മാധവം. 16

 


മാധവം.16
1967 ലാണ് നമ്മൾ എത്തി നിൽക്കുന്നത്.
ഇനിയും ഒത്തിരി ദൂരം മുന്നോട്ട് പോകുവാനുണ്ട്.
ഒരുപാട് സിനിമകൾ, അതിന്റെ മുന്നണിയിലും പിന്നാണിയിലും പ്രവർത്തിച്ച പ്രഗത്ഭർ..
അവരെയൊക്കെ അടയാളപ്പെടുത്താതെ
നമുക്കെങ്ങിനെ മുന്നോട്ടു പോകുവാനാകും.
അവരിലോരോരുത്തരിലേക്കുമുള്ള സൂചികയാണ് #മധു സാർ.
കഴിഞ്ഞ രണ്ടെഴുത്തുകളിൽ 1967 ലെ ഓരോ ചിത്രങ്ങളാണ് പറഞ്ഞു വച്ചതെങ്കിൽ ഇക്കുറി ആ വർഷത്തെ മുഴുവൻ ചിത്രങ്ങളേയുമാണ് പ്രതിപാദിക്കുന്നത്.
അതുകൊണ്ടുതന്നെ വിസ്താരഭയമൊന്നു
മാത്രം കൊണ്ടു ചുരുങ്ങിയ വാക്കുകളിൽ തീർക്കുകയാണ്.
സുറുമയെഴുതിയ മിഴികളേ
പ്രണയമധുരതേൻ തുളുമ്പും
സൂര്യകാന്തി പൂക്കളേ.
വൗ..
എന്തൊരു ഗാനമാണത്..
ഇന്നും ആ പാട്ടുകേൾക്കുമ്പോൾ ആർക്കാണ് പ്രണയിക്കാൻ തോന്നാത്തത്.
അതേ, ഈ ഗാനം ഖദീജയിലേതായിരുന്നു.
മികച്ച പാട്ടുകളുള്ള ചിത്രമായിരുന്നുവത്.
ഏഴു പാട്ടുകൾ.
കഴിഞ്ഞകുറി നമ്മൾ വിശദമായി പറഞ്ഞുപോയത് യൂസഫലി കേച്ചേരിയെ കുറിച്ചായിരുന്നു.
യൂസഫലി കേച്ചേരി തന്നെയാണ് ഈ ചിത്രത്തിലെ ഗാന രചനയും നിർവ്വഹിച്ചത്.
ആരാണ് ചിട്ടപ്പെടുത്തിയാതെന്ന ചോദ്യം അപ്രസക്തം.
പാട്ടുകേട്ടാൽ തന്നെ അറിയാലോ ബാബുക്കയുടേതാണ് ആ മാന്ത്രിക വിരലുകളെന്ന്.
കെ ജി സേതുനാഥിന്റെ തിരക്കഥയിൽ എം കൃഷ്ണൻനായർ ഒരുക്കിയ ചിത്രമായിരുന്നു കദീജ.
സത്യനും ഷീലയുമായിരുന്നു മറ്റു മുഖ്യ കഥാപാത്രങ്ങൾ.
പി സുബ്രമണ്യം നിർമ്മിച്ചു കെ സുകുമാർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലേഡി ഡോക്ടർ.
വേണു നാഗവള്ളിയുടെ പിതാവ് ശ്രീ നാഗവള്ളി ആർ എസ് കുറുപ്പായിരുന്നു തിരക്കഥ ഒരുക്കിയത്.
പി. ഭാസ്‌കരൻ മാഷിന്റെ വരികൾക്ക് ദക്ഷിണാമൂർത്തി സംഗീതം നൽകി.
ഈ ചിത്രത്തിലെ നായികയും ഷീല തന്നെയായിരുന്നു.
പീ ജെ ആന്റണിയുടേതായിരുന്നു രചന.
തിരക്കഥയും അദ്ദേഹത്തിന്റേതു തന്നെ.
എം എം നേശനായിരുന്നു നിർമ്മാണവും സംവിധാനവും.
പി ഭാസ്കരൻ മാഷിന്റെ വരികൾക്ക് സംഗീതം പകർന്നത് ബി എ ചിദംബരനാഥായിരുന്നു.
ഈ ചിത്രത്തെ കുറിച്ചു പറയുമ്പോൾ അൽപ്പം കൂടി വിശദീകരിക്കാതെ പോകുന്നത് നീതികേടാണ്.
