മാധവം. 46


 


മധുസാറിന്റെ 1979 ലെ ചിത്രങ്ങളിൽ പത്തെണ്ണത്തെപ്പറ്റി നമ്മൾ ചർച്ചചെയ്തു കഴിഞ്ഞു, ഇനിയുള്ള പത്തുചിത്രങ്ങളെ ഈ ഭാഗത്തിൽ പരിചയപ്പെടാം.

 

#ഇടവഴിയിലെ_പൂച്ച_മിണ്ടാപ്പൂച്ച

1979 ൽ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്ന്. എം.ടി വാസുദേവൻ നായരുടെ പ്രശസ്തമായ കഥ, അദ്ദേഹത്തിന്റെതന്നെ ശക്തമായ തിരക്കഥയും സംഭാഷണവുമായി സിനിമയാവുമ്പോൾ ശ്രദ്ധേയമാവാതിരിക്കാൻ തരമില്ലല്ലോ. ടി ഹരിഹരന്റെ സംവിധാനമികവുകൂടിയായപ്പോൾ ചിത്രം മികച്ചതായി.

മധു – ശ്രീവിദ്യ ജോടികളുടെ മികച്ച ചിത്രങ്ങളിലൊന്ന്. അഭിനയമികവ് മാറ്റുരച്ച ചിത്രം.

 

യൂസഫലി കേച്ചേരി എഴുതി എം ബി ശ്രീനിവാസൻ സംഗീതം നൽകിയ മൂന്നു മനോഹരഗാനങ്ങളാണ് ഈ ചിത്രത്തിന്റെ മറ്റൊരാകർഷണം. ഈ ചിത്രം എം ബി ശ്രീനിവാസന് സംഗീതസംവിധായകനുള്ള 1979ലെ സംസ്ഥാനപുരസ്കാരം നേടിക്കൊടുത്തു. അദ്ദേഹത്തിനു ലഭിച്ച മൂന്നാമത്തെ കേരള സംസ്ഥാന അവാർഡാണിതു്.

 

ആ ഗാനങ്ങൾ ഇവയാണ്:

“വിശ്വമഹാക്ഷേത്ര സന്നിധിയിൽ

വിഭാതചന്ദന തളികയുമായ്..” (എസ്. ജാനകി) – രാഗമാലിക : കാപ്പി, തോടി, ശുഭപന്തുവരാളി രാഗങ്ങൾ

 

“വിവാഹനാളിൽ പൂവണിപ്പന്തൽ

വിണ്ണോളമുയർത്തൂ ശില്പികളേ..” (എസ്. ജാനകി), രാഗം : യമുനാകല്യാണി

 

“കല്യാണി, അമൃത  തരംഗിണീ..” (പി ജയചന്ദ്രൻ), രാഗം : കല്യാണി

പ്രമേയംകൊണ്ടും അവതരണംകൊണ്ടും 79 ൽ ശ്രദ്ധനേടിയ ചിത്രമാണിത്.

 

#ഒരു_രാഗം_പല_താളം

ശ്രീവിദ്യയും ഭർത്താവ് ജോർജ്ജ് തോമസും ചേർന്ന് നിർമ്മിച്ച ചിത്രമാണിത്.

ഡോക്ടർ പവിത്രൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി എം കൃഷ്ണൻ‌നായർ സംവിധാനം ചെയ്ത ചിത്രം.

മധുസാറിനൊപ്പം ശ്രീവിദ്യയും ജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ശ്രീകുമാരൻ‌തമ്പി എഴുതി എം എസ് വിശ്വനാഥൻ സംഗീതം നൽകിയ മൂന്നു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

 

#പതിവ്രത

എം എസ് ചക്രവർത്തി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഏക ചിത്രമാണ് പതിവ്രത.  സംഭാഷണം: പാപ്പനംകോട് ലക്ഷ്മണൻ. എഴുപതുകളിലെ പതിവ് കുടുംബചിത്ര സങ്കീർണ്ണഫോർമുലകളിൽപ്പെട്ട ഒരു ചിത്രം.

മധു, എം ജി സോമൻ, രവിമേനോൻ, ഷീല, സീമ, റീന, പത്മപ്രിയ തുടങ്ങി ഒരു വൻ താരനിരയുള്ള ചിത്രം.

ബിച്ചു തിരുമല എഴുതി എം എസ് വിശ്വനാഥൻ സംഗീതം നൽകിയ നാലുഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.

 

#അഗ്നിപർവ്വതം

കൈപ്പള്ളിയിൽ കുട്ടൻപിള്ള എന്ന കെ പി കൊട്ടാരക്കരയുടെ കഥയും തിരക്കഥയും സംഭാഷണവും. പി ചന്ദ്രകുമാറിന്റെ സംവിധാനം.

മധു, ജോസ് പ്രകാശ്, സത്താർ, ശ്രീവിദ്യ, അംബിക തുടങ്ങിയ താരനിര ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ശ്രീകുമാരൻതമ്പി എഴുതി പുകഴേന്തി സംഗീതം നൽകിയ നാലുഗാനങ്ങളാണ് ഈ ചിത്രത്തിൽ.

