെങ്കിലും ഡബ്ബിങ് നടക്കാത്തതിനാൽ ജയന്റെ ചിരപരിചിതമായ ആ ഘനഗംഭീരശബ്ദം എങ്ങനെ പുനരാവിഷ്കരിക്കും എന്നത് നിർമ്മാതാക്കളെ കുഴക്കി. വേറൊരു ശബ്ദം അദ്ദേഹത്തിന്റെ ആരാധകർ അംഗീകരിക്കില്ല എന്ന് ഉറപ്പായിരുന്നു. അതിനുള്ള പരിഹാരം തേടിയ ഈ ചിത്രത്തിന്റെ പ്രവർത്തകർ കണ്ടെത്തിയത് അന്ന് മിമിക്രിരംഗത്തെ മുടിചൂടാമന്നനായ ആലപ്പി അഷ്റഫിനെയാണ്. ആലപ്പി അഷ്റഫ് ജയന്റെ ശബ്ദം അസമാന്യമായ പാടവത്തോടെ ആർക്കും ഒരു ശങ്കയ്ക്കും ഇടവരാത്ത രീതിയിൽ ഡബ്ബ് ചെയ്യുകയും ചെയ്തു. ഈ കാര്യം അന്ന് രഹസ്യമായി സൂക്ഷിച്ചിരുന്നതുകൊണ്ട് ആർക്കും അത് ജയന്റെ ശബ്ദമല്ലെന്ന് തോന്നുകയും ചെയ്തില്ല. ഇതും ഒരുപക്ഷേ മലയാള സിനിമയിൽ ആദ്യസംഭവമായിരുന്നിരിക്കണം.
പ്രശസ്ത ശബ്ദതാരം ഭാഗ്യലക്ഷ്മി ആദ്യമായി ഒരു നായികയ്ക്കുവേണ്ടി ശബ്ദം നൽകിയത് ഈ സിനിമയിലെ സുമലതയുടെ കഥാപാത്രത്തിനാണ്.
പ്രശസ്ത നടി ഉർവശിയുടെ അച്ഛനും (ചവറ വി പി നായർ) അമ്മയും രണ്ട് സഹോദരന്മാരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ബിച്ചു തിരുമല എഴുതി എം എസ് വിശ്വനാഥൻ സംഗീതം നിർവഹിച്ച മൂന്നു ഗാനങ്ങളിൽ “ഓമൽക്കലാലയ വർഷങ്ങളേ..” (ജോളി ഏബ്രഹം, വാണീ ജയറാം) എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധേയമായി.
പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത് പുറത്തുവന്ന ‘കോളിളക്കം’ ജയന്റെ അവസാനചിത്രം എന്ന നിലയിൽ പ്രേക്ഷകർ സ്വീകരിക്കുകയാണുണ്ടായത്.
ചിത്രത്തിന്റെ അവസാനസീനിൽ മാലയിട്ടുവച്ച ബാബു(ജയൻ)വിന്റെ ചിത്രത്തിനുമുന്നിൽ ഭാര്യ(കെ ആർ വിജയ)യെയും രണ്ട് മക്കളെയും(സോമൻ, സുകുമാരൻ) തിരിച്ചുകിട്ടിയ പ്രഭാകരൻ (മധു)പറയുന്ന “നഷ്ടപ്പെട്ടതെല്ലാം എനിക്ക് തിരിച്ചുകിട്ടി. എന്റെ ബാബുമോൻ കൂടി ഉണ്ടായിരുന്നെങ്കിൽ ഞാനെത്ര ഭാഗ്യവാനായേനെ.” എന്ന വാചകത്തോടെ ചിത്രം അവസാനിക്കുമ്പോൾ അത് പ്രേക്ഷകരിലേയ്ക്ക് വലിയ നൊമ്പരമാണു പടർത്തിയത്.
വിലാസിനി കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ഏക ചിത്രമാണിത്. നിർമ്മാണം ആർ ഷാജി. അദ്ദേഹം ഈയൊരു ചിത്രം മാത്രമേ നിർമ്മിച്ചിട്ടുള്ളൂ.
ഐ വി ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മധുസാറിനോടൊപ്പം(ചന്ദ്രൻ) ലക്ഷ്മി(ദേവയാനി) യാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്.
ഗാനങ്ങളില്ലാത്ത ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
വ്യത്യസ്തമായ ഒരു ഐ വി ശശി ചിത്രം.
