മാധവം. 63

 


മാധവം. 63

 

2010 വരെയുള്ള മധുസാറിന്റെ ചിത്രങ്ങളെപ്പറ്റിയാണ് നമ്മൾ പറഞ്ഞുനിർത്തിയത്.

 

വർഷം 2011

 

2011 ലെ ചിത്രങ്ങളിലേയ്ക്ക് നമുക്ക് കടക്കാം.

അക്കൊല്ലം നാല് ചിത്രങ്ങളുടെ ഭാഗമായി, മധുസാർ.

 

#ആഗസ്റ്റ്_15

ഷാജി കൈലാസ് സംവിധാനം ചെയ്ത ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ് ആഗസ്റ്റ് 15.

എസ് എൻ സ്വാമി കഥയും തിരക്കഥയും സംഭാഷണവുമെഴുതി.

ഇതിലെ ഡോക്ടർ ജോൺ എന്ന കഥാപാത്രത്തെയാണ് മധുസർ അവതരിപ്പിച്ചത്.

മമ്മൂട്ടി , നെടുമുടി വേണു , ശ്വേത മേനോൻ, മേഘ്ന രാജ്, സിദ്ദിഖ് , ജഗതി ശ്രീകുമാര്‍ , സായികുമാർ, ലാലു അലക്സ്, ഹരിശ്രീ അശോകൻ, ബാലചന്ദ്രൻ ചുള്ളിക്കാട്‌ , തലൈവാസൽ വിജയ്, പൂജപ്പുര രവി, മായാ മൌസുമി, കുണ്ടറ ജോണി, കൃഷ്ണ, കോഴിക്കോട് നാരായണൻ നായർ, എസ്‌ആർ രഞ്ജിത് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

 

സുനിത പ്രൊഡക്‌ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിൽ ഗാനങ്ങളൊന്നുമില്ല.

 

#ലക്കി_ജോക്കേഴ്‌സ്

 

‘മാനത്തെ കൊട്ടാരം’ ഉൾപ്പടെ 14 സിനിമകൾ സംവിധാനം ചെയ്ത സുനിൽ (വിശ്വചൈതന്യ) സംവിധാനം നിർവഹിച്ച ഈ ഹാസ്യചിത്രത്തിന്റെ കഥ സുനിലും തിരക്കഥ സാജു കൊടിയനുമാണ് എഴുതിയിരിക്കുന്നത്.  എം പി സുകുമാരൻ നായർ സംവിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ ‘ദൃഷ്ടാന്തം’, 2023 ൽ ശ്രദ്ധനേടിയ ‘ഫാലിമി’ എന്നീ ചിത്രങ്ങളുടെ കലാസംവിധായകനും സുനിലാണ്.

 

ലക്കി ജോക്കേഴ്സ് എന്ന ചിത്രത്തിൽ രാജരാജവർമ്മ എന്ന കഥാപാത്രമായാണ് മധുസാർ എത്തുന്നത്.  കൂടാതെ അനൂപ് മേനോൻ, ജഗദീഷ് , ജഗതി ശ്രീകുമാര്‍ , ഇന്ദ്രൻസ്, സായികുമാർ, ഹരിശ്രീ അശോകൻ, ജനാർദ്ദനൻ, സുരാജ് വെഞ്ഞാറമൂട്, അജ്മൽ, സാജു കൊടിയൻ, ജാഫർ ഇടുക്കി, ജയൻ ചേർത്തല, മണക്കാട് രവി, കൌശിക് ബാബു, വിദിശ, നിമിഷ സുരേഷ്, ശ്രീലത നമ്പൂതിരി , സീനത്ത്, സുബി സുരേഷ്, കൊളപ്പുള്ളി ലീല, മീനാക്ഷി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

 

സന്തോഷ് വർമ്മ, ശ്രീകുമാരൻ തമ്പി, രാജീവ് ആലുങ്കൽ, പളനിവേൽ എന്നിവരെഴുതിയ നാലു ഗാനങ്ങളുണ്ട്.  ബേണി ഇഗ്നേഷ്യസ്, എം ജയചന്ദ്രൻ എന്നിവരാണ് സംഗീതം നൽകിയിരിക്കുന്നത്.