 

#കതിർമണ്ഡപം

ശ്രീകുമാരൻ‌തമ്പി കഥയും തിരക്കഥയും സംഭാഷണവുമെഴുതി കെ പി പിള്ള സംവിധാനം ചെയ്ത ചിത്രമാണ് കതിർമണ്ഡപം. 1979ലെ ഒരു മൾട്ടിസ്റ്റാർ ചിത്രം.

മധുസാറിനൊപ്പം പ്രേംനസീർ, ഉമ്മർ, രവികുമാർ, ജയഭാരതി, കനകദുർഗ്ഗ എന്നിങ്ങനെ ഒട്ടേറെ താരങ്ങൾ അണിനിരന്ന ചിത്രമാണ് കതിർമണ്ഡപം.

ഈ ചിത്രത്തിൽ ബേബി കവിത എന്നപേരിൽ അഭിനയിച്ച ബാലതാരം പ്രശസ്ത നടി ഉർവശിയാണ്. ഏറെക്കാലത്തിനുശേഷം യേശുദാസ് ഒരു ഗാനചിത്രീകരണരംഗത്ത് അഭിനയിച്ചു ( “കതിർമണ്ഡപം സ്വപ്ന”) എന്നൊരു പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.

 

ശ്രീകുമാരൻ‌തമ്പി, ദക്ഷിണാമൂർത്തി സംഗമത്തിൽപ്പിറന്ന നാലു മനോഹരഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

 

1.     “ചെമ്പകമല്ലനീ ഓമനേ…” (ജയചന്ദ്രൻ)

2.    “കതിർമണ്ഡപം സ്വപ്നസ്വരമണ്ഡപം “(യേശുദാസ്) രാഗമാലിക :ബിലഹരി, കാപ്പി

3.    “അത്തപ്പൂക്കളം..”(അമ്പിളി, ഷെറിൻ പീറ്റേഴ്സ്)

4.    “ഈഗാനത്തിൽ വിടരും മോഹനം..” (യേശുദാസ്, വാണീജയറാം)

“കതിർമണ്ഡപം..” എന്ന ഗാനം പി സുശീലയും ആലപിച്ചിട്ടുണ്ട്.

 

#ജീവിതം_ഒരു_ഗാനം

ഒരു സമ്പൂർണ്ണ ശ്രീകുമാരൻ‌തമ്പി ചിത്രം!
കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ, സംവിധാനം എല്ലാം അദ്ദേഹംതന്നെ!

വിശാലമായൊരു ക്യാൻ‌വാസിൽ പറഞ്ഞ കഥ. ശ്രീവിദ്യയും മധുസാറും രസകരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

വലിയൊരു താരനിര ഈ ചിത്രത്തിലുണ്ട്.

എം എസ് വിശ്വനാഥൻ സംഗീതം നൽകിയ അഞ്ചു മനോഹര ഗാനങ്ങളിൽ യേശുദാസും സംഘവും പാടിയ “സത്യനായകാ, മുക്തിദായകാ..” എന്ന ഗാനം എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നാണ്.

 

#പ്രതീക്ഷ

സന്ധ്യയുടെ കഥ. (സന്ധ്യ വേറെ ഒരു ചിത്രത്തിനും കഥയെഴുതിയതായി കാണുന്നില്ല.) ചന്ദ്രഹാസൻ തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രം. (ചന്ദ്രഹാസൻ 2014 ൽ ‘ജോൺപോൾ വാതിൽ തുറക്കുന്നു’ എന്നൊരു ചിത്രംകൂടി തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ആ ചിത്രത്തിന്റെ കഥ മലയാളത്തിന്റെ പ്രിയ കഥാകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടേതാണ്. അതൊരു ഇമോഷണൻ ത്രില്ലർ സിനിമയായിരുന്നു.)

 

പ്രതീക്ഷയിൽ മധുസാറിനൊപ്പം, സോമൻ, മോഹൻ, വിധുബാല, അംബിക, ഭവാനി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.

 

ഒ എൻ വി എഴുതി സലിൽചൗധരി സംഗീതം നൽകിയ മികച്ച നാലു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.

“നെറുകയിൽ നീ തൊട്ടു” എന്നു തുടങ്ങുന്ന ഗാനവും, “കൊച്ചു കൊച്ചു സ്വപ്നങ്ങൾ..” എന്നു തുടങ്ങുന്ന ഗാനവും എസ് ജാനകി പാടി.

 

മറ്റ് രണ്ട് പ്രശസ്തമായ ഗാനങ്ങൾ പാടിയത് യേശുദാസ്.
“ആതിരപ്പൂവണിയാൻ, ആത്മസഖീ എന്തേ വൈകി..”
“ഓർമ്മകളേ, കൈവള ചാർത്തി, വരൂ വിമൂകമീ വേദി..:”

 

#പ്രഭാതസന്ധ്യ

മധുസാർ നിർമ്മാതാവായ സിനിമ. ഉമാ സ്റ്റുഡിയോയിൽ 1979 ൽ ചിത്രീകരിച്ച നാലു ചിത്രങ്ങളിലൊന്ന്.