ഉമാസ്റ്റുഡിയോയിലാണ് ഈ ചിത്രം ചിത്രീകരിച്ചത്.
ഒരു സമ്പൂർണ്ണ ശ്രീകുമാരൻ‌തമ്പി ചിത്രം (കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന, നിർമ്മാണം). ഉമാസ്റ്റുഡിയോയിൽ ചിത്രീകരിച്ചത്.
മധുവും ജയനുമാണ് നായകനടന്മാർ. ജയന്റെ മരണശേഷം പുറത്തിറങ്ങിയ ചിത്രം.
പ്രശസ്ത ഗായകൻ ജോളി ഏബ്രഹം വില്ലനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
ശ്രീകുമാരൻ‌തമ്പിയുടെ ആറു ഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകി.
“ഈദ് മുബാറക്ക്…” (യേശുദാസ്)
“മുത്തുക്കുടയേന്തി..”(യേശുദാസ്, ജാനകി)
“പീതാംബരധാരിയിതാ..”(ജാനകി)
“ഓടുംതിര ഒന്നാംതിര..” (ജയചന്ദ്രൻ, ജോളി ഏബ്രഹാം, ഷെറിൻപിറ്റേഴ്സ്)
“ലില്ലി, ലില്ലി, മൈ ഡാർലിങ്..” (എസ് പി ബാലസുബ്രഹ്മണ്യം, എസ് പി ഷൈലജ)
പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ കഥയും തിരക്കഥയുമെഴുതി കലാസംവിധായകനായ ശ്രീനി സംവിധാനംചെയ്ത ചിത്രമാണിത്.
മധുസാറിനെക്കൂടാതെ രതീഷ്, ഭീമൻരഘു, അച്ചൻ‌കുഞ്ഞ്, ജലജ, ജയമാലിനി, പ്രമീള, സിൽക്ക് സ്മിത തുടങ്ങിയ താരങ്ങൾ അണിനിരന്ന ചിത്രം.
പൂവച്ചൽ ഖാദർ എഴുതി ശ്യാം സംഗീതം നൽകിയ നാലുഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
പ്രശസ്തമായ ഗാനം : “സുഷമേ നിന്നിൽ ഉഷസ്സുകൾ കണ്ടൂ..” (യേശുദാസ്) രാഗം : വിജയനാഗരി, ഷണ്മുഖപ്രിയ.
പ്രശസ്ത സാഹിത്യകാരൻ ജി വിവേകാനന്ദന്റെ കഥയ്ക്ക് ശ്രീകുമാരൻ‌തമ്പി തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം നിർവഹിച്ച ചിത്രമാണ് അരിക്കാരി അമ്മു. ഇതിന്റെ നിർമ്മാതാവ് അഭിനേതാവായ ശശിയാണ്. അദ്ദേഹം നിർമ്മിച്ച ഏക ചിത്രമാണിത്.
മധുസാറും ജയഭാരതിയുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.
ശ്രീകുമാരൻ‌തമ്പി – ദക്ഷിണാമൂർത്തി കൂട്ടുകെട്ടിന്റെ നാലു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
ഡോ. ബാലകൃഷ്ണന്റെ കഥയ്ക്ക് ജോൺപോൾ തിരക്കഥയും സംഭാഷണവുമെഴുതി പി ചന്ദ്രകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ദന്തഗോപുരം.
മധു, ശ്രീവിദ്യ, സുകുമാരൻ, സീമ തുടങ്ങിയ താരങ്ങൾ അഭിനയിച്ച ചിത്രം.
സത്യൻ അന്തിക്കാട് എഴുതി ശ്യാം സംഗീതം നൽകിയ രണ്ടു ഗാനങ്ങൾ.
അബ്ദുൾഹമീദ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ഏക ചിത്രം.
സംവിധാനം : കെ സുകുമാരൻ നായർ
മധുസാറിനൊപ്പം ജയഭാരതി സത്താർ തുടങ്ങിയവരുൾപ്പെട്ട താരനിര അഭിനയിച്ച ചിത്രമാണിത്.
നാലു ഗാനങ്ങളിൽ മൂന്നെണ്ണം ചുനക്കര രാമൻ‌കുട്ടിയും ഒരെണ്ണം ബിച്ചു തിരുമലയുമെഴുതി. സംഗീതസംവിധാനം ജി ദേവരാജൻ.