 

#ഉമ്മ

 

വിജയകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മധുസാറിനൊപ്പം ശോഭ മോഹന്‍,കൊച്ചുപ്രേമന്‍,ശ്രീഹരി,രഞ്ജിത്ത് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഈ ചിത്രത്തിൽ മധുസാർ അവതരിപ്പിച്ചത് ശ്രീധരൻ‌നായർ എന്ന കഥാപാത്രത്തെയാണ്.

 

ഈ ചിത്രത്തിൽ ഗാനങ്ങളൊന്നുമില്ല.

 

 

വർഷം 2012

 

ഈ വർഷം മധുസാർ ഭാഗമായ മികച്ച ആറു ചിത്രങ്ങളാണുള്ളത്.

അതിലേറ്റവും പ്രധാനപ്പെട്ട ചിത്രമാണ് സ്പിരിറ്റ്.

 

#സ്പിരിറ്റ്

2012 ൽ വളരെയധികം ശ്രദ്ധനേടിയ ചിത്രമാണ് രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റ്. 

 

ലഹരിക്കടിമയായി ജീവിതം എങ്ങോട്ടെന്നില്ലാതെ ഒഴുകിയ ജീനിയസ്സായ ഒരു പത്രപ്രവർത്തകൻ ലഹരിയുടെ വിപത്തുകൾ തിരിച്ചറിയുകയും കുടുംബ – സാമൂഹ്യ പ്രതിബദ്ധതയുള്ള ജീവിതത്തിലേയ്ക്ക് മടങ്ങിവരികയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോഹൻലാലിന്റെ മികച്ച വേഷങ്ങളിലൊന്നായി ഇതിലെ നായക കഥാപാത്രം കണക്കാക്കപ്പെടുന്നു. വളരെ വ്യത്യസ്തമായ കേണൽ മേനോൻ എന്ന മധുസാർ അവതരിപ്പിച്ച കഥാപാത്രവും വളരെ ശ്രദ്ധ പിടിച്ചുപറ്റി.

 

ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ കനിക , ലേനാ കുമാർ, തിലകൻ, ടിനി ടോം , നന്ദു, ഗോവിന്ദന്‍കുട്ടി, ശങ്കർ രാമകൃഷ്ണൻ, മാസ്റ്റര്‍ പ്രജുല്‍, സിദ്ധാർത്ഥ് ഭരതൻ, സുരാജ് വെഞ്ഞാറമൂട്, കല്‍പ്പന, ശ്രീലത നമ്പൂതിരി , ഗണേഷ് കുമാർ, ശശി കലിംഗ, ശിവജി ഗുരുവായൂർ, ടി പി മാധവൻ, വിജയ് മേനോന്‍, ജയരാജ് വാരിയർ , വി കെ ശ്രീരാമൻ, ആദിനാട് ശശി, കോട്ടയം പദ്മൻ എന്നിവരും അഭിനയിച്ചിരിക്കുന്നു.

 

റഫീക്ക് അഹമ്മദ് എഴുതി, ഷാഹബാസ് അമൻ സംഗീതം നൽകിയ മൂന്നു ശ്രദ്ധേയമായ ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

 

“ഈ ചില്ലയിൽനിന്നു..” (യേശുദാസ്), “മരണമെത്തുന്ന നേരത്ത്..”(ഉണ്ണിമേനോൻ), “മഴകൊണ്ടുമാത്രം..” (വിജയ് യേശുദാസ്, ഗായത്രി അശോകൻ) ഇവയെല്ലാം ഏറെ ശ്രദ്ധേയമായ ഗാനങ്ങൾ.

 

ഈ ചിത്രത്തിന് 2012 ലെ മികച്ച ഗാനരചയിതാവിനും( റഫീക്ക് അഹമ്മദ്), മികച്ച ഗായകനും (വിജയ് യേശുദാസ്) ഉള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ലഭിച്ചു. കൂടാതെ 2012 ലെ മികച്ച ഗായികയ്ക്കുള്ള വേൾഡ് മലയാളി കൗൺസിൽ പുരസ്കാരം ഗായത്രിയ്ക്ക് ഈ ചിത്രത്തിലെ ഗാനാലാപനത്തിന് ലഭിച്ചു.

