മാധവം. 21

 

മാധവം .21
മാധവത്തിന്റെ തുടക്കകാലത്താണ് ഒരു വായനക്കാരൻ ഈ എഴുത്തിൽ 'സാത്ത് ഹിന്ദുസ്ഥാനി' യെ കുറിച്ചു എഴുതുമോ എന്നു ചോദിച്ചിരുന്നു..
തീർച്ചയായും 1969 ലെ മധുസാറിന്റെ ചിത്രങ്ങൾ അടയാളപ്പെടുത്തുമ്പോൾ 'സാത്ത് ഹിന്ദുസ്ഥാനി' എന്ന ചിത്രം മാറ്റിനിർത്തി ഒരെഴുത്തില്ലെന്നാണ് മറുപടി കൊടുത്തത്.
ദാ, ആ സമയം എത്തിയിരിക്കുന്നു..
ഇന്നിൽ ആ ചിത്രത്തെ കുറിച്ചാണ്..
'സാത്ത് ഹിന്ദുസ്ഥാനി' യെ കുറിച്ച്..
#സാത്ത്ഹിന്ദുസ്ഥാനി
മലയാളത്തിൽ ഏഴു ഇന്ത്യാക്കാർ എന്നു തർജ്ജിമ ചെയ്യാം.
അൻവർ അലിയെന്ന കവി ഗോവയിൽ എത്തപ്പെടുന്നത് ബീഹാറിൽ നിന്നായിരുന്നു.
അൻവർ അലിയെ കണ്ട് അന്ന് സിനിമാലോകം അത്ഭുതം കൂറി..
മെലിഞ്ഞു ഉയരം കൂടിയ ഒരു പയ്യൻ.
അവന്റെ ആദ്യ ചിത്രം.
അൻവർ അലിയെന്ന കവിയായി ഏഴു നായകരിൽ ഒരാൾ..
ആ സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച പുതുമുഖ നടനുള്ള
ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി..
ആരായിരുന്നു ആ വെളുത്തു കൊലുന്നനെയുള്ള പയ്യൻ എന്നു മനസ്സിലായോ?
നമ്മുടെ സാക്ഷാൽ 'ബിഗ് ബി' .
മ്മ്‌ടെ അമിതാഭ് ബച്ചൻ!
കഥ
തിരക്കഥ
സംഭാഷണം
നിർമ്മാണം
സംവിധാനം
ഇതൊക്കെ ഒരുമിച്ചു ചെയ്യുന്ന ഒരാളുണ്ടായിരുന്നു..
ബാലചന്ദ്രമേനോനല്ല, അതിനും മുൻപ്..
ക്വജാ അഹമ്മദ് അബ്ബാസ് എന്ന
കെ എ അബ്ബാസ്..
അദ്ദേഹം ഒരു വിസ്മയമായിരുന്നു.
മികച്ച പത്രപ്രവർത്തകൻ, ബുദ്ധി ജീവി, എഴുത്തുകാരൻ, സിനിമാ പ്രവർത്തകൻ എന്നുവേണ്ടാ അദ്ദേഹം കൈവയ്ക്കാത്ത മേഖലകൾ കുറവായിരുന്നു..
1940 കളിൽ ഇന്ത്യൻ സിനിമയിൽ സജീവമായ അദ്ദേഹം മരണം വരെ ആ ഗ്രാഫ് ഉയർത്തികൊണ്ടേയിരുന്നു.
വിവിധ ഭാഷകളിലായി 70 പുസ്തകങ്ങൾ അദ്ദേഹത്തിൽ നിന്നുമുണ്ടായി.
1969 ലാണ് ഈ ചിത്രവുമായി അദ്ദേഹം എത്തുന്നത്.
അതേവർഷം തന്നെ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്തു.
ഇനി നമ്മുടെ സിനിമയിലേക്ക്..
ഗോവയിലെത്തിലെ അൻവർ അലിയിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ചുപേർ എത്തിച്ചേരുന്നു.
അവർക്കൊപ്പം ഗോവയിൽ നിന്നും മരിയയും.
പോർച്ചുഗീസ് ഭരണത്തിൻ കീഴിലായിരുന്ന