കലൂർ ഡെന്നിസ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ജോഷി സംവിധാനം ചെയ്ത ഒരു മൾട്ടിസ്റ്റാർ ചിത്രമാണിത്. മധുസാറിനൊപ്പം പ്രേംനസീറും മുഖ്യവേഷത്തിലെത്തിയ ചിത്രം.
1981 ൽ ആർ കെ ദാമോദരന്റെ രചനയ്ക്ക് സംഗീതം നിർവഹിച്ച് ‘ഇണയെത്തേടി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീതസംവിധായനായി മാറിയ ജോൺസൺമാഷിന്റെ മികച്ച മൂന്നുഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. ആർ കെ ദാമോദരൻ രചിച്ച ആ ഗാനങ്ങൾ:
“അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു..” (യേശുദാസ്, വാണീജയറാം)
“സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ” (യേശുദാസ്)
“മഞ്ഞിൽച്ചേക്കേറും മകരപ്പെൺപക്ഷീ..” (യേശുദാസ്, വാണീജയറാം) രാഗം:മോഹനം
1981 ലെ വിജയചിത്രങ്ങളിലൊന്നാണ് ‘രക്തം’.
ജോൺപോളിന്റെ കഥയ്ക്ക് കലൂർ ഡെന്നിസ് തിരക്കഥയും സംഭാഷണവുമെഴുതി പി ചന്ദ്രകുമാർ സംവിധാനം ചെയ്ത ചിത്രമാണ് സംഭവം.
മധുസാറിനൊപ്പം ശ്രിവിദ്യ, രവിമേനോൻ, സുകുമാരൻ അംബിക തുടങ്ങി താരബഹുലമായൊരു ചിത്രമാണിത്.
സത്യൻ അന്തിക്കാട് രചിച്ച് ദക്ഷിണാമൂർത്തി സംഗീതം നൽകിയ നാലുഗാനങ്ങളാണുള്ളത്.
ഇതിൽ “പകലോ പാതിരാവോ..” എന്നു തുടങ്ങുന്ന ഗാനം യേശുദാസും ദക്ഷിണാമൂർത്തിയും ചേർന്നാണ് ആലപിച്ചതെന്ന പ്രത്യേകതയുമുണ്ട്.
1981 ൽ മധുസാർ നിർമ്മിച്ച ചിത്രമാണിതു്. ബംഗാളി സാഹിത്യകാരനായ അശുതോഷ് മഹോപാദ്ധ്യായയുടെ ‘സാത് പാകെ ബന്ധാ’ എന്ന നോവൽ അതേപേരിൽ 1963 ൽ അജോയ് കർ സിനിമയാക്കി. 1974 ൽ ‘കൊറാ കാഗസ്’ എന്ന പേരിൽ ഹിന്ദിയിൽ സിനിമയായി. അതിന്റെ മലയാളം റീമേയ്ക്കാണ് ‘അർച്ചനട്ടീച്ചർ’
തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്തത് പി എൻ മേനോനാണ്.
കമൽ ഇതിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു.
ഉമാ സ്റ്റുഡിയോയിലാണ് ഈ സിനിമ ചിത്രീകരിച്ചത്.
മധു, സീമ, അംബിക, വേണു നാഗവള്ളി എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്.
ശ്രീകുമാരൻ‌തമ്പി രചിച്ച് ശ്യാം സംഗീതം നൽകിയ അഞ്ചു ഗാനങ്ങൾ.
ജയചന്ദ്രനും ജാനകിയും ചേർന്നുപാടിയ “ഓരോ നിമിഷവും ഓരോ നിമിഷവുമോർമ്മയിൽ..” എന്ന ഗാനം പ്രശസ്തമാണ്.
പി കെ മോഹനന്റെ കഥ. തിരക്കഥ ജേസി, സംഭാഷണം കലൂർ ഡെന്നിസ്.
സംവിധാനം ജേസി
ചേന്നൻ എന്ന മുഖ്യ കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്. അദ്ദേഹത്തെക്കൂടാതെ ശ്രീവിദ്യ, സോമൻ, അംബിക തുടങ്ങിയ അഭിനേതാക്കളും ഈ ചിത്രത്തിലുണ്ട്.