 

#പ്രഭുവിന്റെ_മക്കൾ

2012  ൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും വ്യത്യസ്തമായതും എന്നാൽ സമകാലികവുമായ വിഷയങ്ങൾ കൈകാര്യം ചെയ്തതുമായ സിനിമ.  അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിക്കുന്ന സിനിമ.

 

സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യ സിനിമയാണിത്. ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം ഇവയും എഴുതിയത് സംവിധായകൻ‌തന്നെയാണ്.

 

ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രവും നാട്ടിലെ പൊതുസമ്മതനുമായ വിശ്വനാഥ പ്രഭു എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിക്കുന്നത്.

ജഗതി ശ്രീകുമാർ,  ഇന്ദ്രൻസ്, കലാഭവൻ മണി , മാള അരവിന്ദൻ, സലിം കുമാര്‍, കലാഭവൻ മണി , ഹരിശ്രീ അശോകൻ, അനൂപ് ചന്ദ്രൻ, സുരാജ് വെഞ്ഞാറമൂട്, വി കെ ശ്രീരാമൻ, പ്രകാശ് ബാരെ, സ്വാസിക വിജയ് , അംബികാമോഹൻ, വിനയ് ഫോര്‍ട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

 

ചങ്ങമ്പുഴയുടെ “ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങൾ..” എന്ന കവിതയുൾപ്പടെ അഞ്ചു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. മറ്റു നാലു ഗാനങ്ങൾ രചിച്ചത് സംവിധായകനായ സജീവൻ അന്തിക്കാടുതന്നെയാണ്. ഇതിന്റെ സംഗീതസംവിധാനം നിർവഹിച്ചത് അറയ്ക്കൽ നന്ദകുമാർ, ജോയ്യ് ചെറുവത്തൂർ എന്നിവരാണ്.

 

ഗായകർ പി ജയചന്ദ്രൻ, ജി വേണുഗോപാൽ, പ്രദീപ് പള്ളുരുത്തി, മധു ബാലകൃഷ്ണൻ, മഹിത എന്നിവരും.

 

#മഹാത്മാ_അയ്യങ്കാളി
കേരളത്തിന്റെ എക്കാലത്തെയും വലിയ വിപ്ലവസൂര്യൻ മഹാത്മാ അയ്യങ്കാളിയുടെ ജീവചരിത്രം ആസ്പദമാക്കി സൂര്യദേവ സംവിധാനം ചെയ്ത ചിത്രം.  ഇതിന്റെ  കഥയും തിരക്കഥയും സൂര്യദേവതന്നെയാണ്. സംഭാഷണം – രതീഷ് കൃഷ്ണ.

 

ഊറ്റത്ത് പരമേശ്വരൻ പിള്ള എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മധുസാർ അവതരിപ്പിച്ചത്. സാജു, സിജിലാൽ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

 

വിജയ്, കൃഷ്ണലേഖ, സൂര്യാസ്എന്നിവരെഴുതിയ അഞ്ചു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. സംഗീതം വിജയ് കൃഷ്ണ.

ഗായകർ :  അനീശ്യ വിൻസെന്റ് , കെ എസ് ചിത്ര , എം ജി ശ്രീകുമാർ , നയന , റാഫി, സോമൻ കോഴിക്കോട്

 

#വൈറ്റ്_പേപ്പർ

രാധാകൃഷ്ണൻ മംഗലത്ത് രണ്ടാമത് സംവിധാനം ചെയ്ത ചിത്രമാണ് വൈറ്റ് പേപ്പർ. സലിൻ മാങ്കുഴി കഥയും തിരക്കഥയും സംഭാഷണവുമെഴുതി.

 

മധുസാർ ഒരു മാനസികരോഗ വിദഗ്ദ്ധന്റെ വേഷത്തിലെത്തിയ ഈ ചിത്രത്തിൽ നെടുമുടി വേണു, ലെന, ജഗദീഷ് , എം ആർ ഗോപകുമാർ, സുരാജ് വെഞ്ഞാറമൂട്, മധുപാൽ, ദിനേശ് പണിക്കര്‍, സാജൻ സൂര്യ, ബാലചന്ദ്രൻ ചുള്ളിക്കാട്‌ , രാജേഷ് ഹെബ്ബർ എന്നിവരും വേഷമിട്ടിട്ടുണ്ട്.