ഈ ചിത്രം നിർമ്മിച്ചത് ശ്രീ കെ.രവീന്ദ്രൻ നായരായിരുന്നു.
അദ്ദേഹത്തിന്റെ ആദ്യ ചിത്രം.
രവീന്ദ്രൻ നായരെന്നൊക്കെ പറഞ്ഞാൽ പിടികിട്ടാൻ ഇത്തിരി ബുദ്ധിമുട്ടാകും.
എന്നാൽ പിന്നെ ജനറൽ പിക്ചേഴ്സ് രവി എന്നു പറയാം.
സമാന്തര സിനിമയുടെ വക്താവായിരുന്നു രവി.
രവിയുടേതായിരുന്നു ജനറൽ പിക്ചേഴ്സ്.
ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധിക്കപ്പെട്ട പല സിനിമകളും നിർമ്മിച്ചത് രവിയായിരുന്നു.
അടൂരിന്റെ വിധേയൻ, അനന്തരം, എലിപത്തായം അരവിന്ദന്റെ പോക്കുവെയിൽ, കുമ്മാട്ടി, എസ്തപ്പാൻ, തമ്പ്, കാഞ്ചനസീത, എം ടി യുടെ മഞ് തുടങ്ങി കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു ശ്രീ രവി.
ആ രവിയുടെ ആദ്യചിത്രമായിരുന്നു അന്വേഷിച്ചു കണ്ടെത്തിയില്ല.
കഥയും തിരക്കഥയും സംഭാഷണവും പാറപ്പുറത്തിന്റേതായിരുന്നു.
പി.ഭാസ്‌കരൻ മാഷായിരുന്നു സംവിധാനം നിർവ്വഹിച്ചത്.
ഗാനരചനയും മാഷിന്റേതു തന്നെയായിരുന്നു.
ബാബുക്കയുടെ സംഗീതവും..
പോരെ, പിന്നെന്തു വേണം.
'ഇന്നലെ മയങ്ങുമ്പോൾ
ഒരുമണി കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി
കേട്ടുണർന്നു'
ഇടയ്ക്കൊക്കെ നിങ്ങളും ഈ ഗാനം മൂളുന്നുണ്ടാകില്ലേ.
'താമരകുമ്പിളല്ലോ മമഹൃദയം
ഇതിൽ താതാ നി സംഗീത മധു പകരൂ'
ഹൃദയത്തിൽ നിന്നും മാറ്റി നിർത്താൻ കഴിയാത്ത പാട്ട്..
കഴിഞ്ഞില്ല
'പാവനനാം ആട്ടിടയാ
പാത കാട്ടുക നാഥാ'
മൊത്തം അഞ്ചുപാട്ടുകളായിരുന്നു ചിത്രത്തിൽ.
സത്യനും കെ.ആർ വിജയയുമായിരുന്നു മറ്റു മുഖ്യ കഥാപാത്രങ്ങൾ.
'മഞണി പൂനിലാവ്‌ പേരാറ്റിൻ കടവിങ്കൽ
മഞ്ഞളരച്ചുവച്ചു നീരാടുമ്പോൾ'
ഈ പാട്ടു മൂളാത്ത ഒരു ദിനം പോലും എന്നിൽ കടന്നുപോകാറില്ല.
എനിക്ക് അത്രമേൽ പ്രിയപ്പെട്ട ഗാനമാണിത്.
നിങ്ങളുടെ മനസ്സിലും ഈ വരികൾ തങ്ങി നിൽക്കുന്നുണ്ടാകും.
ഭാസ്കരൻ മാഷിന്റെ തന്നെ വരികളാണ്. രാഘവൻ മാഷിന്റെ സംഗീതവും.
എടുത്തു പറയേണ്ട മറ്റൊരു ഗാനം കൂടിയുണ്ട്.
''നഗരം നഗരം മഹാ സാഗരം'
അതേ, ഇതടക്കം നാലുപാട്ടുകളാണ് നഗരമേ നന്ദി യിൽ ഉണ്ടായിരുന്നത്.
ഈ ചിത്രം നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ ഒന്നു കണ്ടു നോക്കൂ,
ഇഷ്ടമാകാതിരിക്കില്ല.
ഇന്നിലും ഏറെ പ്രസക്തിയുള്ള പ്രമേയമാണ്.
ഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്ക് പറിച്ചു മാറ്റപ്പെട്ട ഒരു കുടുംബത്തിന്റെ ജീവിതമാണ് നഗരമേ നന്ദിയിൽ പറയുന്നത്.
ഈ പ്രമേയം ആസ്പദമാക്കി അന്നും ഇന്നും വിവിധ ഭാഷകളിൽ സിനിമകൾ ഉണ്ടായിട്ടുണ്ട്.
ശോഭനാ പരമേശ്വരൻ നായർ നിർമ്മിച്ചു എ വിൻസെന്റ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന എം ടി യുടേതായിരുന്നു.
പേരുപോലെ തന്നെ ഇത്തിരി പേടിപ്പിക്കുന്ന സിനിമ തന്നെയായിരുന്നു ഇത്.
ഇംഗ്‌ളീഷ് നോവലിനെ ആസ്പദമാക്കി 1941 ൽ പ്രദർശനത്തിനെത്തിയ ഹോളിവുഡ് ചിത്രം ഡോക്‌ടർ ജാക്വൽ ആൻഡ് മിസ്റ്റർ ഹൈഡിൽ നിന്നും പ്രോചോദനം ഉൾക്കൊണ്ടു നിർമ്മിച്ച ചിത്രമായിരുന്നു കറുത്ത രാത്രികൾ.
ഇതിന്റെ നിർമ്മാതാവും സംവിധായകനും പി. സുബ്രമണ്യം ആയിരുന്നുവെങ്കിലും നിർമ്മാതാവിന്റെ പേര് മഹേഷ് എന്നാണ് കാണിച്ചിരിക്കുന്നത്.
തിരക്കഥയും സംഭാഷണവും നാഗവള്ളി ആർ എസ് കുറുപ്പ് തന്നെ.
ഒഎൻവി-ബാബുരാജായിരുന്നു സംഗീതം കൈകാര്യം ചെയ്തത്.
മങ്കട രവി വർമ്മയെ മറക്കുവാൻ കഴിയുമോ?
സമാന്തര സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു മങ്കട.
അടൂരിന്റേയും അരവിന്ദന്റേയും സന്തത സഹചാരി.
അവരൊരുമിച്ചെത്രയോ ചിത്രങ്ങൾ.
സ്വയംവരം, ഉത്തരായണം, കൊടിയേറ്റം, എലിപത്തായം, അനന്തരം, മതിലുകൾ,വിധേയൻ തുടങ്ങി എത്രയോ..
മങ്കട ആദ്യമായി ക്യാമറ കൈകാര്യം ചെയ്ത ചിത്രമായിരുന്നു അവൾ.
തോപ്പിൽ ഭാസിയുടെ രചനയിൽ പി എം എ അസീസ് സംവിധാനം ചെയ്ത അവൾ മികച്ച ഗാനങ്ങൾകൊണ്ടും സമ്പന്നമായിരുന്നു.
എങ്ങിനെ സമ്പന്നമാകാതിരിക്കും, അതുപോലുള്ള പകരം വയ്ക്കാനില്ലാത്ത പ്രതിഭകളായിരുന്നല്ലോ സംഗീതം കൈകാര്യം ചെയ്തത്.
ദേവരാജൻ മാഷും വയലാറും.
മൊത്തം അഞ്ചു പാട്ടുകളാണ് അതിൽ ഉണ്ടായിരുന്നത്.
'മൃണാളിനി മൃണാളിനി
മിഴിയിതളിൻ നിൻ മിഴിയിതളിൻ'
സുന്ദരമായ പാട്ടായിരുന്നില്ലേ...
വേണു നാഗവള്ളി യുടെ പിതാവ് നാഗവള്ളി ആർ എസ് കുറുപ്പിന്റെ ചില ചിത്രങ്ങളെ കുറിച്ചു നമ്മൾ പറഞ്ഞുപോകുമ്പോൾ ജഗതി ശ്രീകുമാറിന്റെ പിതാവ് ജഗതി എൻ കെ ആചാരിയെ സ്പർശിക്കാതെ പോകുന്നത് ശരിയല്ലല്ലോ.
ഉള്ളതുമതി യുടെ തിരക്കഥ ജഗതി എൻ കെ ആചാരിയുടേതായിരുന്നു.
കെ എസ് സേതുമാധവനായിരുന്നു സംവിധാനം നിർവ്വഹിച്ചത്.
ഡി എം പൊറ്റക്കാട് എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു രമണൻ.