ഗോവയെ മോചിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
അതായിരുന്നു സിനിമയുടെ ഇതിവൃത്തവും..
അതിലെ നായകരിൽ ഒരാളായിരുന്നു മധുസാർ..
ഈ അടുത്തകാലത്ത് അദ്ദേഹം തന്നെ ഈ ചിത്രത്തെ കുറിച്ചു ഓർമ്മിച്ചെടുത്ത വാക്കുകളിലേക്ക്..
"എന്നെ സിനിമയിലേക്ക് കൊണ്ടുവന്ന രാമു കാര്യാട്ടായിരുന്നു ബോളിവുഡിലേക്കുള്ള പ്രവേശനത്തിന് അവസരമൊരുക്കിയത്. ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴു ചെറുപ്പക്കാരായ കമാൻഡോകളുടെ
കഥയായിരുന്നു #സാത്ത്ഹിന്ദുസ്ഥാനി.
നടന്മാരെ തിരഞ്ഞെടുക്കുന്നതിനിടയിൽ
മലയാളത്തിൽ നിന്നും ആരുവേണമെന്നു
സംവിധായകൻ കെ എ അബ്ബാസ് രാമു കാര്യാട്ടിനോടാണ് തിരക്കിയത്.
മധുവിനെ വിളിച്ചാൽ മതി, ഹിന്ദിയും നന്നായി അറിയാമെന്ന കാര്യാട്ടിന്റെ മറുപടിയാണ് അബ്ബാസിനെന്നിൽ താല്പര്യം ഉണ്ടാക്കിയത്.
#സാത്ത്ഹിന്ദുസ്ഥാനി യെ പറ്റി ആലോചിക്കുമ്പോൾ എനിക്കിപ്പോൾ അഭിമാനം തോന്നുന്നത് ബച്ചന്റെ കാര്യത്തിലാണ്.
ഞങ്ങൾക്കൊപ്പം അഭിനയിച്ച ബച്ചൻ പിന്നീട് ഇന്ത്യൻ സിനിമയുടെ നെറുകയിലേക്ക് ഉയർന്നുപോയി,
ബിഗ് ബിയായി.
ബച്ചന്റെ ആ ഉയർച്ച എനിക്ക് ഏറെ സന്തോഷം പകരുന്നു.
ഞാൻ ഹിന്ദിയിൽ തുടർന്നിരുന്നുവെങ്കിൽ
ഏറെക്കുറേ എഴുപതോടുകൂടി എന്നിലെ ഹീറോ മരിക്കുമായിരുന്നു.
ഒരു സ്റ്റണ്ട് നടനാകാനായിരുന്നില്ല ഞാൻ ഇഷ്ടപ്പെട്ടത്.
മലയാളത്തിൽ ഒട്ടേറെ അവസരങ്ങൾ ഉള്ളപ്പോൾ ഹിന്ദിയിൽ പോയി എന്നിലെ
നടനെ നശിപ്പിക്കാൻ എനിക്കാഗ്രഹമില്ലായിരുന്നു.
കാശിനേക്കാളേറെ ഞാൻ വിലമതിച്ചത്
സംതൃപ്തിയിലാണ്".
ഇതായിരുന്നു മധുസാർ..
ഇതായിരുന്നു ആ ചിത്രവും...
ഇനി പതിവു കണക്കെ ചിത്രത്തെ ഇഴകീറി പരിചയപ്പെടുത്തിയാൽ മധുസാറിന്റെ വാക്കുകൾ മറഞ്ഞു പോകും..
അതു പാടില്ല..
ആ മഹാനടന്റെ വരികളിൽ തന്നെ ഈ ചിത്ര വിശേഷണം പൂർത്തിയാകട്ടെ..
അതാണ് അഭികാമ്യം.
തീർച്ചയായും ഏറ്റവും അടുത്ത നിമിഷത്തിൽ #മാധവം ത്തിന്റെ പുതിയ ചിത്രവിശേഷവുമായി ഞാനെത്തും..
ആ എഴുത്തിന്റെ ചാരുത വർദ്ധിപ്പിക്കുന്ന തരത്തിൽ പുതുമയുള്ള വരകളുമായി
പ്രദീപ് മാഷും...
തത്കാലം വിട.
വര : പ്രദീപ്
Pradeep Purushothaman
എഴുത്ത് : അനിൽ
Anil Zain


Comments

Popular Posts