 

മുരുകൻ കാട്ടാക്കട എഴുതി എം ജി ശ്രീകുമാർ സംവിധാനം ചെയ്ത രണ്ട് ഗാനങ്ങൾ, എം ജി ശ്രീകുമാറും ശ്വേതാമോഹനും പാടിയിരിക്കുന്നു.

 

 

#എട്ടേകാൽ_സെക്കന്റ്

ഒരു പുരുഷന്‍ ഒരു സ്ത്രീയെ ഇഷ്ടപ്പെടാന്‍ വെറും എട്ടേകാല്‍ സെക്കന്റ് മതിയത്രേ!.  ഈ സമയത്തിനുള്ളില്‍ ഒരു പുരുഷന്‍ പെണ്‍കുട്ടിയെ, വെറുക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യുമെന്നും പറയുന്നു. ഈ പ്രമേയത്തിലൂന്നി കനകരാജന്റെ ആദ്യ സംവിധാന സംരംഭമായ സിനിമയാണ് എട്ടേകാൽ സെക്കന്റ്.

 

കഥ, തിരക്കഥ, സംഭാഷണം : ടോമി ജോൺ

 

ഈ ചിത്രത്തിൽ മധുസാറിനെക്കൂടാതെ വിജയരാഘവൻ, ഗോവിന്ദ് പദ്മസൂര്യ , മിയ ജോർജ്ജ് , സുരാജ് വെഞ്ഞാറമൂട്, ഊര്‍മ്മിള ഉണ്ണി, പി ശ്രീകുമാർ എന്നിവരുമുണ്ട്.

 

മൂന്ന് ഗാനങ്ങൾ.

രചന : റഫീഖ് അഹമ്മദ്

സംഗീതം : കോളിന്‍ ഫ്രാന്‍സിസ്, കെ സന്തോഷ്‌

ഗായകർ : കെ എസ് ചിത്ര , കാർത്തിക്ക് , സായനോര ഫിലിപ്പ് , സിതാര കൃഷ്ണകുമാർ , വിജയ്‌ യേശുദാസ്‌

 

#കുക്കിലിയാർ

എവിടെനിന്നോ വന്നെത്തിയതും പേരും ഊരുമില്ലാത്തതുകൊണ്ടും നാട്ടുകാര്‍ അയാളെ കുക്കിലിയാര്‍ എന്ന് പേരിട്ട് വിളിച്ചു.

കുക്കിലിയാരുടെ കഥ പ്രേം ജി എഴുതിയതാണ്. തിരക്കഥയും സംഭാഷണവും  മാടമ്പ് കുഞ്ഞൂക്കുട്ടൻ. നേമം പുഷ്പരാജ് സംവിധാനം നിർവഹിച്ച സിനിമ.

 

പ്രധാന കഥാപാത്രമായ കുക്കിലിയാരായി മനോജ് കെ ജയൻ അഭിനയിക്കുന്നു. പ്രൊഫസറുടെ വേഷത്തിൽ മധുസാറും എത്തുന്നു.

മറ്റ് അഭിനേതാക്കൾ : ഗീത, ഇന്ദ്രൻസ്, മണിയൻപിള്ള രാജു, മാള അരവിന്ദൻ, പ്രകാശ് ബാരെ, അർച്ചനാ കവി, സുധീഷ് , സജിത്ത് രാജ്, ഉല്ലാസ് പന്തളം, വിക്കി, ദീപൻ, അരിയന്നൂർ ഉണ്ണി, വികെ ഉണ്ണികൃഷ്ണന്‍ , സുകുമാരി

 

2013 മുതലുള്ള, മധുസാറിന്റെ ചിത്രങ്ങളുമായി നമുക്ക് അടുത്ത ഭാഗത്ത് തുടരാം.

ഈ യാത്രയിൽ ഒപ്പമുണ്ടാവുക

 

 

വര, എഴുത്ത് : പ്രദീപ്

 

#മാധവം
#Madhavam

 

 


Comments

Popular Posts