ചങ്ങമ്പുഴയുടെ പ്രേമകാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിൽ രമണനായി പ്രേംനസീർ എത്തിയപ്പോൾ പ്രിയ സുഹൃത്തായ മദനനായാണ് മധു സാർ നിറഞ്ഞു നിന്നത്.
ചന്ദ്രികയായി ഷീലയും.
കവിതകൾ കൊണ്ടു സമ്പന്നമായ ചിത്രമായിരുന്നു രമണൻ.
ചങ്ങമ്പുഴയുടെ തന്നെ കവിതകൾക്ക് കെ രാഘവൻ മാഷായിരുന്നു സംഗീതം നിർവ്വഹിച്ചത്.
ചെറു കവിതാ ശകലങ്ങളടക്കം ഇരുപത് ഗാനങ്ങളായിരുന്നു ചിത്രത്തിൽ.
ഇതിൽ എടുത്തു പറയേണ്ടുന്ന മറ്റൊരു പ്രത്യേകത എന്നുപറഞ്ഞാൽ മൂന്നു ഗാനങ്ങൾ(ചെറു കവിതാ ശകലങ്ങൾ) പാടിയത് മധു സാറാണ് എന്നതാണ്.
(1)
'അറിവൂഞാൻ ചന്ദ്രിക നിഷ്കളങ്ക
പരിശുദ്ധ സ്നേഹത്തിൻ സ്വർഗ്ഗഗംഗ'
(2)
'രമണാ നീയെന്നിൽ നിന്നാ രഹസ്യം
ഇനിയും മറച്ചു പിടിക്കയാണോ
ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ
കരളല്ലേ നീയെന്റെ ജീവനല്ലേ'
(3)
'സഹകരിക്കട്ടെ സഹജാ നിന്നെ
സകലസൗഭാഗ്യവും മേൽക്കു മേലെ
ഒരു പുഷ്പ കല്ല്യാണ മണ്ഡപത്തിൽ
ഒരുമിച്ചു കണ്ടു കൃതാർത്ഥനാകും
പരിചിലി ഓമന കൊച്ചനുജൻ'
ഇതായിരുന്നു മധുസാർ പാടിയത്.
തീരുന്നില്ല,
ഇന്നും രമണനിലെ പാട്ടു മൂളാത്ത മലയാളി ഉണ്ടാകില്ല..
'കാനനഛായയിലാടു മേയ്ക്കാൻ
ഞാനും വരട്ടെയോ നിന്റെ കൂടെ'
'വെള്ളി നക്ഷത്രമേ നിന്നെ നോക്കി
തുള്ളിതുളുമ്പുകയെന്യ'
'ഏകാന്തകാമുകാ നിന്റെ മനോരഥം'
എഴുതുവാൻ തുടങ്ങിയാൽ പാട്ടവസാനിക്കില്ല..
അങ്ങിനെ നമ്മൾ 1967 എഴുതി അവസാനിപ്പിക്കുകയാണ്.
ഈ എഴുത്തിൽ മുന്നത്തെ പോലെ ഇന്നിലെ പ്രഗത്ഭരുടെ തുടക്കം കണ്ടു, മധുസാറിന്റെ പാട്ടു കേട്ടു..
മലയാളത്തിലെ ഏറ്റവും മികച്ച പാട്ടുകളിൽ പലതും ഇതിൽ പറഞ്ഞുപോയി...
ഇനി നമ്മൾ 1968 ലേക്ക് കടക്കുകയാണ്.
അതിനു മുന്നോടിയായാണ് ഈ ചിത്രം പ്രദീപ് മാഷ് വരച്ചിരിക്കുന്നത്.
അധ്യാപിക എന്ന ചിത്രത്തിലെ ചാക്കോ മാഷ്.
മികച്ച ചിത്രമായിരുന്നുവത്.
ആ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങളും ഒരുപക്ഷേ 68 ലെ മറ്റു മികച്ച ചിത്ര വിശേഷങ്ങളുമായി താമസിയാതെ വീണ്ടും നിങ്ങൾക്ക് മുന്നിൽ എത്തുംവരെ മാധവത്തിന്റെ വരയിൽ നിന്നും പ്രദീപ് മാഷും വരിയിൽ നിന്നും ഞാനും തത്കാലം വിടപറയുന്നു.
വര : പ്രദീപ്
Pradeep Purushothaman
എഴുത്ത് : അനിൽ
Anil Zain


Comments

Popular Posts