ചൊവ്വല്ലൂർ കൃഷ്ണൻ‌കുട്ടി ആദ്യമായി കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.  സംവിധാനം പി ചന്ദ്രകുമാർ.

മധു. എം ജി സോമൻ, ശ്രീവിദ്യ, സീമ, അംബിക മുതലായ താരങ്ങൾ അഭിനയിച്ച ചിത്രം.

ഇതിന്റെ സഹസംവിധായകരിൽ ഒരാൾ സത്യൻ അന്തിക്കാട് ആയിരുന്നു.

ശ്രീകുമാരൻ‌തമ്പി എഴുതി, ശ്യാം സംഗീതം നൽകിയ അഞ്ചു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

 

#പുഷ്യരാഗം

പ്രശസ്ത കഥാകാരൻ സി രാധാകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് പുഷ്യരാഗം. തന്റെ ആദ്യ സിനിമയായ അഗ്നി യിലെ ഏതാണ്ട് അതേ ടീമിനെത്തന്നെയാണ് ഈ ചിത്രത്തിലും ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പറയാം.

മധുസാറിനെക്കൂടാതെ ഉമ്മർ, ജയൻ, ശാരദ, ശ്രീവിദ്യ, സിൽക്ക് സ്മിത തുടങ്ങിയ താരങ്ങളുണ്ട്.

 

അഗ്നിയിലെ “സുൽത്താന്റെ കൊട്ടാരത്തിൽ കള്ളൻ കേറി..”, “തൊണ്ണൻപോക്കര്..” “മുല്ലപ്പൂമണംവീശും മൊഞ്ചത്തിപ്പുതുനാരി..” എന്നീ ഹിറ്റ് ഗാനങ്ങളെഴുതിയ ശകുന്തള രാജേന്ദ്രൻ ഈ ചിത്രത്തിന് രണ്ടുഗാനങ്ങളെഴുതി. ചേരാമംഗലം എന്നൊരു നവാഗത ഗാനരചയിതാവ് ഈ ചിത്രത്തിൽ രണ്ടുഗാനങ്ങളെഴുതി. ഏഴു ചിത്രങ്ങളിലായി മൊത്തം പന്ത്രണ്ട് ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.

 

ഗാനങ്ങൾക്ക് ഈണം നൽകിയത് എ ടി ഉമ്മറാണ്.

 

#കൃഷ്ണപ്പരുന്ത്
ആദ്യകാല സംവിധായകനായ ഒ രാംദാസിന്റെ രണ്ടാമത്തെ ചിത്രമാണിത്. ശ്രീരംഗം വിക്രമൻ‌നായരാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്.

മധു, ശ്രീവിദ്യ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗായകൻ പി ജയചന്ദ്രൻ ആദ്യമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും കൃഷ്ണപ്പരുന്തിനുണ്ട്.

 

ഓണക്കൂർ രാധാകൃഷ്ണൻ ഗാനരചന നിർവഹിച്ച ഏക ചിത്രമാണിത്. നാലു ഗാനങ്ങളിൽ മൂന്നെണ്ണം അദ്ദേഹവും ഒരെണ്ണം സംവിധായകൻ രാംദാസും എഴുതി.

ജസീന്ത എന്നൊരു ഗായികയെ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.

 രാംദാസ് എഴുതി ജയചന്ദ്രനും ജസീന്തയും ചേർന്നാലപിച്ച
“തൃശ്ശിവപേരൂരെ പൂരംകണ്ടു..” എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധേയമായി.

 

1979 കടന്നുപോവുമ്പോൾ മധു എന്ന നടൻ 20 ചിത്രങ്ങളിൽ നായകനായി.

നിർമ്മാതാവായ മധു രണ്ട് ചിത്രങ്ങൾ നിർമ്മിച്ചു – രണ്ടും പി ചന്ദ്രകുമാർ സംവിധാനം ചെയ്തു.

മധുസാറിന്റെ ഉമാ സ്റ്റുഡിയോയിൽ നാല് ചിത്രങ്ങൾ ചിത്രീകരിക്കപ്പെട്ടു.

മധു എന്ന ബഹുമുഖ പ്രതിഭ തിളങ്ങിനിന്ന വർഷം.
1980 ൽ പത്തു ചിത്രങ്ങളാണ് അദ്ദേഹം നായകനായുള്ളത്. അതിൽ ചില പ്രധാന ചിത്രങ്ങളും ഉൾപ്പെടൂന്നു.

ആ ചിത്രങ്ങൾക്കായി കാത്തിരിക്കുക.

അവയുമായി ഉടനേ വരും..

നമുക്ക് മധുസാറിനൊപ്പം, മലയാള സിനിമയുടെ ചരിത്രത്തിലൂടെയുള്ള ഈ യാത്ര തുടരാം..
കാത്തിരിക്കുക.

 

വര, എഴുത്ത് : പ്രദീപ് @Pradeep Purushothaman

#മാധവം
#Madhavam

 

 

Comments

Popular Posts