ഇതിലെ തങ്കി എന്ന ബുദ്ധിമാന്ദ്യമുള്ള യുവാവ് മാള അരവിന്ദന്റെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ആ കഥാപാത്രത്തിനുവേണ്ടി യേശുദാസ് പാടിയ “തക്കിടമുണ്ടൻ താറാവേ..” എന്ന ഗാനവും വളരെയധികം ശ്രദ്ധനേടി.
ഒ എൻ വി കുറുപ്പ് എഴുതി, യേശുദാസ് സംഗീതം നൽകിയ നാലു ഗാനങ്ങളാണ് ഈ ചിത്രത്തിൽ.
“ഒറ്റക്കാലിൽ തപസ്സു ചെയ്യും കൊറ്റിയമ്മാവാ..” എന്ന ഗാനവും ശ്രദ്ധേയമായി.
അന്നത്തെ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു താറാവ്.
1981 ൽ മധുസാർ നിർമ്മിച്ച രണ്ടാമത്തെ ചിത്രമാണ് ഗൃഹലക്ഷ്മി. ദാസരി നാരായണറാവുവിന്റെ കഥയ്ക്ക് എം കൃഷ്ണൻ‌നായർ തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനംചെയ്തു.
ഈ ചിത്രത്തിൽ അച്ഛനും മകനുമായി ഇരട്ടവേഷത്തിലാണ് മധുസാർ എത്തുന്നത്. ശ്രിവിദ്യ, സുഭാഷിണി തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിലുണ്ട്.
ഉമാസ്റ്റുഡിയോയിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ.
ശ്രീകുമാരൻ‌തമ്പി എഴുതി ശ്യാം സംഗീതം നൽകിയ നാലു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
പി ചന്ദ്രകുമാറിന്റെ സഹോദരൻ പി ഗോപികുമാറാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.
ഈ ചിത്രം എന്തുകൊണ്ടോ പുറത്തിറങ്ങിയില്ല.
ജെറി അമൽദേവിന്റെ ആദ്യകാല സിനിമകളിലൊന്നാണിത്. പി ഭാസ്കരൻ എഴുതിയ അഞ്ചു ഗാനങ്ങൾക്കാണ് അദ്ദേഹം ഈ സിനിമയിൽ സംഗീതം നൽകിയത്.
ചിത്രം റിലീസ് ആയില്ലെങ്കിലും ഈ ചിത്രത്തിനുവേണ്ടി പഹാഡി രാഗത്തിൽ ചിട്ടപ്പെടുത്തി യേശുദാസ് പാടിയ “പൂവല്ല പൂന്തളിരല്ല മാനത്തെ മണിവില്ലല്ല..” എന്ന ഗാനം സൂപ്പർഹിറ്റായി മാറി.
ജെറി അമൽദേവ് എന്ന സംഗീതസംവിധായകനെ അടയാളപ്പെടുത്തുന്ന ഗാനമായി ഇത് നിലകൊള്ളുന്നു.
1981 പൂർത്തിയാവുമ്പോൾ, ജയൻ എന്ന നടന്റെ നഷ്ടം നിറഞ്ഞുനിൽക്കുന്നു. മധുസാറിന്റെ 13 ചിത്രങ്ങൾ. അതിൽ രണ്ടെണ്ണം അദ്ദേഹം നിർമ്മിച്ചതും.
1982 ൽ അഞ്ചു ചിത്രങ്ങളാണ് നമ്മെ കാത്തിരിക്കുന്നതു്. 1978 ലും 79ലും നൂറ്റിഇരുപത്തിയഞ്ചു ചിത്രങ്ങൾവരെ മലയാളത്തിൽ നിർമ്മിക്കപ്പെട്ടിരുന്നെങ്കിലും 1980 ,81, 82 വർഷങ്ങളിൽ എണ്ണം നൂറിനു താഴെയായി കുറഞ്ഞു. ആ കുറവ് മധുസാറിന്റെ ചിത്രങ്ങളുടെ എണ്ണത്തിലും പ്രതിഫലിച്ചതായിത്തോന്നുന്നു.
എൺപത്തിരണ്ടിലെ ചിത്രങ്ങൾക്കായി കാത്തിരിക്കുക.
അതുവരെ വിട.
നമുക്കീ യാത്ര തുടരാം..
മലയാള സിനിമയുടെ ഓരത്തുകൂടി ഒരുമിച്ചുനടക്കാം..
അതിനായി കാത്തിരിക്കുക.
വര, എഴുത്ത് : പ്രദീപ്

Comments

Popular Posts